
StudyatChanakya Admin
Sep 28,2020
3:57pm
GK Uncle : Issue #12
വോഡഫോണും ഐഡിയയും ഇനി Vi
ഇന്ത്യയിലെ പ്രമുഖ ടെലികോം സേവനദാതാക്കളായ വോഡഫോൺ ഇന്ത്യയും ഐഡിയ സെല്ലുലറും 2018-ൽ ഒന്നായ വാർത്ത വായിച്ചിട്ടുണ്ടാവുമല്ലോ. അങ്ങനെയുണ്ടായ പുതിയ ബ്രാൻഡ് ഇനി മുതൽ 'വീ' (Vi) എന്ന് അറിയപ്പെടും. വോഡഫോൺ ഐഡിയ ലിമിറ്റഡ് എന്നതിന്റെ ചുരുക്കപ്പേരാണിത്. myvi.in എന്നതാണ് ഈ കമ്പനിയുടെ വെബ് വിലാസം
ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം
ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയോടുള്ള ആദരസൂചകമായി 1986-ൽ ആരംഭിച്ചതാണ് ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം. ലോകസമാധാനത്തിന് വിലപ്പെട്ട സംഭാവനകൾ നൽകിയ മഹദ് വ്യക്തികൾക്കാണ് ഈ പുരസ്കാരം നൽകുക. ലോകപ്രശസ്ത ഇംഗ്ലിഷ് നാച്വറൽ ഹിസ്റ്റോറിയൻ സർ ഡേവിഡ് അറ്റൻബറോയാണ് 2019 - ലെ ഇന്ദിരാഗാന്ധി സമാധാന പുരസ്കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടത്. 'ഗാന്ധി' സിനിമയുടെ സംവിധായകൻ റിച്ചാർഡ് അറ്റൻബറോയുടെ ഇളയ സഹോദരനാണ് ഇദ്ദേഹം.
കൽപന ചൗളയുടെ പേരിൽ ബഹിരാകാശ വാഹനം
ബഹിരാകാശത്തെത്തിയ ആദ്യ ഇന്ത്യൻ വംശജയാണ് കൽപന ചൗള. നാസയിൽ ബഹിരാകാശ സഞ്ചാരിയായിരുന്ന കൽപന 2003-ലെ കൊളംബിയ ദുരന്തത്തിൽ കൊല്ലപ്പെട്ടു. ബഹിരാകാശ, പ്രതിരോധ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്ന അമേരിക്കൻ കമ്പനിയായ നോർത്രോപ് ഗ്രമ്മൻ, രാജ്യാന്തര ബഹിരാകാശനിലയത്തിനു വേണ്ടി നിർമിക്കുന്ന ബഹിരാകാശവാഹനത്തിനാണ് എസ് എസ് കൽപന ചൗള എന്നു പേര് നൽകിയിരിക്കുന്നത്.
ആദ്യ സേർച്ച് എൻജിന് 30 വയസ്സ് !
ഇന്റർനെറ്റിൽ എന്ത് കാര്യം തിരയണമെങ്കിലും നമ്മൾ സാധാരണയായി ഗൂഗിളിനെയാണ് ആശ്രയിക്കുക. നമ്മൾ നൽകുന്ന കീവേഡുമായി ബന്ധപ്പെട്ട ഏറ്റവും പ്രസക്തമായ വിവരങ്ങൾ ഇന്റർനെറ്റിൽ എവിടെയുണ്ട് എന്ന് കണ്ടെത്തി നൽകുന്ന ഒരു സേർച്ച് എൻജിനാണ് ഗൂഗിൾ. എന്നാൽ, ആദ്യത്തെ സേർച്ച് എൻജിൻ ഏതാണെന്നറിയാമോ? 1990 സെപ്റ്റംബർ 10 - ന് ഇന്റർനെറ്റ് ഉപയോക്താക്കളുടെ മുമ്പിലെത്തിയ ആർച്ചി (Archie) ആണത്. മോൺട്രിയോളിലെ മക്ഗിൽ യൂണിവേഴ്സിറ്റിയിൽ വിദ്യാർഥിയായിരുന്ന അലൻ എംടേജ് (Alan Emtage) ആണ് ഇതിന് രൂപം നൽകിയത്. ഒരു സ്കൂൾ പ്രോജക്ടിന്റെ ഭാഗമായി നിർമിച്ച ആർച്ചിക്ക് ഇന്നുള്ള സേർച്ച് എൻജിനുകളുമായി ഒരു ബന്ധവുമില്ലായിരുന്നു.
യു എസ് ഓപ്പൺ സ്വന്തമാക്കിയ ജപ്പാൻകാരി
കളിച്ച എല്ലാ ഗ്രാൻഡ് സ്ലാമും ജയിച്ച ടെന്നിസ് താരം എന്ന അപൂർവ നേട്ടത്തോടെ 2020 -ലെ യുഎസ് ഓപ്പൺ കിരീടം സ്വന്തമാക്കിയിരിക്കുകയാണ് നവോമി ഒസാക എന്ന ജപ്പാൻകാരി. 2018 - ലെ യുഎസ് ഓപ്പൺ, 2019 - ലെ ഓസ്ട്രേലിയൻ ഓപ്പൺ എന്നിവയാണ് ഇതിന് മുമ്പ് ഒസാക പൊരുതി നേടിയെടുത്തത്. മുൻ ലോക ഒന്നാം നമ്പർ താരം വിക്ടോറിയ അസാരെൻകയെയാണ് ഒസാക പരാജയപ്പെടുത്തിയത്.