StudyatChanakya Admin
May 31,2022
4:40pm
കുട്ടികൾ പഠിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്താണെന്ന് ചോദിച്ചാൽ മിക്ക മാതാപിതാക്കളും പറയുന്ന ഉത്തരങ്ങളിൽ പ്രധാനപ്പെട്ട ഒന്നാവും ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുകയെന്നത്. മാതാപിതാക്കളെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്നാണിത്. നമ്മുടെ ചുറ്റുമുള്ള സമൂഹത്തിലേക്ക് നോക്കിയാലും ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുകയെന്നത് എല്ലാക്കാലത്തും പ്രധാനപ്പെട്ട ഒരു കാര്യമാണെന്ന് മനസിലാക്കുകയും ചെയ്യാം. എന്നാൽ, എങ്ങനെ ഉത്തരവാദിത്തബോധം കുട്ടികളിൽ വളർത്തിയെടുക്കാമെന്ന് ആലോചിച്ചിട്ടുനോക്കിയിട്ടുണ്ടോ?
ചില ആളുകൾക്ക് ജന്മനാ ചില കഴിവുകളും ശേഷികളും കിട്ടുമെന്ന് നമുക്കറിയാം. എന്നാൽ ഉത്തരവാദിത്തം എന്നത് അങ്ങനെ ജന്മനാ കിട്ടുന്ന ഒന്നല്ല. സഹജവാസന അഥവാ ഇൻസ്റ്റിങ്ക്റ്റ് മൂലമാണ് അവർ എല്ലാ കാര്യങ്ങളും ചെയ്യുന്നത്. തീരെ ചെറിയ പ്രായത്തിൽ കുട്ടികൾ മുതിർന്നവരെ ആശ്രയിച്ച് മാത്രമാണ് ജീവിക്കുന്നത്. എന്തെങ്കിലും ആവശ്യമുണ്ടെങ്കിലോ വിശന്നാലോ കരയുകയെന്നതാണ് അവരുടെ ഏക വഴി. അവർ വളർന്നുവരുമ്പോൾ നമ്മൾ അവരിൽ നിന്ന് പ്രതീക്ഷിക്കുന്ന ഉത്തരവാദിത്തങ്ങൾ അവരെ സംബന്ധിച്ചിടത്തോളം സമയം കളയുന്ന പരിപാടികളാകും, അല്ലെങ്കിൽ ഒട്ടുമേ രസകരമാവണമെന്നില്ല. അതുകൊണ്ട് കുട്ടി സ്വയം ഉത്തരവാദിത്തം ഏറ്റെടുക്കും എന്ന് വിചാരിച്ച് കൈയ്യുംകെട്ടി മാറിനിൽക്കാൻ മാതാപിതാക്കൾക്കാവില്ല. അവരെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ പഠിപ്പിക്കണം. അതെങ്ങനെ ശരിയായി ചെയ്യാമെന്ന് നമുക്ക് നോക്കാം.
ലളിതം, സുന്ദരം
കുട്ടികൾക്ക് എളുപ്പത്തിൽ പൂർത്തിയാക്കാൻ പറ്റുന്ന ചെറിയ ജോലികൾ കണ്ടെത്തുകയെന്നതാണ് ആദ്യ പടി. അലക്കി ഉണങ്ങിയ ഉടുപ്പുകൾ അടുക്കി വയ്ക്കണം എന്നതായിരിക്കട്ടെ കുട്ടി ചെയ്യണെമന്ന് നിങ്ങൾ ആഗ്രഹിക്കുന്ന കാര്യം. അതുവരെ എങ്ങനെയാണ് ഉടുപ്പുകൾ അലക്കി ഉണങ്ങി തേച്ച് വൃത്തിയായി ലഭിക്കുന്നതെന്ന് യാതൊരു ധാരണയും ഇല്ലാത്ത കുട്ടിയോട് ഒരു ദിവസം രാവിലെ ഉണങ്ങിയ തുണികളുടെ ഒരു കൂമ്പാരം നൽകി ഇന്ന് മുതൽ നിൻ്റെ ഉടുപ്പുകൾ നീ മടക്കി വയ്ക്കണം എന്ന് ഓർഡർ ഇടുന്നതുകൊണ്ട് വലിയ പ്രയോജനമൊന്നും ഉണ്ടാവാൻ സാധ്യതയില്ല. അതൊരു വലിയ ബാധ്യത ആയേ അവർ കാണൂ.
