
Vidya Bibin
Jul 29,2020
4:34pm
വിദ്യാര്‍ത്ഥികളുടെ അഭിരുചിക്കനുസരിച്ചുള്ള കരിയര്‍ കണ്ടെത്താന്‍ വിദ്യാ സാരഥി
അങ്ങനെ കൂട്ടുകാര്‍ കാത്തിരുന്ന പ്ലസ് ടു ഫലവും വന്നു. അടുത്തത് ജീവിതത്തിന്റെ മുന്നോട്ടുള്ള ഗതി നിര്‍ണ്ണയിക്കുന്ന ഉപരിപഠനമാണ്. ചില കൂട്ടുകാരൊക്കെ ഏത് കോഴ്‌സിനു ചേരണം, ഏത് കരിയറില്‍ എത്തണം എന്നൊക്കെ സ്‌കൂള്‍ കാലഘട്ടത്തില്‍ തന്നെ ആലോചിച്ച് തീരുമാനിച്ചിട്ടുണ്ടാകും. വളരെ നല്ലത്. ഇനി അങ്ങനെ കൃത്യമായ തീരുമാനങ്ങളൊന്നും എടുക്കാത്ത വിദ്യാര്‍ത്ഥികളും വിഷമിക്കേണ്ട. ഇപ്പോള്‍ ആ ചിന്ത തുടങ്ങിയാലും മതി.
ജീവിത യാത്രയില്‍ വിജയിക്കാന്‍ ഏത് കോഴ്‌സ് തിരഞ്ഞെടുക്കണം എന്ന തീരുമാനം നിങ്ങളുടെ അഭിരുചിയെയും താത്പര്യങ്ങളെയും അടിസ്ഥാനപ്പെടുത്തിയിരിക്കുന്നു. അഭിരുചിക്ക് അനുസരിച്ചുള്ള ജോലി മാത്രമേ പില്‍ക്കാലത്തും സംതൃപ്തി നല്‍കുകയുള്ളൂ. തങ്ങളുടെ അഭിരുചി കണ്ടെത്താന്‍ ഇനിയും കഴിഞ്ഞിട്ടില്ലാത്ത കുട്ടികള്‍ക്ക് അതിനായി മാതാപിതാക്കളെയോ അധ്യാപകരെയോ പ്രഫഷണല്‍ കരിയര്‍ കൗണ്‍സിലറെയോ ഒക്കെ സമീപിക്കാവുന്നതാണ്. അഭിരുചി കണ്ടെത്താന്‍ കൂട്ടുകാരെ സഹായിക്കുന്ന ഒരു പോര്‍ട്ടല്‍ ഇത്തവണ പരിചയപ്പെടുത്താം.
വിവിധ പ്രായത്തിലുള്ള വിദ്യാര്‍ത്ഥികളുടെ താത്പര്യങ്ങളും അഭിരുചിയും നിര്‍ണ്ണയിച്ച് അവരുടെ കരിയര്‍ പാത തിരഞ്ഞെടുക്കാന്‍ സഹായിക്കുന്ന ഈ പോര്‍ട്ടലിന്റെ പേരാണ് വിദ്യാസാരഥി.(https://www.vidyasaarathi.co.in/) പേരു സൂചിപ്പിക്കുന്നത് പോലെ തന്നെ നിങ്ങളുടെ വിദ്യാഭ്യാസത്തില്‍ ഒരു സാരഥിയുടെ റോള്‍ മാത്രമേ ഈ വെബ്‌സൈറ്റിനുള്ളൂ. എന്‍എസ്ഡിഎല്‍ ഇ-ഗവേണന്‍സ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡാണ് ഈ പോര്‍ട്ടല്‍ പുറത്തിറക്കിയിരിക്കുന്നത്.
അഭിരുചി പരീക്ഷ, വ്യക്തിത്വ പരീക്ഷ, താത്പര്യ പരീക്ഷ എന്നിങ്ങനെ മൂന്ന് തരം ടെസ്റ്റുകളാണ് വിദ്യാസാരഥി കൂട്ടുകാര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. ഒരു വ്യക്തിയെന്ന നിലയില്‍ നിങ്ങളുടെ ശക്തി, ദൗര്‍ബല്യങ്ങള്‍ വിലയിരുത്തുന്ന ഈ ഓണ്‍ലൈന്‍ ടെസ്റ്റുകള്‍ നിങ്ങള്‍ക്ക് ചേരുന്ന കരിയറുകളെ കുറിച്ച് വ്യക്തമായ ഉള്‍ക്കാഴ്ച നല്‍കും. 6-11 വയസ്സ്, 12-17 വയസ്സ്, 18 വയസ്സിനും മുകളില്‍ ഇങ്ങനെ വിവിധ പ്രായ ഗ്രൂപ്പുകളിലായി തിരിച്ചാണ് അഭിരുചി കണ്ടെത്തുക.
പോക്കറ്റിലൊതുങ്ങുന്ന ചെറിയ തുകയ്ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വിദ്യാസാരഥി പോര്‍ട്ടല്‍ നല്‍കുന്നു. ഉന്നത പഠനത്തിനായി പോകുമ്പോള്‍ സഹായകമായ വിവിധ സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കുന്നതിനുള്ള സൗകര്യവും പോര്‍ട്ടല്‍ നല്‍കുന്നുണ്ട്.