StudyatChanakya Admin
Jul 22,2020
3:42pm
സസ്യലോകത്തെ സൂപ്പർസ്റ്റാറുകൾ!
നൂറു സെന്റീമീറ്ററിലധികം വ്യാസമുള്ള വമ്പൻ പുഷ്പം. അതാണ് റഫ്ലേഷ്യ. എന്നാൽ ദുർഗന്ധം കാരണം ഈ പൂവിന്റെ ഏഴയലത്ത് പോലും ചെല്ലാൻ സാധിക്കില്ല. ഇനി വേറെ ഒരു കൂട്ടരുണ്ട്. പ്രാണികളെ തിന്നുന്നതിലാണ് ആനന്ദം. കൂട്ടത്തിൽ മികച്ച കലാകാരൻമാരും ഉണ്ട്. സസ്യലോകത്തു വേറിട്ടു നിൽക്കുന്ന ഈ പുലിക്കുട്ടികളെ പരിചയപ്പെട്ടാലോ?
വലുപ്പത്തിൽ റഫ്ലേഷ്യ
ലോകത്തിലെ ഏറ്റവും വലിയ പുഷ്പമാണ് റഫ്ലേഷ്യ. അഞ്ച് ഇതളുകളുള്ള ഈ പൂവിന് പത്തു കിലോയോളം ഭാരമുണ്ടാകും. എത്ര വലുപ്പം ഉണ്ടെങ്കിലെന്താ. ചീഞ്ഞ മാംസത്തിന്റെ ദുർഗന്ധമാണ് ഈ പൂവിന്. ഒരാഴ്ചയാണ് പുഷ്പത്തിന്റെ ആയുസ്. ഇലയോ തണ്ടോ ഇല്ലാത്ത റഫ്ലേഷ്യ പരാദ സസ്യത്തിന്റെ ഗണത്തിലാണ് പെടുന്നത്. ഇന്തോനേഷ്യയിലും മലേഷ്യയിലും ആണ് റഫ്ലേഷ്യ അധികം കാണപ്പെടുന്നത്.
ഉയരക്കാരൻ ടൈറ്റൻ ആരം
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പുഷ്പമാണ് ടൈറ്റൻ ആരം. ഒറ്റ നോട്ടത്തിൽ ചേനയുടെ പൂവാണെന്നു തോന്നും. എന്നാൽ മൂന്നു മീറ്ററോളം ഉയരമുണ്ട്. കാഴ്ചയിൽ പൂവ് പോലെ തോന്നുമെങ്കിലും ഇതു ശരിക്കും പൂങ്കുലയാണ്. റഫ്ലേഷ്യ പോലെ ഈ ചെടിയും ദുർഗന്ധത്തിന് പേരു കേട്ടതാണ്. ചെടിക്ക് നൂറു കിലോയോളം ഭാരമുണ്ട്.
കില്ലർ പിച്ചർ പ്ലാന്റ്
പ്രാണികളുടെ പേടി സ്വപ്നമാണ് പിച്ചർ ചെടികൾ അഥവാ നെപ്പന്തസ്. സസ്യ വിഭാഗത്തിലെ നോൺ വെജിറ്റേറിയൻ ആണ് കക്ഷി. ഈ ചെടിയുടെ ഇലയുടെ അറ്റത്ത് നീളമുള്ള കൂജ പോലുള്ള ഭാഗമുണ്ട്. ഇതൊരു കെണിയാണ്. (ഇംഗ്ലിഷിൽ കൂജയ്ക്ക് Pitcher എന്നു പേരുണ്ടല്ലോ. ഇതിൽ നിന്നാണ് സസ്യത്തിന് ഈ പേരു വന്നത്.) ഇതിൽ മധുരമുള്ള കൊഴുപ്പു ദ്രാവകം നിറഞ്ഞിരിക്കും. ദ്രാവകം കുടിക്കാതെത്തുന്ന പ്രാണികൾ കെണിയിൽ അകപ്പെടുന്നു. ഉടനെ ഇലയുടെ അടപ്പു പോലുള്ള ഭാഗം വന്നടയും. പിന്നെ പതിയെ ഇരയെ ദഹിപ്പിച്ച് പോഷകം വലിച്ചെടുക്കും. നൈട്രജന്റെ കുറവു നികത്താനുള്ള ചെടിയുടെ സൂത്രമാണിത്. വലിയ ഇനം പിച്ചർ ചെടികൾ എലികളെയും പാമ്പിനെയും വരെ ആഹാരമാക്കാറുണ്ട്!