അപ്പോൾ എന്താണ് ചെയ്യേണ്ടത്? ഏതൊരു ജോലിയെയും എളുപ്പത്തിൽ തീർക്കാവുന്ന ചെറിയ ജോലികളായി മുറിച്ച് ഓരോന്നോരോന്ന് ചെയ്യുക. ഇത് കുട്ടികൾക്ക് മാത്രമല്ല, മുതിർന്നവർക്കും ചെയ്യാവുന്നതാണ് കേട്ടോ.
വീഡിയോ ഗെയിമുകൾ ഒക്കെ ശ്രദ്ധിച്ചിട്ടില്ലേ? ആദ്യത്തെ ലെവലുകൾ ഒക്കെ വളരെ എളുപ്പം ആയിരിക്കും. അവിടെ നമ്മളെ പരീക്ഷിക്കുകയോ നമ്മുടെ കഴിവ് എത്രയുണ്ടെന്ന് ഒറ്റയടിക്ക് അളക്കുകയോ അല്ല ഗെയിം ഉണ്ടാക്കിയവരുടെ ഉദ്ദേശം. നമ്മളിൽ ആ ഗെയിമിനോട് ഒരു ഇഷ്ടമുണ്ടാക്കുക എന്നത് മാത്രമാണ്. ഒരു ലെവൽ പോലും ജയിക്കാൻ പറ്റാത്ത ഒരു വീഡിയോ ഗെയിം നമ്മൾ ആണെങ്കിൽ പോലും എത്ര സമയം കളിക്കും? കുട്ടികളെ പരിശീലിപ്പിക്കുന്നതിനെയും ഈ രീതിയിൽ ഒന്ന് ആലോചിച്ചു നോക്കിയാൽ തീരാവുന്ന പ്രശ്നമേ നമുക്കുള്ളൂ.
ഒപ്പം
പണി ചെറുതായി മുറിച്ച് കൊടുത്തിട്ട് മാത്രം കാര്യമില്ല. എല്ലാ കാര്യങ്ങളിലും ചെറുപ്രായത്തിൽ തന്നെ കുട്ടികളെ കൂടെ കൂട്ടണം. അൽപ്പം സമയം പോകുമെന്നേ. പക്ഷേ, അതിനെ ഒരു നഷ്ടമായി കാണരുത്, നിക്ഷേപമായി കാണണം.
തുണി മടക്കുന്ന കേസിലേക്ക് തിരികെ വരാം. കുട്ടികൾ ചെറുതായിരിക്കുമ്പോൾ തന്നെ ഉപയോഗിച്ച തുണികൾ ഇടുന്ന ബാസ്‌കറ്റ് അവർക്ക് പരിചയപ്പെടുത്തി അവരുടെ തുണികൾ അതിൽ ഇടാൻ പഠിപ്പിക്കുക. അതിൽ തുണികൾ നിറയുമ്പോൾ അലക്കാൻ കൊണ്ടുപോകുന്നത് കാണിച്ചുകൊടുക്കുകയും എന്തെങ്കിലുമൊരു ചെറിയ സാധനം, സോപ്പോ ബ്രഷോ, എടുത്തുകൊണ്ട് വരുന്ന കാര്യം അവരെ ഏൽപ്പിക്കുകയും ചെയ്യുക . അലക്കുന്നത് വാഷിങ് മെഷീനിൽ ആണെങ്കിലും അവരെ കൂടെ കൂട്ടുകയും എങ്ങനെയാണ് അഴുക്ക് പോകുന്നതെന്നൊക്കെ പറഞ്ഞുകൊടുക്കുകയും ചെയുക.
