StudyatChanakya Admin
May 31,2022
4:03pm
അവധിക്കാലം ആഘോഷക്കാലമാണ്. കൃത്യമായ ടൈം ടേബിൾ ഇല്ലാതെ, ഹോം വർക്കുകളും പരീക്ഷകളും ഇല്ലാതെ, കളിച്ചും ചിരിച്ചും രസിച്ചും യാത്ര ചെയ്തും കൂട്ട് കൂടിയും ഇഷ്ടമുള്ള കാര്യങ്ങൾ ഇഷ്ടമുള്ള സമയം മാത്രം പഠിച്ചുമൊക്കെ കുട്ടികൾ ആഘോഷിക്കുന്ന കാലം. അങ്ങനെയുള്ള ഒന്ന് രണ്ട് മാസങ്ങൾക്ക് ശേഷം വീണ്ടും സ്‌കൂൾ തുറക്കുമ്പോൾ തീർച്ചയായും ആ മാറ്റത്തോട് ഇണങ്ങിച്ചേരാൻ അൽപ്പം സമയമെടുക്കുന്നത് സ്വാഭാവികം. ഒരു ശനിയും ഞായറും ചേർത്ത് എവിടെയെങ്കിലും ട്രിപ്പ് പോയി വരുന്ന നമ്മൾക്ക് തന്നെ തിങ്കളാഴ്ച ഓഫീസിൽ പോകാൻ മടി വരും. അപ്പോൾപ്പിന്നെ 2 മാസം അവധി അടിച്ചുപൊളിക്കുന്ന കുട്ടികളുടെ കാര്യം പറയണ്ടല്ലോ!
ആദ്യമായി സ്‌കൂളിൽ പോകുന്ന കുട്ടിയാവട്ടെ, സ്‌കൂളിൽ പോയി പരിചയമുള്ളവരാവട്ടെ, സ്‌കൂൾ തുറക്കാൻ കൊതിയോടെ കാത്തിരിക്കുന്നവരാവട്ടെ, അവധി തീരണ്ടായിരുന്നു എന്നോർത്ത് സങ്കടപ്പെടുന്നവരാവട്ടെ, ഒരു കാര്യം ഉറപ്പാണ്. പുതിയൊരു അധ്യയന വർഷം ഓരോ കുട്ടിയുടെയും ജീവിതത്തിൽ വലിയൊരു മാറ്റം തന്നെയാണ്.
കുട്ടികളുടെ ജീവിതത്തിൽ ഉണ്ടാവുന്ന മാറ്റങ്ങൾ അവർക്ക് ആഘാതമാവാണോ ആഘോഷമാവണോ എന്ന് തീരുമാനിക്കുന്നതിൽ വലിയൊരു പങ്ക് മാതാപിതാക്കൾക്കുണ്ട്. അതുകൊണ്ട് കുട്ടികളോടൊപ്പം മാതാപിതാക്കളും പുതിയ അധ്യയന വർഷത്തിനായി ഒരുങ്ങുകയും അവരെ മാറ്റത്തിനായി ഒരുക്കുകയും വേണം. അതെങ്ങനെ ശരിയായി ചെയ്യാമെന്ന് നമുക്ക് നോക്കാം.
അൽപ്പം ഗവേഷണം ആവാം
ആദ്യ പടി റിസേർച്ച് ആണ്. പേടിക്കണ്ട. ബുക്ക് വായിച്ചുള്ള റിസേർച്ച് അല്ല. സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അറിയുക എന്നാണ് ഉദേശിച്ചത്. പുതിയ സ്‌കൂൾ ആണെങ്കിൽ എന്തൊക്കെ വ്യത്യാസങ്ങളുണ്ട് എന്നറിയണം. സ്‌കൂൾ മാറുന്നില്ലെങ്കിൽ പോലും അടുത്ത ക്ളാസിലേക്ക് പോകുമ്പോൾ ചെറിയ മാറ്റങ്ങളൊക്കെ വരാൻ സാധ്യതയുണ്ട്. നേരിട്ട് സ്‌കൂളിൽ ചോദിക്കാം. മറ്റ് മാതാപിതാക്കളോട് സംസാരിക്കാം. കൊറോണ പോലെയുള്ള സാഹചര്യങ്ങളിൽ ഗവണ്മെന്റ് തലത്തിലുള്ള നിർദേശങ്ങൾ കൂടി ശ്രദ്ധിക്കുന്നത് നല്ലതാണ്. പറ്റാവുന്നത്ര വിവരങ്ങൾ മുൻകൂട്ടി അറിയാൻ കഴിഞ്ഞാൽ അത്രത്തോളം കൃത്യമായും വിശദമായും തയാറെടുക്കാൻ കഴിയുമെന്ന് ഉറപ്പാണ്. ഇത് കുട്ടികളെയും മാതാപിതാക്കളെയും ഒരുപോലെ സഹായിക്കും.
