
StudyatChanakya Admin
Aug 13,2020
1:36pm
സൂര്യനിലേക്കൊരു യാത്ര!
സൂര്യന്റെ രഹസ്യങ്ങൾ തേടിയൊരു സഞ്ചാരം. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയും യൂറോപ്യൻ സ്പേസ് ഏജൻസിയും ചേർന്നു നടത്തുന്ന ആ ദൗത്യത്തിന്റെ പേരാണ് സോളാർ ഓർബിറ്റർ (Solar Orbiter). 2020 ഫെബ്രുവരിയിൽ യാത്ര ആരംഭിച്ച ആ പര്യവേക്ഷണ പേടകം ആദ്യമായി സൂര്യന്റെ ചിത്രങ്ങൾ ഭൂമിയിലേക്ക് അയച്ചു. ശാസ്ത്രലോകത്തെ മുഴുവൻ ആവേശത്തിലാഴ്ത്തിയ ആ വാർത്ത നാസയും യൂറോപ്യൻ സ്പേസ് ഏജൻസിയും ചേർന്ന് പുറത്തുവിട്ടു. സൂര്യന്റെ ഏറ്റവും അടുത്തുനിന്നുള്ള ഫോട്ടോയാണത്. സൂര്യനിൽ ആഴി കൂട്ടിയതുപോലെ കത്തിജ്വലിക്കുന്ന ഭാഗത്തിന്റെ ചിത്രം സോളാർ ഓർബിറ്ററിന് ലഭിച്ചു. സൂര്യന്റെ ഉപരിതലത്തിൽനിന്ന് ഏതാണ്ട് 7.7 കോടി കിലോമീറ്റർ അകലെനിന്നായിരുന്നു ഈ പടമെടുക്കൽ.
സൂര്യന്റെ ഒരു ചിത്രം. അതിലെന്താണ് ഇത്ര പുതുമ എന്നായിരിക്കും. പുതുമയുണ്ട്. കാരണം,സൗരയൂഥത്തിന്റെ കേന്ദ്രമാണെങ്കിലും മനുഷ്യന് സൗരയൂഥത്തിൽ ഏറ്റവും കുറവ് അറിവുള്ളത് സൂര്യനെക്കുറിച്ചാണ്. മറ്റു ഗ്രഹങ്ങളിലേക്കും സൗരയൂഥത്തിന്റെ പരിധിയ്ക്കപ്പുറത്തേയ്ക്കുമൊക്കെ മനുഷ്യൻ പല പര്യവേക്ഷണ വാഹനങ്ങളും അയച്ചിട്ടുണ്ട്. എന്നാൽ, സൂര്യനിലേക്കുള്ള പര്യവേക്ഷണങ്ങൾ വളരെ കുറവായിരുന്നു. കാരണം മറ്റൊന്നുമല്ല, അടുക്കാൻ പറ്റാത്ത അത്ര ചൂടിൽ ഏതുനേരവും കത്തിജ്വലിച്ചുകൊണ്ടിരിക്കുകയാണ് സൂര്യൻ. മനുഷ്യൻ അടക്കമുള്ള സകല ജീവജാലങ്ങളുടെയും നിലനിൽപിന് കാരണക്കാരനായ നക്ഷത്രം. വെളിച്ചമായും ചൂടായും ഊർജം പുറത്തുവിട്ടുകൊണ്ട് ഭൂമിയിൽ ജീവൻ നിലനിർത്തുന്നത് സൂര്യനാണ്. ആകാശഗംഗ എന്ന നക്ഷത്ര സമൂഹത്തിലെ ഒരു നക്ഷത്രമായ സൂര്യൻ ഏതാണ്ട് 460.3 കോടി വർഷങ്ങൾക്കു മുൻപാണ് രൂപപ്പെട്ടത് എന്നു കരുതുന്നു. 13.9 ലക്ഷം കിലോമീറ്റർ വ്യാസമുള്ള സൂര്യനാണ് സൗരയൂഥത്തിലെ ഏറ്റവും വലുപ്പക്കാരൻ. സൗരയൂഥത്തിന്റെ 99.8 ശതമാനവും സൂര്യന്റെ ഭാരമാണ്. സൂര്യന്റെ ഭാരത്തിൽ ഏറിയ പങ്കും ഹൈഡ്രജനും പിന്നീട് ഹീലിയവും ആണ്. ന്യൂക്ലിയർ ഫ്യൂഷൻ അഥവാ അണുസംയോജനം വഴിയാണ് സൂര്യനിൽ ഊർജോത്പാദനം നടക്കുന്നത്. ഇനിയും 500 കോടി വർഷം ജ്വലിച്ചു നിൽക്കാനുള്ളത്ര ഇന്ധനം സൂര്യനിൽ ഉണ്ട്.
