
StudyatChanakya Admin
Sep 16,2020
10:37am
GK Uncle : Issue #11
പോഷണമാസം
ഇനി മുതൽ സെപ്റ്റംബർ മാസം ഇന്ത്യയിൽ പോഷകാഹാര മാസമായി (Nutrition Month) ആചരിക്കും! പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന്റെ പ്രതിമാസ 'മൻ കി ബാത്ത്' പരിപാടിയിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഗർഭിണികൾക്കും കുട്ടികൾക്കും സമീകൃതാഹാരം എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന കാര്യം അദ്ദേഹം പ്രത്യേകം പരാമർശിച്ചു. പോഷണമാസാചരണത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ സംഘടിപ്പിക്കും. അവയിൽ പങ്കെടുക്കാൻ MyGov പോർട്ടൽ സന്ദർശിച്ചാൽ മതി.
ഇന്ദ്രധനുഷ് 2.0
ഇന്ത്യയിലെമ്പാടുമുള്ള എല്ലാ ഗർഭിണികൾക്കും രണ്ടു വയസ്സു വരെ പ്രായമുള്ള കുട്ടികൾക്കും ഡിഫ്തീരിയയും പോളിയോയും പോലുള്ള രോഗങ്ങൾക്കുള്ള പ്രതിരോധ മരുന്നുകൾ നൽകാനുള്ള കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പദ്ധതിയാണ് മിഷൻ ഇന്ദ്രധനുഷ്. 2014-ലാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. ഈ പദ്ധതി കൂടുതൽ കാര്യക്ഷമമായി നടപ്പാക്കാൻ 2017-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 'ഇന്റെൻസിഫൈഡ് മിഷൻ ഇന്ദ്രധനുഷ്' അവതരിപ്പിച്ചു. ഇപ്പോഴിതാ അതിന്റെ അടുത്ത ഘട്ടമായ 'ഇന്റെൻസിഫൈഡ് മിഷൻ ഇന്ദ്രധനുഷ് 2.0' ആരംഭിച്ചിരിക്കുന്നു. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധനാണ് ഇത് അവതരിപ്പിച്ചത്. ഇന്ദ്രധനുഷ് പദ്ധതിയിലൂടെ ഇതുവരെ വാക്സിനേഷൻ ചെന്നെത്താത്ത പ്രദേശങ്ങളിൽ കൂടി പ്രതിരോധ മരുന്നുകളുടെ വിതരണം ഉറപ്പാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
ലോകത്തിലെ ഏറ്റവും വലിയ നാവികസേന
ഇന്ത്യയോട് ഇണങ്ങിയും പിണങ്ങിയും കഴിയുന്ന വഴക്കാളി അയൽക്കാരായ ചൈനയാണ് ലോകത്തിലെ ഏറ്റവും വലിയ നാവികസേനയുള്ള രാജ്യം. 350 യുദ്ധക്കപ്പലുകളുണ്ട് ചൈനയ്ക്ക്. അതേസമയം അമേരിക്കൻ നാവികസേനയ്ക്ക് 293 യുദ്ധക്കപ്പലുകളാണുള്ളത്. ശക്തമായ നാവികസേനയ്ക്കു പുറമേ പാക്കിസ്ഥാനും ശ്രീലങ്കയും അടക്കം പന്ത്രണ്ടോളം അയൽ രാജ്യങ്ങളുടെ നാവികത്താവളങ്ങളിൽ തങ്ങളുടെ സൈന്യത്തെ വിന്യസിക്കാനുള്ള ശ്രമത്തിലാണ് ചൈന. ഇൻഡോ-പസിഫിക് പ്രദേശത്ത് തങ്ങളുടെ സ്വാധീനം ശക്തമാക്കുകയാണ് അവരുടെ ലക്ഷ്യം.
ദൂരെ ദൂരെയൊരു നക്ഷത്രക്കൂട്ടം
പ്രപഞ്ചത്തിൽ ഇന്നോളം കണ്ടെത്തിയിട്ടുള്ള വിദൂര ഗാലക്സികളിൽ ഒന്ന് ഇന്ത്യൻ ജ്യോതിശാസ്ത്രജ്ഞർ കണ്ടെത്തി.
ഇന്ത്യയിലെ ആദ്യത്തെ മൾട്ടി-വേവ് ലെങ്ത് ബഹിരാകാശ നിരീക്ഷണ കേന്ദ്രമായ 'ആസ്ട്രോസാറ്റ്' (AstroSat) ആണ് ഭൂമിയിൽ നിന്ന് 930 കോടി (9.3 ബില്യൺ) പ്രകാശവർഷം അകലെയുള്ള ഒരു താരാപഥത്തിൽ നിന്നുള്ള അതിതീവ്ര അൾട്രാവയലറ്റ് പ്രകാശം (Extreme- UV light) കണ്ടെത്തിയത്. ഈ ഗാലക്സിക്ക് AUDFs01 എന്നാണ് പേരിട്ടിരിക്കുന്നത്. പൂണെയിലെ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ആസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്സിലെ ഒരു കൂട്ടം ഗവേഷകരാണ് ഈ കണ്ടുപിടിത്തത്തിന് പിന്നിൽ. പ്രപഞ്ചത്തിന്റെ ചരിത്രത്തിലെ ഇരുണ്ടയുഗം എങ്ങനെ അവസാനിച്ചു എന്നും എങ്ങനെ പ്രകാശം വന്നു എന്നുമുള്ള കുഴഞ്ഞുമറിഞ്ഞ ചോദ്യത്തിന്റെ ഉത്തരത്തിലേക്കുള്ള ചില 'ക്ലൂ' കൾ ഈ കണ്ടെത്തൽ സമ്മാനിക്കുമെന്നാണ് ഗവേഷകർ വിശ്വസിക്കുന്നത്.