
StudyatChanakya Admin
Sep 28,2020
4:00pm
സോഡ കണ്ടെത്തിയ ആൾ
മൂന്ന് പതിറ്റാണ്ടിനു മുന്‍പുള്ള ഒരു ഇംഗ്ലിഷ് ഗ്രാമം. ഇംഗ്ലണ്ടില്‍നിന്നും അധികം അകലെയല്ലാത്ത ആ ഗ്രാമത്തിലെ ഒരു വീട്ടിലാണ് ജോസഫ് പ്രീസ്റ്റ്ലി എന്ന കുട്ടിയുടെ താമസം. അവന്‍റെ അച്ഛന്‍ വസ്ത്രങ്ങള്‍ നെയ്യുന്നയാളാണ്. മറ്റു കുട്ടികളെപ്പോല ജോസഫ് സ്കൂളിലൊന്നും പോകാറില്ല. പല തരം രോഗങ്ങളുള്ള അവനെ സ്കൂളില്‍ വിടാന്‍ അച്ഛനമ്മമാര്‍ക്കു താല്പര്യമില്ലായിരുന്നു.
രോഗങ്ങള്‍ക്ക് പുറമേ, ജോസഫിന്‍റെ സങ്കടം കൂട്ടുന്ന ഒരു കാര്യം കൂടി സംഭവിച്ചു. ആറു വയസ്സായപ്പോള്‍ അവന്‍റെ അമ്മ മരിച്ചു. ജോസഫ് വല്ലാതെ ഒറ്റപ്പെട്ടു. പിന്നീട് ആന്‍റിയാണ് അവനെ വളര്‍ത്തിയത്. വീട്ടില്‍ ഒരു അധ്യാപകനെ വിളിച്ചു വരുത്തിയായിരുന്നു ജോസഫിന്‍റെ പഠനം. 1733-ല്‍ ജനിച്ച ജോസഫ് ഒരു വിദ്യാലയത്തില്‍ ചേരുന്നത് 1752-ല്‍ മാത്രമാണ്. ചരിത്രം , തത്വശാസ്ത്രം, സയന്‍സ്, ഗ്രീക്ക് ഭാഷ തുടങ്ങിയവയാണ് അവിടെ അവന്‍ പഠിച്ചത്. ദൈവശാസ്ത്രത്തിലും പൗരോഹിത്യവൃത്തിയിലും പരിശീലനം നേടിയിരുന്നു.
ഒരു ആത്മീയപ്രഭാഷകന്‍ ആകാന്‍ ശ്രമിച്ചെങ്കിലും ഒഴുക്കോടെ സംസാരിക്കാനുള്ള കഴിവില്ലായ്മ ആ ജോലി ചെയ്യുന്നതിന് ജോസഫിന് തടസ്സമായി. പഠനം കഴിഞ്ഞ് ജോസഫ് അധ്യാപകനായി ജോലി നോക്കി. സ്വയം കോഴ്സ് ഡിസൈന്‍ ചെയ്തായിരുന്നു ജോസഫ് പഠിപ്പിച്ചത്. കൃത്യമായി ടെക്സ്റ്റ് ബുക്കുകള്‍ ലഭിക്കാത്തതിനാല്‍ സ്വയം എഴുതിയുണ്ടാക്കിയ ടെക്സ്റ്റ് ബുക്കുകളായിരുന്നു വിദ്യാര്‍ഥികളെ പഠിപ്പിച്ചിരുന്നത്. മാത്രമല്ല, ശാസ്ത്രപഠനത്തിനായി ചെറിയ ഉപകരണങ്ങളും അദ്ദേഹം വിദ്യാര്‍ഥികള്‍ക്ക് വേണ്ടി നിര്‍മ്മിച്ചു.
ഇതിനിടെ ശാസ്ത്രപരീക്ഷണങ്ങളും നടത്തുന്നുണ്ടായിരുന്നു. അദ്ദേഹം താമസിക്കുന്നതിനടുത്ത് ഒരു മദ്യ നിര്‍മ്മാണശാലയുണ്ടായിരുന്നു. അവിടം ഇടക്കിടെ ജോസഫ് സന്ദര്‍ശിക്കാറുണ്ടായിരുന്നു. മദ്യത്തിനായുള്ള ചേരുവകള്‍ കലക്കി വച്ചതില്‍നിന്ന് വാതകങ്ങള്‍ ഉയരുന്നത് അദ്ദേഹം ശ്രദ്ധിച്ചു.
അക്കാലത്ത് ആകെ മൂന്ന് വാതകങ്ങളെ മാത്രമേ തിരിച്ചറിഞ്ഞിരുന്നുള്ളൂ. ഹൈഡ്രജന്‍, കാര്‍ബണ്‍ ഡൈ ഓക്സൈഡ്, സാധാരണ വായു എന്നിവയയിരുന്നു അത്.
വാതകങ്ങളില്‍ കൂടുതല്‍ പരീക്ഷണം ജോസഫ് നടത്തി. മെര്‍ക്കുറി ഉപയോഗിച്ച് വെള്ളത്തില്‍ കലര്‍ന്ന വാതകങ്ങളെ വേര്‍തിരിച്ചെടുക്കാമെന്നും ജോസഫ് പ്രീസ്റ്റ്ലി മനസ്സിലാക്കി. 1774-ല്‍ അദ്ദേഹം അന്തരീക്ഷവായുവിലെ ഒരു പ്രത്യേകവാതകത്തിന്‍റെ സാന്നിദ്ധ്യം മനസ്സിലാക്കി. അത് ശ്വസിച്ചാല്‍ ഉന്മേഷം കൂടുന്നതായും ജോസഫിന്‍റെ ശ്രദ്ധയില്‍പ്പെട്ടു. ഫ്രഞ്ച് രസതന്ത്രജ്ഞനായ അന്‍റോണിയോ ലവോസിയര്‍ ആ വാതകത്തിന് ഒരു പേരു കൊടുത്തു. ഓക്സിജന്‍!
ഫ്രഞ്ച് വിപ്ലവത്തേയും അമേരിക്കന്‍ വിപ്ലവത്തെയും അനുകൂലിച്ച് സംസാരിച്ചതോടെ അക്കാലത്തെ ഇംഗ്ലിഷ് ഭരണകൂടത്തിന്‍റെ നോട്ടപ്പുള്ളിയായി മാറി ജോസഫ്. ഒരിക്കല്‍ കുറേ അക്രമികള്‍ വന്ന് അദ്ദേഹത്തിന്‍റെ വീടും ലബോറട്ടറിയുമൊക്കെ തച്ചു തകര്‍ത്തു. നില്‍ക്കക്കള്ളിയില്ലാതെ അദ്ദേഹം അമേരിക്കയിലേക്ക് കുടിയേറി. അവിടെ വച്ചും അദ്ദേഹം തന്‍റെ പരീക്ഷണങ്ങള്‍ തുടര്‍ന്നു. കാര്‍ബണ്‍ ഡൈ ഓക്സൈഡ് ജലത്തില്‍ ലയിപ്പിക്കുന്ന വിദ്യ അദ്ദേഹം കണ്ടെത്തി. അങ്ങനെ ലോകത്ത് ആദ്യമായി സോഡാവാട്ടര്‍ നിര്‍മ്മിക്കപ്പെട്ടു.
1804-ല്‍ അമേരിക്കയില്‍വച്ച് അദ്ദേഹം മരണമടഞ്ഞു. ജോസഫ് പ്രീസ്റ്റ്ലിയുടെ വീട് ഇന്നൊരു മ്യൂസിയമാണ്.