വീനസ് ഫ്ലൈ ട്രാപ്
പിച്ചർ ചെടികൾ പോലെ പ്രാണിപിടിയൻ സസ്യമാണ് വീനസ് ഫ്ലൈ ട്രാപ്. എലിക്കെണി പോലെയാണ് ഈ ചെടി പ്രവർത്തിക്കുന്നത്. കാഴ്ചയിൽ കക്കയുടെ തോട് തുറന്നു വച്ചതു പോലെയിരിക്കും . വശങ്ങളിൽ കൂർത്ത മുള്ളുകളുണ്ട്. ഉൾവശത്തിന് നല്ല ചുവപ്പ് നിറമാണ്. ഇതിൽ ധാരാളം കൊഴുപ്പ് ദ്രാവകം നിറഞ്ഞിരിക്കും. പ്രാണികൾ ഇതു കുടിക്കാൻ എത്തുന്നതോടെ കെണിയുടെ രണ്ടു ഭാഗങ്ങളും ചേര്‍ന്ന് അടഞ്ഞു തുടങ്ങും. പേടിച്ച പ്രാണി പിടയ്ക്കുന്നതോടെ കെണി പൂർണമായി അടയും. അകത്ത് ഇരയെ ദഹിപ്പിക്കാനുള്ള രാസാഗ്നികള്‍ ധാരാളമുണ്ട്. കുറെ ദിവസം കൊണ്ടാണ് ദഹന പ്രക്രിയ പൂർത്തിയാകുന്നത്. ഇതു കഴിയുമ്പോൾ കെണികള്‍ വീണ്ടും തുറന്നു ദഹിക്കാതെ അവശേഷിക്കുന്ന അവശിഷ്ടങ്ങള്‍ പുറംതള്ളുന്നു. കേട്ടിട്ട് ഒരു ഹൊറർ സിനിമ പോലെ ഉണ്ട്. അല്ലേ?
നിഷ്ക്കളങ്കരല്ലാത്ത സൺഡ്യൂ ചെടികൾ
പേരിലെ മഞ്ഞു തുള്ളിയുടെ നൈർമല്യം ഒന്നു ഈ ചെടിയുടെ സ്വഭാവത്തിൽ ഇല്ല. സൺഡ്യൂ ചെടിയുടെ ഇലകളുടെ മുകൾ ഭാഗം മുഴുവൻ നേർത്ത രോമങ്ങൾ നിറഞ്ഞിരിക്കും. ഇതിൽ പശയുള്ള ഒരു സ്രവം ഉണ്ട്. വെയിലേൽക്കുമ്പോൾ ഇവ മഞ്ഞുതുള്ളി പോലെ തിളങ്ങും. ആകർഷകമായ മണവുമുണ്ട്. ഇതെല്ലാം കണ്ട് എത്തുന്ന പാവം പ്രാണിയുടെ കാര്യം പോക്കു തന്നെ. ഈ ചെടികൾ അവയെ പിടിച്ച് അകത്താക്കും!
ഡാൻസിങ് പ്ലാന്റ്
അടിപൊളി ഡാൻസ് കാഴ്ച വയ്ക്കുന്ന ചെടികളാണ് Codariocalyx motorius. ടെലിഗ്രാഫ് ചെടി എന്നും പേരുണ്ട്. പ്രകാശത്തിനും ഉയർന്ന ആവൃത്തിയിലുള്ള ശബ്ദത്തിനും സ്പർശനത്തിനും എല്ലാം അനുസരിച്ച് ഈ ചെടികൾ പ്രതികരിക്കും. കാഴ്ചയിൽ നല്ലൊന്താരം ഡാൻസ് തന്നെ. നമ്മുടെ നാട്ടിൽ കാണുന്ന തൊഴുകണ്ണി അഥവാ രാമനാമപ്പച്ച ഈ ഇനം ചെടിയാണ്. തൊഴുകണ്ണിയുടെ തണ്ടിലെ ചെറിയ ഇലകൾ എപ്പോഴും വിടരുകയും കൂമ്പുകയും ചെയ്തുകൊണ്ടിരിക്കും. അടുത്തുചെന്ന് സംസാരിച്ചാൽ ഇതിന്റെ ഇലകൾ കൂമ്പി തൊഴുന്നതുപോലെയാകും.