
Midhu Susan Joy
Jul 22,2020
3:34pm
നെൽസൻ മണ്ടേല എന്ന പ്രകാശം
“A winner is a dreamer who never gives up”: Nelson Mandela
ദക്ഷിണാഫ്രിക്കൻ ഗാന്ധി എന്നറിയപ്പെടുന്ന നെല്‍സന്‍ മണ്ടേലയുടെ ജീവിതത്തെയും വീക്ഷണത്തെയും ഒറ്റ വാചകത്തിൽ ഇങ്ങനെ ഒതുക്കാം. മനുഷ്യസ്നേഹം. അതായിരുന്നു ആ ധീരവിപ്ലവകാരിയുടെ മതം. താൻ കണ്ട സ്വപ്നത്തിലേക്ക് ഒരു ജനതയെ കൈപിടിച്ചു നടത്തിയ മണ്ടേല ദക്ഷിണാഫ്രിക്കക്കാരുടെ കാണപ്പെട്ട ദൈവമായി.
വർണവിവേചനത്തിനു പേരു കേട്ട നാടായിരുന്നു ദക്ഷിണാഫ്രിക്ക. വെള്ളക്കാർക്ക് മാത്രം സഞ്ചരിക്കാവുന്ന എ-ക്ലാസ് കൂപ്പയിൽ യാത്രചെയ്തതിന് ഗാന്ധിജിയെ മർദ്ദിച്ച് വഴിയിൽ ഇറക്കി വിട്ട അതേ നാട്. ഈ സംഭവം മാത്രം മതി അവിടെ നിലനിന്നിരുന്ന അസമത്വത്തിന്റെ ആഴം അറിയാൻ. അപ്പാര്‍ത്തീഡ് (Apartheid)എന്ന പേരിലാണ് വര്‍ണവിവേചനം ദക്ഷിണാഫ്രിക്കയിൽ അറിയപ്പെട്ടിരുന്നത്. ന്യൂനപക്ഷമായ വെള്ളക്കാർ ഭൂരിപക്ഷമായ കറുത്തവർഗക്കാരെ അടക്കി ഭരിച്ചിരുന്ന അവസ്ഥ. നമ്മുടെ നാട്ടിലെ അയിത്തം പോലെ അവിടെ നിലനിന്നിരുന്ന ദുരാചാരമാണിത്.
ഈ മണ്ണിലേക്കാണ് 1918 ജൂലൈ 18ന് നെൽസൻ മണ്ടേല എന്ന നക്ഷത്രം പിറന്നു വീണത്. ദക്ഷിണാഫ്രിക്കയിലെ കിഴക്കൻ കേപ് പ്രവിശ്യയിലെ ട്രാൻസ്കെയിൻ പ്രദേശം ഭരിച്ചിരുന്ന തെംബു വംശത്തിൽപ്പെട്ടതാണ് മണ്ടേലയുടെ കുടുംബം. റോലില്ലാലാ (Rolihlahla) മണ്ടേല എന്നായിരുന്നു ചെറുപ്പത്തിലെ പേര്. ചെറുപ്പം മുതൽ തന്റെ നാടിന്റെ കഥകൾ കേൾക്കാനും ചരിത്രമറിയാനും മണ്ടേലയ്ക്കു താൽപര്യമായിരുന്നു. തന്റെ വംശജരുടെ ധീരകഥകൾ അദ്ദേഹത്തെ ആവേശം കൊള്ളിച്ചു. ആ ചെറുപ്രായത്തിൽ തന്നെ അനീതിയില്ലാത്ത ലോകം അദ്ദേഹം സ്വപ്നം കണ്ടു തുടങ്ങി.
മണ്ടേലയുടെ കുടുംബപ്പേരാണ് ‘മാഡിബ’. പിൽക്കാലത്ത് ലോകം സ്നേഹത്തോടെ അദ്ദേഹത്തെ ഈ പേരാണ് വിളിച്ചത്. നെൽസൻ എന്ന പേരിനു പിന്നിലുമുണ്ടൊരു കഥ. ആദ്യമായി സ്കൂളിലത്തെുന്ന ആഫ്രിക്കക്കാരന് ഇംഗ്ലിഷ് പേര് നൽകുന്നത് അക്കാലത്തെ രീതിയായിരുന്നു. ആ പതിവു തെറ്റിക്കാതെ ക്ളാസ് ടീച്ചര്‍ മണ്ടേലയ്ക്ക് സമ്മാനിച്ച പേരാണ് നെല്‍സണ്‍. ചരിത്രം ഒരിക്കലും മറക്കാത്ത നെൽസൻ മണ്ടേല എന്നു പേരു പിറന്നത് ഇങ്ങനെയാണ്.