സൂര്യനും സോളാർ ഓർബിറ്ററും
സൂര്യന്റെ രഹസ്യങ്ങൾ തേടി 2020 ഫെബ്രുവരി 10-നാണ് സോളാർ ഓർബിറ്റർ ഭൂമിയിൽനിന്ന് യാത്ര തിരിച്ചത്. നാസയുടെ ഫ്ലോറിഡയിലുള്ള വിക്ഷേപണത്തറയിൽ നിന്ന് അറ്റ്‌ലസ് V 411 എന്ന റോക്കറ്റാണ് ഓർബിറ്ററിനെ ഭ്രമണപഥത്തിൽ എതാൻ സഹായിച്ചത്. യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ശാസ്ത്ര പദ്ധതിയായ കോസ്‌നിക് വിഷൻ 2015-2025-ന്റെ ഭാഗമായാണ് ഈ സൗര നിരീക്ഷണ പദ്ധതി ആവിഷ്കരിച്ചത്. ഓർബിറ്ററും അതിന്റെ ഭാഗങ്ങളുമെല്ലാം യൂറോപ്യൻ സ്പേസ് ഏജൻസി നിർമിച്ചു. വിക്ഷേപണം മുതലുള്ള കാര്യങ്ങളിൽ നാസയും ഈ പദ്ധതിയോട് സഹകരിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ രണ്ട് ബഹിരാകാശ ഏജൻസികൾ സഹകരിച്ചു നടത്തുന്ന ഈ പദ്ധതിയുടെ കാലാവധി ഏഴു വർഷമാണ്. മൂന്നുവർഷത്തേക്ക് കൂടി പദ്ധതി നീട്ടാനും കഴിയും. 0സൂര്യന്റെ ഉൾഭാഗങ്ങളെക്കുറിച്ച് കൂടുതൽ അറിയുക, സൂര്യന്റെ ഉപരിതലത്തിന്റെ ഇതുവരെ കിട്ടാത്ത ചിത്രങ്ങൾ എടുക്കുക എന്നിവയൊക്കെയാണ് സോളാർ ഓർബിറ്ററിന്റെ പ്രധാന ലക്ഷ്യങ്ങൾ. ഇപ്പോൾ എടുത്തിരിക്കുന്ന ചിത്രങ്ങൾ ഇതിലെ ആദ്യത്തെ ചിലതു മാത്രമാണ്. ഇനിയഞ്ജം ഏറെ ദൂരം സഞ്ചരിക്കുന്ന ഓർബിറ്റർ കൂടുതൽ വ്യക്തമായ ചിത്രങ്ങൾ എടുക്കുമെന്നും സൂര്യന്റെ രഹസ്യങ്ങൾ പുറത്തു കൊണ്ടുവരുമെന്നും ഗവേഷകർ പ്രതീക്ഷിക്കുന്നു. സോളോ (solO) എന്ന ചുരുക്കപ്പേരിലാണ് സോളാർ ഓർബിറ്റർ അറിയപ്പെടുന്നത്.
പാർക്കർ സോളാർ പ്രോബ്
സൂര്യനെ തേടി യാത്ര തിരിച്ച മറ്റൊരു പര്യവേക്ഷണ വാഹനമാണ് പാർക്കർ സോളാർ പ്രോബ് (Parker Solar Prob). 2018 ഓഗസ്റ്റിൽ നാസ ആണ് ഇത് വിക്ഷേപിച്ചത്. സൂര്യനെ ഏറ്റവും അടുത്തുനിന്ന് നിരീക്ഷിച്ച പര്യവേക്ഷണ വാഹനമാണിത്. സൂര്യന്റെ ഉപരിതലത്തിൽനിന്ന് 61.6 ലക്ഷം കിലോമീറ്റർ ദൂരെ വരെ എത്തിച്ചേർന്ന പാർക്കർ പ്രോബിന് പക്ഷെ, സൂര്യന്റെ നേർക്കുനേരെയില്ല ചിത്രങ്ങൾ എടുക്കാൻ കഴിഞ്ഞില്ല. ഇത്തരം സംവിധാനങ്ങളോടു കൂടിയാണ് സോളാർ ഓർബിറ്റർ പോയിരിക്കുന്നത്.