സമയക്രമം ശരിയാക്കുക
അവധിക്കാലത്ത് വൈകി കിടക്കുക, വൈകി എഴുന്നേൽക്കുക, കൂടുതൽ നേരം ഉറങ്ങുക എന്നിങ്ങനെ സാധാരണ സ്‌കൂൾ സമയത്ത് സാധിക്കാത്ത പല കാര്യങ്ങളും കുട്ടികൾ ചെയ്യാറുണ്ട്. പുതിയ സ്‌കൂൾ ടൈം ടേബിൾ അനുസരിച്ച് സ്‌കൂൾ തുറക്കുമ്പോൾ പാലിക്കേണ്ട സമയക്രമം പരിശീലിപ്പിക്കുക വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്, പ്രത്യേകിച്ചും ചെറിയ കുട്ടികളുടെ കാര്യത്തിൽ.
രാവിലെ എഴുന്നേൽക്കുന്ന സമയം തീരുമാനിക്കുമ്പോൾ 2 പ്രധാനപ്പെട്ട കാര്യങ്ങൾ പരിഗണിക്കണം. ഒന്ന്, സ്‌കൂളിൽ പോകാൻ എത്ര സമയത്തെ ഒരുക്കവും യാത്രയും ആവശ്യമാണ് എന്നതാണ്. രണ്ടാമത്തേത്, കുട്ടി പഠിക്കുന്നത് രാവിലെയാണോ വൈകുന്നേരമാണോ എന്നതാണ്. അതിനനുസരിച്ച് എഴുന്നേൽക്കേണ്ട സമയവും കിടക്കേണ്ട സമയവും കണക്ക് കൂട്ടണം. ആദ്യത്തെ ഒന്നോ രണ്ടോ ആഴ്ച ഉറക്കത്തിന് കുറച്ച് അധികസമയം കണക്കുകൂട്ടുന്നതും നല്ലതാണ്.
സ്‌കൂൾ ഷോപ്പിംഗ്
പുതിയ അധ്യയന വർഷത്തേക്കുള്ള സാധനങ്ങൾ മുൻകൂട്ടി വാങ്ങുന്നത് എപ്പോഴും നല്ലതാണ്. റിസേർച്ച് അനുസരിച്ച് വാങ്ങാനുള്ള സാധനങ്ങളുടെ ഒരു ലിസ്റ്റ് കുട്ടിയോടൊപ്പം തയാറാക്കണം. കഴിഞ്ഞ വർഷത്തെ സാധനങ്ങളിൽ എന്തൊക്കെ വീണ്ടും ഉപയോഗിക്കാമെന്ന് നോക്കണം. അതിനനുസരിച്ച് വേണം ലിസ്റ്റ് പൂർത്തിയാക്കാൻ. സാധനങ്ങൾ വാങ്ങാൻ പോകുമ്പോൾ കുട്ടികളെയും കൂടെ കൂട്ടുക. തിരക്ക് പിടിച്ച് എവിടെയെങ്കിലും പോയി കിട്ടുന്നതൊക്കെ വാങ്ങുന്നതിന് പകരം സമയമെടുത്ത്, പറ്റുമെങ്കിൽ ഒരു ദിവസം മാറ്റി വച്ച് സാധനങ്ങൾ ഒക്കെ കുട്ടിക്ക് തിരഞ്ഞെടുക്കാൻ അവസരം നൽകി, പുറത്ത് നിന്ന് ഭക്ഷണവും കഴിച്ച് അവസാനിപ്പിക്കാം.
മൂന്ന് കാര്യങ്ങളാണ് ഇവിടെ ശ്രദ്ധിക്കേണ്ടത്. എന്തൊക്കെ വാങ്ങണമെന്ന ലിസ്റ്റ് കുട്ടിയുടെ കൈയിൽ ഉണ്ടാവണം. എങ്ങനെ സെലക്ട് ചെയ്യണമെന്ന നിർദേശങ്ങൾ നൽകണം. എത്രയാണ് പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് എന്നും മുൻകൂട്ടി പറയണം. ഇതൊക്കെ കുട്ടിക്ക് കാര്യങ്ങൾ പ്ലാൻ ചെയ്യാനുള്ള ഒരു പരിശീലനമാണ്. ഒപ്പം തീരുമാനങ്ങൾ സ്വയം എടുക്കുന്നത് വഴി ഈ കാര്യങ്ങളൊക്കെ തൻ്റെ കൂടി അഭിപ്രായങ്ങൾ പരിഗണിക്കപ്പെടുന്നുണ്ട് എന്ന ബോധ്യം ഉണ്ടാവുന്നു. സ്‌കൂളിൽ പോകുന്നതിനോട് താല്പര്യക്കുറവുള്ള കുട്ടികളിൽ ആ കാഴ്ചപ്പാട് മാറ്റുന്നതിന് ഇത് വളരെ പ്രയോജനം ചെയ്യാറുണ്ട്.