തുണികൾ വിരിച്ചിടുമ്പോൾ അവരുടെ തുണികൾ അവരെക്കൊണ്ട് തന്നെ വിരിച്ചിടാൻ അവസരം കൊടുക്കുക. ഉണങ്ങി എടുക്കുമ്പോഴും അങ്ങനെ തന്നെ. കുട്ടികളെ കൂടെ ഇരുത്തി തുണികൾ മടക്കിയാൽ ഉറപ്പായും അവർക്കും ചെയ്യണമെന്ന് ആവശ്യപ്പെടും. അപ്പോൾ 'നീ മടക്കിയാൽ ശരിയാവില്ല', 'സമയം കളയാതെ പൊക്കേ..' എന്നിങ്ങനെയൊക്കെ പറഞ്ഞു അവരെ നിരുത്സാഹപ്പെടുത്താതെ അവരുടെ തുണികൾ മടക്കുന്നത് കാണിച്ച് കൊടുത്ത് അതുപോലെ ചെയ്യിക്കുക. ആദ്യമൊന്നും ശരിയാവില്ലായിരിക്കും. പക്ഷേ, അവരെ പൂർത്തിയാക്കാൻ പ്രോത്സാഹിപ്പിക്കുക. അവർ ചെയ്തതിനെ അംഗീകരിക്കുക. അഭിനന്ദിക്കുക.
ചാണക്യയിലും ഇതേ രീതിയാണ് ഞങ്ങൾ പിന്തുടരുന്നത്. ഉപദേശിക്കുന്ന, വഴക്ക് പറയുന്ന ടീച്ചർ എന്നതിനേക്കാൾ കൂടെ നിൽക്കുന്ന സുഹൃത്തുക്കളാണ് ഞങ്ങൾ. ആ ബന്ധത്തിൽ നിന്നാണ് വിജയമെന്ന ലക്ഷയത്തിലേക്ക് ഞങ്ങൾ കുട്ടികളെ കൈപിടിച്ച് കൊണ്ടുപോകുന്നത്.
പുതിയ നിയമം
വടികാണിച്ചും പേടിപ്പിച്ചും ഭീഷണിപ്പെടുത്തിയും കുട്ടികളെ വളർത്തുന്ന കാലം കഴിഞ്ഞിട്ട് കാലം കുറെയായി. കുട്ടികൾ അവരുടെ ഇഷ്ടത്തിനനുസരിച്ച് വളരട്ടെ എന്ന് ചിന്തിക്കുന്ന ഒരുപാട് മാതാപിതാക്കളെ നമുക്കിന്ന് കാണാം. അതിന് അതിന്റേതായ ഗുണങ്ങൾ ഉണ്ട് താനും. എന്നാൽ, എല്ലാ സാധ്യതകളും കുട്ടികൾ അറിഞ്ഞിരിക്കണം. അടുക്കി വയ്ക്കാനും നിരത്തിയിടാനും കൃത്യസമയത്ത് പഠിക്കാനും ഇഷടമുള്ളപ്പോൾ മാത്രം പഠിക്കാനും ഒരേപോലെ അവസരങ്ങൾ കുട്ടികൾക്ക് നൽകുന്നതല്ലേ നല്ലത്? അതിൽ നിന്ന് ഏതാണ് നല്ലതെന്ന് സ്വയം തീരുമാനം എടുക്കാൻ ഉള്ള കഴിവിലേക്ക് അവരെ വളർത്തുകയാണ് മാതാപിതാക്കൾക്ക് ചെയ്യാൻ സാധിക്കുക.
