StudyatChanakya Admin
Jul 22,2020
3:30pm
പർവത രാജാക്കന്മാർ
ഇന്ത്യ–ചൈന അതിർത്തി തർക്കവുമായി ബന്ധപ്പെട്ട് ഗൽവാൻ, ഫിംഗർ ഫോർ മലനിരകളെക്കുറിച്ചു കൂട്ടുകാർ മാധ്യമങ്ങളിൽ വായിച്ചിട്ടുണ്ടാകും. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പർവതനിരയായ ഹിമാലയത്തിന്റെ ഭാഗമാണിവ. ചുറ്റുമുള്ള രാജ്യങ്ങളുടെ അതിർത്തി, കാലാവസ്ഥ, സംസ്കാരം തുടങ്ങിയവയെല്ലാം നിർണയിക്കുന്നതിൽ പർവ്വതങ്ങൾക്കു പ്രധാന പങ്കുണ്ട്. ഇതുപോലെ പല രാജ്യങ്ങളിലായി സ്ഥിതിചെയ്യുന്ന ലോകത്തിലെ പ്രധാന പർവതനിരകളെക്കുറിച്ചറിയാം.
ഹിമാലയം
ദക്ഷിണേഷ്യയുടെ ജീവനാഡിയാണ് ഹിമാലയം. ഇന്ത്യ, പാക്കിസ്ഥാൻ, ബൂട്ടാൻ, നേപ്പാൾ, ചൈന, മ്യാന്മാർ എന്നീ രാജ്യങ്ങളുടെ ജീവിതവും സംസ്കാരവും ഈ ഹിമനിരകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇന്ത്യ ഉപഭൂഖണ്ഡത്തെ തിബറ്റൻ പീഠഭൂമിയിൽനിന്നു വേർതിരിച്ചു നിർത്തുന്നത് ഹിമാലയമാണ്. 2600 കിലോമീറ്ററാണ് നീളം. ലോകത്തിലെ ഏറ്റവും ഉയരമേറിയ കൊടുമുടിയായ എവറസ്റ്റ് (8848 മീറ്റർ) ഹിമാലയത്തിലാണ്.
ആൻഡീസ്
ലോകത്തിലെ ഏറ്റവും നീളമേറിയ പർവതനിരയാണ് ആൻഡീസ്. ലാറ്റിനമേരിക്കൻ രാജ്യങ്ങളായ അർജന്റീന, പെറു, ചിലെ, കൊളംബിയ, ബൊളീവിയ, വെനെസ്വല , ഇക്വഡോർ എന്നീ രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ആൻഡീസിന് 7000 കിലോമീറ്റർ നീളമുണ്ട്. ആകോൻകാഗ്വ Aconcagva (6961 മീറ്റർ) ആണ് ഏറ്റവും ഉയരം കൂടിയ കൊടുമുടി.
റോക്കീസ്
കാനഡ - അമേരിക്കൻ അതിർത്തിയിൽ വ്യാപിച്ചു കിടക്കുന്ന റോക്കീസ് നിരകൾ സാഹസിക വിനോദ സഞ്ചാരത്തിനു പ്രസിദ്ധിയാർജിച്ചവയാണ്.
വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിൽ സ്ഥിതിചെയ്യുന്ന ഈ പർവതനിര കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽനിന്നു തുടങ്ങി യുഎസിലെ മൊൺടാന, കൊളറാഡോ വഴി കാനഡയിലെ ആൽബർട്ടവരെ വ്യാപിച്ചുകിടക്കുന്നു. ഏറ്റവും ഉയരമുള്ള കൊടുമുടി മൗണ്ട് എൽബെർട്ട് (4401 മീറ്റർ).
അറ്റ്ലസ്
2500 കിലോമീറ്ററോളം നീളമുള്ള അറ്റ്ലസ് മലനിരകൾ മൊറോക്കോ, അൾജീരിയ, ട്യൂണീഷ്യ എന്നിവിടെങ്ങളിലായി വ്യാപിച്ചുകിടക്കുന്നു. അറ്റ്ലാൻഡിക്, മെഡിറ്ററേനിയൻ തീരങ്ങളെ സഹാറ മരുഭൂമിയിൽനിന്നു വേർതിരിച്ചു നിർത്തുന്നത് അറ്റ്ലസ് പർവതനിരകളാണ്. ഉയരമുള്ള കൊടുമുടി ടൊബ്ക്കൽ Toubkal (4167 മീറ്റർ).
ആൽപ്സ്
യൂറോപ്പിലെ പ്രധാന പർവതനിരയാണ് ആൽപ്സ്. ലോകത്തിൽ ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികൾ എത്തുന്ന പർവതവും ഇതുതന്നെ. 1200 കിലോമീറ്ററാണ് നീളം. യൂറോപ്പിലെ കാലാവസ്ഥ നിർണയിക്കുന്നതിൽ ആൽപ്സിനു പ്രധാന പങ്കുണ്ട്. ഫ്രാൻസ്, സ്വിറ്റസർലാൻഡ്, ഇറ്റലി, ജർമനി, ഓസ്ട്രിയ, സ്ലോവേനിയ, ലിറ്റൻസ്റ്റൈൻ എന്നീ രാജ്യങ്ങളിലായി ആൽപ്സ് വ്യാപിച്ചുകിടക്കുന്നു. മൗണ്ട് ബ്ലാങ്ക് ആണ് ഏറ്റവും ഉയരമുള്ള കൊടുമുടി (4808.73 മീറ്റർ).
ഉറാൽ
ഏഷ്യയുടേയും യൂറോപ്പിന്റെയും അതിർത്തിയാണ് ഉറാൽ മലനിരകൾ . പ്രധാനമായും റഷ്യ, കസാക്കിസ്ഥാൻ രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്നു. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന പർവ്വതനിരയാണിത്. നീളം 2500 കിലോമീറ്റർ. ഏറ്റവും ഉയരം കൂടിയ കൊടുമുടി Narodnaya നരോദ്നയ (1894 മീറ്റർ).
ഇതെല്ലാം കരയിലെ പർവ്വതരാജാക്കന്മാരുടെ കഥ. എന്നാൽ ലോകത്തിലെ ഏറ്റവും നീളമേറിയ പർവ്വതനിര സമുദ്രത്തിനടിയിലാണ്. പടിഞ്ഞാറൻ അറ്റ്ലാൻറിക് സമുദ്രത്തിൽ സ്ഥിതിചെയ്യുന്ന മിഡ് ഓഷൻ റേഞ്ച് ആണത്. ഇതൊരു അഗ്നിപർവ്വതമാണ്. ഏകദേശം 65,000 കിലോമീറ്ററോളം നീളമുണ്ട് ഈ പർവ്വതഭീമന് !