To-Do List
കുട്ടികൾ സ്‌കൂളിൽ നിന്ന് വരുമ്പോൾ മുതൽ ഹോംവർക്ക് ചെയ്യാനും പഠിക്കാനും പറഞ്ഞു പുറകേ നടക്കുന്ന മാതാപിതാക്കളുണ്ട്. അവരുടെ ഉദ്ദേശം നല്ലതാണെങ്കിലും കുട്ടികൾക്ക് ഇത് സത്യത്തിൽ ഒരു ശല്യമായാണ് തോന്നുക. അൽപ്പസമയം കഴിഞ്ഞു പഠിക്കാനും പണിയെടുക്കാനും താല്പര്യമുള്ളവർ പോലും നിരന്തരമായ നിർബന്ധം മൂലം ചിലപ്പോൾ അതൊക്കെ വേണ്ടെന്ന് വെക്കാറുണ്ട്. നല്ലൊരു ടൈം ടേബിൾ ഉണ്ടെങ്കിൽ ഇതൊക്കെ എളുപ്പത്തിൽ പരിഹരിക്കാവുന്നതേയുള്ളൂ. എപ്പോൾ പഠിക്കുമെന്നും എപ്പോൾ ടിവി കാണുമെന്നും എപ്പോൾ കളിക്കുമെന്നും എപ്പോൾ വിശ്രമിക്കുമെന്നുമൊക്കെ തീരുമാനങ്ങൾ എടുക്കുമ്പോൾ കുട്ടികളെയും അതിൽ പങ്കാളികളാക്കുക.
അടുത്ത പടി ഓരോ ദിവസത്തേയ്ക്കുമുള്ള ഒരു To-Do ലിസ്റ്റാണ്. ഇത് ടൈം ടേബിളിലെ ഒരു ഭാഗവുമാവണം. സ്‌കൂളിൽ നിന്ന് വന്നുകഴിയുമ്പോൾ അടുത്ത ദിവസം സ്‌കൂളിലേക്ക് പോകുന്നത് വരെ ചെയ്യാനുള്ള കാര്യങ്ങൾ എല്ലാം ഉൾപ്പെടുത്തിയാണ് ഒരു To-Do ലിസ്റ്റ് ഉണ്ടാക്കേണ്ടത്. അധികസമയം ആവശ്യമായ കാര്യങ്ങൾക്ക് വേണ്ടി മറ്റ് കാര്യങ്ങളിൽ നിന്ന് സമയം എടുക്കണമെന്നും കുട്ടികൾക്ക് സ്വയം തീരുമാനിക്കാൻ സാധിക്കും. കുട്ടികളെ കൂടെയിരുത്തി നിർബന്ധിച്ച് ഇതൊക്കെ ചെയ്യിക്കുന്നതിനേക്കാൾ നല്ലത് അവസാനം ഒരു റിവ്യൂ നൽകുന്നതാണ്.
അധിക പരിശീലനം
നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായവും സ്‌കൂളുകളിൽ ഒരു ക്ലാസിലേക്ക് പ്രവേശിപ്പിക്കുന്ന കുട്ടികളുടെ എണ്ണവും പരിഗണിക്കുമ്പോൾ ഓരോ കുട്ടിക്കും അവർക്ക് സ്‌കൂളിൽനിന്ന് കിട്ടുന്നില്ലായെന്ന് ബോധ്യപ്പെടുന്ന കാര്യങ്ങൾക്കായി അധിക പരിശീലനം നൽകുന്നത് നല്ലതാണ്. ഇവിടെയും തീരുമാനം കുട്ടികളെക്കൊണ്ട് എടുപ്പിക്കുന്നതാവും ഉചിതം.