എന്നാൽ കുട്ടികളോട് ചെയ്യാൻ ആവശ്യപ്പെടുന്ന കാര്യങ്ങൾക്ക് കൃത്യമായ നിർദേശങ്ങൾ കൂടി നൽകണം. 'തുണി എല്ലാം മടക്കി വയ്ക്കണം' എന്ന് പറയുന്നതും 'അലക്കിയ 3 ഉടുപ്പ് മടക്കി അലമാരയിലെ രണ്ടാമത്തെ തട്ടിൽ ബാക്കി തുണികളുടെ കൂടെ വയ്ക്കണം' എന്ന് പറയുന്നതും ഉണ്ടാക്കുന്ന വ്യത്യാസം വളരെ വലുതാണ്. ഇവിടെ കുട്ടികളുടെമേൽ നിർദേശങ്ങൾ അടിച്ചേൽപ്പിക്കുകയല്ല, മറിച്ച് കൃത്യമായ ധാരണയോടെ, പ്ലാനിങ്ങോടെ കാര്യങ്ങൾ ചെയ്യാൻ അവരെ പരിശീലിപ്പിക്കുകയാണ് ചെയ്യുന്നത്.
മൈ ബോസ്
ചിലപ്പോൾ അപ്പനും അമ്മയും കർക്കശക്കാരനായ ഒരു ബോസ് ആയിപ്പോവാറുണ്ട്. അങ്ങനെ വരുമ്പോൾ കുട്ടികൾ സ്വാഭാവികമായും ഇടഞ്ഞു നിൽക്കുന്ന ജോലിക്കാരെപ്പോലെ പെരുമാറാൻ തുടങ്ങും. നമ്മൾ അവരോട് ചെയ്യുന്ന കാര്യങ്ങൾ ചെയ്തില്ലെങ്കിൽ ആകാശം ഇടിഞ്ഞുവീഴും, ഭാവി നശിച്ചുപോകും എന്നൊക്കെപ്പറഞ്ഞു പേടിപ്പിക്കാതെ, ആ കാര്യങ്ങൾ ശരിയായി ചെയ്യുമ്പോൾ ഉണ്ടാകാവുന്ന നല്ല കാര്യങ്ങളിൽ ഫോക്കസ് കൊടുക്കുന്നത് നല്ലതായിരിക്കും. ഇതേ കാര്യങ്ങൾ മാതാപിതാക്കൾ ചെയ്യുമ്പോൾ കുട്ടികൾ നമ്മളെ നിരീക്ഷിക്കുന്നുണ്ടാവും എന്നോർക്കണം.
നമ്മൾ ആസ്വദിച്ച് ചെയുന്ന കാര്യങ്ങൾ അവരും അങ്ങനെ തന്നെ ചെയ്യും എന്ന് പ്രത്യേകം പറയണ്ടല്ലോ. അതുകൊണ്ട് കുട്ടികളെ ഉത്തരവാദിത്തങ്ങൾ പഠിപ്പിക്കുന്നത് ഒരു രസകരമായ കളിയായി കരുതുക. അത് ആസ്വദിക്കുക. ഉത്തരവാദിത്തങ്ങൾ ആസ്വദിച്ച് ചെയ്യാമെന്ന് കുട്ടികളെ കാണിച്ചുകൊടുക്കുക.
ലക്ഷ്യം
ചില തട്ടിപ്പ് പരിപാടികളിൽ ഒക്കെ ആളുകൾ വീണുപോകുന്നത് ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഏറ്റവും കൂടിയ ലാഭം നൽകാം എന്ന വാഗ്ദാനം കൊണ്ടാണ്. കുട്ടികളുടെ കാര്യത്തിലും ഇങ്ങനെ ഷോർട്ട് കട്ട് നോക്കിയാൽ മിക്കവാറും വിജയം കാണണമെന്നില്ല. അതുകൊണ്ട് ശ്രദ്ധ കൊടുക്കേണ്ടത് റിസൾട്ടിലല്ല, അതിനുവേണ്ടി എടുക്കുന്ന പരിശ്രമത്തിലാണ്.
