
StudyatChanakya Admin
Jul 29,2020
5:22pm
കറുപ്പ് യുദ്ധം
(പത്താംക്ലാസ് സാമൂഹികശാസ്‌ത്രം ഒന്നിലെ ‘സാമ്രാജ്യത്വവും ഒന്നാം ലോകമഹായുദ്ധവും’ എന്ന അധ്യായവുമായി ബന്ധപ്പെട്ട ലേഖനം).
ചരിത്രത്തിൽ ഇടംപിടിച്ചതാണ് കറുപ്പു യുദ്ധം അഥവാ ഓപിയം വാർ. ചൈനീസ് ഉൽപന്നങ്ങളായിരുന്ന പട്ട്, തേയില, മൺപാത്രങ്ങൾ എന്നിവയ്ക്കു യൂറോപ്പിൽ ധാരാളം ആവശ്യക്കാരുണ്ടായിരുന്നു. ഇവയുടെ കയറ്റുമതിയിലൂടെ ചൈന വൻതോതിൽ ലാഭം കൊയ്തു. എന്നാൽ തിരിച്ചു യൂറോപ്പിൽനിന്നു ചൈനയിലേക്കു ഇറക്കുമതികളൊന്നും ഇല്ലാതിരുന്നതിനാൽ യൂറോപ്പിലെ വ്യാപാരികൾക്കു വൻ നഷ്ടം നഷ്ടം വരുത്തി. ഇതു പരിഹരിക്കാനായി ബ്രിട്ടീഷുകാർ ചൈനയിലേക്കു ലഹരി പദാർഥമായ കറുപ്പ് ഇറക്കുമതി ചെയ്തു. ഇത് ചൈനക്കാരുടെ വ്യാപാരത്തെയും ഉപയോഗം ജനങ്ങളെ മാനസിക നിലയെ പ്രതികൂലമായി ബാധിച്ചു. ഇതോടെ സമ്പത്തികമായും മാനസ്സികമായും ചൈനക്കാർ അടിമത്തത്തിലായി. ഇതിനേത്തുടർന്ന് ചൈന കറുപ്പ് ഇറക്കുമതി നിരോധിച്ചു.
നിരോധനം യുദ്ധത്തിലേക്ക്
ചൈന കറുപ്പ് ഇറക്കുമതി നിരോധിച്ചതിനെത്തുടർന്നു ബ്രിട്ടനും ചൈനയും തമ്മിൽ 1839 മുതൽ 1842 വരെ നടന്ന യുദ്ധമാണു ഒന്നാം കറുപ്പു യുദ്ധം. കറുപ്പ് പുകയിലയുമായി ചേർത്തു വലിക്കുന്ന ദുശ്ശീലം വ്യാപകമായതോടെയാണ് 1729ൽ ചൈന കറുപ്പുകച്ചവടം നിരോധിച്ചത്. 1800ൽ അതിന്റെ ഇറക്കുമതിയും നിർത്തലാക്കി. എന്നാൽ, നിരോധനത്തിനു ശേഷവും ബ്രിട്ടീഷ് - അമേരിക്കൻ കപ്പലുകളിൽ വൻതോതിൽ കറുപ്പ് ചൈനയിലേക്ക് ഇറക്കുമതി ചെയ്‌തു. ബ്രിട്ടീഷ് കറുപ്പുശേഖരം ചൈന പിടിച്ചെടുത്തതോടെ ബ്രിട്ടൻ ചൈനയെ ആക്രമിച്ചു. യുദ്ധത്തിൽ ചൈന വൻപരാജയം ഏറ്റുവാങ്ങി.
നഷ്ടപരിഹാരമായി ഹോങ്കോങ്
ആദ്യ കറുപ്പ് യുദ്ധത്തിൽ (First opium war) പരാജയപ്പെട്ട ചൈന 1842 ൽ പ്രമുഖ തുറമുഖ പട്ടണമായ ഹോങ്കോങ് ബ്രിട്ടനു കൈമാറാൻ നിർബന്ധിതരായി. 1860ൽ ബെയ്ജിങ്ങിൽ നടന്ന കൺവൻഷനിൽ ഔദ്യോഗിക ഹോങ്കോങ് കൈമാറ്റക്കരാർ തയാറായി. 1898 ജൂലൈ ഒന്നിന് ഹോങ്കോങ്ങും സമീപത്തെ 235 ദ്വീപുകളും 99 വർഷത്തെ പാട്ടത്തിനു ബ്രിട്ടനു കൈമാറേണ്ടി വന്നു. നഷ്‌ടപരിഹാരമായി 2.1 കോടി പവനും നൽകി.
1856ൽ രണ്ടാം കറുപ്പുയുദ്ധം ആരംഭിച്ചു. ബ്രിട്ടീഷ് - ഫ്രഞ്ച് സേന ബെയ്‌ജിങ് ആക്രമിക്കുകയും ചൈനീസ് ചക്രവർത്തിയുടെ വേനൽക്കാല കൊട്ടാരം അഗ്നിക്കിരയാക്കുകയും ചെയ്‌തു. വീണ്ടും പരാജയപ്പെട്ട ചൈനയ്‌ക്കു കൂടുതൽ തുറമുഖങ്ങൾ വിദേശികൾക്കു തുറന്നുകൊടുക്കേണ്ടിവന്നു. 1911ൽ ബ്രിട്ടീഷ് പാർലമെന്റ് ചൈനയിലേക്കുള്ള കയറ്റുമതി തടയുന്നതുവരെ കറുപ്പിന്റെ ഇറക്കുമതി തുടർന്നു.