കൊറോണയുടെ രണ്ട് വർഷങ്ങൾ കൊണ്ട് നമ്മൾ ഓൺലൈൻ ക്ലാസുകൾ ശരിയായി അറ്റൻഡ് ചെയ്യേണ്ടതെങ്ങനെയെന്ന് പഠിച്ചു. ട്യൂഷന് വേണ്ടി ഒരു അധിക യാത്ര കൂടി ഒഴിവാക്കാൻ ഓൺലൈൻ ട്യൂഷൻ സഹായിക്കും. കുട്ടികളുടെയും മാതാപിതാക്കളുടെയും ആവശ്യങ്ങൾ ഒരേപോലെ മനസിലാക്കി അതിനനുസരിച്ച് അധ്യാപനരീതിയിൽ വിപ്ലവാത്മകമായ മാറ്റങ്ങൾ വരുത്തുന്ന ഒരു സ്ഥാപനം എന്ന നിലക്ക് Study At Chanakya യുടെ സേവനങ്ങൾ നിങ്ങളുടെ കുട്ടിക്ക് ഉപകാരപ്രദമാവുമെന്നതിൽ സംശയമില്ല. എങ്കിലും, മുൻപ് പറഞ്ഞത് പോലെ, കുട്ടിയുടെ അഭിപ്രായം കൂടി ചോദിച്ചതിന് ശേഷമേ ഞങ്ങളുടെ സേവനങ്ങൾ തിരഞ്ഞെടുക്കാവൂ. എങ്കിൽ മാത്രമേ ഞങ്ങൾക്കും നിങ്ങൾക്കും ഒരേപോലെ സംതൃപ്തി ലഭിക്കൂ.
പഠിക്കാനുള്ള സ്ഥലം തിരഞ്ഞെടുക്കുമ്പോൾ
കുട്ടികളുടെ ഏറ്റവും പ്രധാനമായ ജോലി പഠനമാണ്. പുസ്തകത്തിൽ നിന്ന് കാണാപ്പാഠം പഠിക്കുന്ന കാര്യമല്ല, അവരുടെ ചിന്താരീതിയും തീരുമാനം എടുക്കാനുള്ള ശേഷിയും ക്രിയാത്മകതയും എല്ലാം ഉപയോഗപ്പെടുത്തുന്ന വളർച്ചയുടെ പ്രക്രിയ. അതുകൊണ്ട് തന്നെ അതിനുവേണ്ടി തിരഞ്ഞെടുക്കുന്ന സ്ഥലം വളരെ പ്രധാനപ്പെട്ടതാണ്. ബഹളങ്ങൾ കുറവുള്ള, സാധനങ്ങൾ അടുക്കി വയ്ക്കാൻ സൗകര്യമുള്ള, വെളിച്ചം നന്നായി കിട്ടുന്ന, വായുസഞ്ചാരമുള്ള ഒരു സ്ഥലമാവണം പഠിക്കാനായി തിരഞ്ഞെടുക്കേണ്ടത്. ടിവിയുടെ അടുത്ത് ആവരുത്. ശ്രദ്ധ തെറ്റിക്കുന്ന കാര്യങ്ങൾ ഒന്നും അടുത്തുണ്ടാവാൻ പാടില്ല. എന്നാൽ മാതാപിതാക്കളുടെ ശ്രദ്ധ എളുപ്പത്തിൽ കിട്ടുന്ന ഒരിടവുമായിരിക്കണം.
ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടത്, ഓരോ ക്ലാസും കഴിയുമ്പോൾ കുട്ടിക്ക് ഉണ്ടാകുന്ന മാനസിക വളർച്ച കൂടി പഠിക്കാനുള്ള സ്ഥലം തിരഞ്ഞെടുക്കുമ്പോൾ പരിഗണയ്ക്കണം. അഞ്ചാം ക്ലാസിലെ കാർട്ടൂൺ മേശ ഏഴാം ക്ലാസിൽ ആവുമ്പോൾ അത്ര കൗതുകം സൃഷ്ടിക്കണമെന്നില്ല. അതൊക്കെ പഠനത്തെ ബാധിക്കാവുന്ന കാര്യങ്ങളാണ്.
************************************
എല്ലാ കാര്യങ്ങളും 100 ശതമാനം ശരിയായി ഒരുക്കിക്കൊടുക്കാൻ മാതാപിതാക്കൾക്ക് പറ്റില്ല. എല്ലാ തീരുമാനങ്ങളും കുട്ടികൾക്ക് വിട്ടുകൊടുക്കാനും പറ്റില്ല. എങ്കിലും, കുട്ടികളുടെ ഒപ്പം പ്ലാനിങ് നടത്തുന്നതും അവരുടെ അഭിപ്രായങ്ങൾ കേൾക്കുന്നതും അവർക്ക് ചിന്തിക്കാനല്ല സ്‌പേസ് നൽകുന്നതും അടുത്ത അധ്യയന വർഷത്തിൽ മാത്രമല്ല, മുന്നോട്ടുള്ള ജീവിതത്തിലും അവർക്ക് പ്രയോജനകരമാവുമെന്നതിൽ സംശയമില്ല.