കോളജ് പഠനകാലം. വർണവെറിയെ കുറിച്ച് അദ്ദേഹം കൂടുതൽ മനസിലാക്കിയ ദിനങ്ങളായിരുന്നു അത്. എല്ലാ മനുഷ്യനിലും ഒഴുകുന്നത് ചുവന്ന രക്തമാണെങ്കിലും തൊലിയുടെ നിറത്തിന്റെ പേരില്‍ ഓരോരുത്തരും നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ അദ്ദേഹത്തെ വേദനിപ്പിച്ചു. മണ്ടേലയില്‍ രാഷ്ട്രീയ താല്‍പര്യം തുടങ്ങിയത് ഇക്കാലത്താണ്. പഠനകാലത്ത് നടത്തിയ സമരത്തെ തുടർന്ന് സർവകലാശാലയിൽ നിന്നു അദ്ദേഹത്തെ പുറത്താക്കി (പിൽക്കാലത്ത് മറ്റൊരു സർവകലാശാലയിൽ നിന്നു നിയമം ബിരുദം നേടി) . ഇതിനെ തുടർന്ന് കുറച്ചു കാലം വിവിധ ജോലികളിൽ ഏർപ്പെട്ടു. തന്റെ നാട്ടിൽ നിലനിന്നിരുന്ന അസമത്വങ്ങളുടെ തീവ്രത തിരിച്ചറിഞ്ഞ കാലമായിരുന്നു അത്. നീതി നിഷേധിക്കപ്പെടുന്നവർക്കു വേണ്ടി പോരാടാൻ അദ്ദേഹം ഉറച്ചു.
ആഫ്രിക്കൻ നാഷനൽ കോൺഗ്രസിലൂടെയാണ് മണ്ടേല രാഷ്ട്രീയത്തിൽ എത്തിയത്. കമ്യൂണിസ്റ്റ് ആശയങ്ങളോട് അദ്ദേഹത്തിന് താത്പര്യം ഉണ്ടായിരുന്നു. അതേ സമയം ഗാന്ധിജി, നെഹ്റു എന്നിവരുടെ ആശയങ്ങളോടും അദ്ദേഹത്തിനു തികഞ്ഞ ബഹുമാനമായിരുന്നു. ഭരണകക്ഷിയായ നാഷനൽ പാർട്ടിയുടെ വർണവിവേചന നയങ്ങൾക്കെതിരെ അദ്ദേഹം നിരന്തരം പോരാടി. ഇതിനെ തുടർന്ന് നീണ്ട 27 വര്‍ഷമാണ് ജയില്‍വാസം അനുഭവിച്ചത്. രാജ്യദ്രോഹം പോലെയുള്ള കുറ്റങ്ങള്‍ ആണ് അദ്ദേഹത്തിന്റെ പേരിൽ ചുമത്തിയിരുന്നത്. ശ്വാസം മുട്ടിക്കുന്ന ആ തടവുകാലം മണ്ടേലയെ തളർത്തുകയല്ല, കൂടുതൽ കരുത്തനാക്കുകയാണ് ചെയ്തത്. (മണ്ടേല 18 വർഷത്തോളം ജയിൽവാസം അനുഭവിച്ച റോബൻ ദ്വീപിലെ ജയിൽ ഇപ്പോൾ മ്യൂസിയമാണ്.)
കറുത്ത വർഗക്കാരന്റെ ഉയർത്തെഴുന്നേപ്പിന്റെ ചരിത്രമാണ് പിന്നീട് ലോകം കണ്ടത്. 1994ല്‍ ദക്ഷിണാഫ്രിക്കയിലെ വിവിധ ജനവിഭാഗങ്ങളെ ഒന്നിപ്പിച്ചു നടത്തിയ ആദ്യ ജനാധിപത്യ തിരഞ്ഞെടുപ്പില്‍ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തി. തുടർന്ന് നെല്‍സണ്‍ മണ്ടേല കറുത്തവര്‍ഗക്കാരനായ ആദ്യ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 1994 മുതല്‍ 1999 വരെയുള്ള അഞ്ചു വര്‍ഷം ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റ് പദവി അലങ്കരിച്ചു മണ്ടേല.
1990ല്‍ ഭാരത രത്ന പുരസ്കാരം നല്‍കി ഇന്ത്യ മണ്ടേലയെ ആദരിച്ചു. സമാധാനത്തിനുള്ള നോബേല്‍ സമ്മാനം 1993ല്‍ അദ്ദേഹത്തെ തേടിയെത്തി. 2010 മുതൽ ഐക്യരാഷ്ട്ര സഭ ജൂലൈ 18 അന്താരാഷ്ട്ര മണ്ടേല ദിനമായി ആചരിച്ചു തുടങ്ങി.
മണ്ടേലയുടെ ജീവചരിത്രമാണ് Long Walk to Freedom. തന്റെ ആത്മകഥയുടെ പേരു പോലെ സ്വാതന്ത്യത്തിലേക്കുള്ള ആ ദീർഘ യാത്ര ലക്ഷ്യങ്ങളെല്ലാം പൂർത്തികരിച്ച് 2013 ഡിസംബര്‍ 5ന് 95ാം വയസ്സില്‍ അവസാനിച്ചു. എന്നാൽ മണ്ടേല എന്ന യുഗത്തിന് അന്ത്യമില്ല. അവകാശം നഷ്ടപ്പെട്ടവരുടെ ആശയും ആവേശവുമായി ആ നക്ഷത്രം പ്രകാശം പരത്തി കൊണ്ടിരിക്കും. തീർച്ച.