പാത്രത്തിലെ വേസ്റ്റ് മാറ്റാതെ സിങ്കിൽ ഇടുന്ന കുട്ടി ഒരു ദിവസം വേസ്റ്റ് മാറ്റി സിങ്കിൽ പാത്രം സിങ്കിൽ ഇടുമ്പോൾ പാത്രം അവിടെ ഇട്ടതിന് വഴക്ക് പറയാതെ വേസ്റ്റ് ശരിയായ സ്ഥലത്ത് ഇട്ടതിന് അഭിനന്ദിക്കാൻ പറ്റുമോ? ഇട്ട ഉടുപ്പുകൾ മുറിയിൽ വലിച്ചുവാരിയിടുന്ന കുട്ടി ഒരു ദിവസം എല്ലാം കൂടി നിലത്തൊരു മൂലയ്ക്ക് ഇട്ടാൽ ബാസ്കറ്റിൽ ഇടാതിരുന്നതിന് വഴക്ക് പറയുന്നതിന് പകരം എല്ലാം കൂടി ഒരു സ്ഥലത്ത് ഇട്ടതിന് അഭിനന്ദിക്കാൻ സാധിക്കുമോ? സ്‌കൂളിനോപ്പം ട്യൂഷൻ ക്ലാസിൽ കൂടി വിടുന്നത് മുഴുവൻ മാർക്കും വാങ്ങാനാണ് എന്ന് പറയുന്നതിന് പകരം കുറച്ചുകൂടി നന്നായി പഠിക്കാൻ അവരെ സഹായിക്കാനാണ് എന്ന തോന്നൽ ഉണ്ടാക്കാൻ സാധിക്കുമോ?
അങ്ങനെ ചെയ്യാൻ മാതാപിതാക്കൾക്ക് പറ്റിയാൽ കൂടെ ഒരു സജഷൻ കൂടി കൊടുക്കാനുള്ള ഒരു സ്‌പേസ് കുട്ടികൾ നമുക്ക് തരും.
ഹീറോ
ഓരോ കുട്ടിയുടെയും ആദ്യ ഹീറോസ് അപ്പനും അമ്മയുമാണ്. സിനിമകളിൽ കാണിക്കുന്ന ഹീറോയിസം അല്ല, കുട്ടികൾ ചെയ്യണമെന്ന് നമ്മൾ ആഗ്രഹിക്കുന്ന, അവരോടു പറയുന്ന ചെറിയ കാര്യങ്ങളിൽ അതേ ആത്മാർത്ഥതയും ഉത്തരവാദിത്തവും നമ്മളും കാണിച്ച് കൊടുത്ത് നമുക്ക് അവരുടെ നല്ല മാതൃകകൾ ആവാം. അവരുടെ ഹീറോസ് ആവാം.
അങ്ങനെ വരുമ്പോൾ ഒന്നും പറയാതെ തന്നെ ചിലപ്പോൾ അവർ നമ്മളെ കണ്ട് പല കാര്യങ്ങളും ചെയ്യാൻ തുടങ്ങും. ഇടയ്ക്ക് ചെറിയ അഭിനന്ദനങ്ങൾ കൊടുക്കാൻ മറക്കരുത് കേട്ടോ. അത് വീണ്ടും വീണ്ടും ഈ കാര്യങ്ങൾ റിപ്പീറ്റ് ചെയ്യാൻ കുട്ടികൾക്ക് വലിയ മോട്ടിവേഷൻ നൽകും.
ഏതെങ്കിലുമൊരു പ്രായക്കാർക്കോ ഏതെങ്കിലുമൊരു പ്രത്യേക ഉത്തരവാദിത്തം ശീലിപ്പിക്കാനോ ഉള്ളതല്ല ഇവിടെ പറഞ്ഞ കാര്യങ്ങൾ. ചെറിയ പ്രായത്തിൽ ഇതൊക്കെ പരിശീലിപ്പിക്കുന്നത് കുറച്ച് കൂടി എളുപ്പമാവും എന്നുമാത്രം.
എല്ലാം ആശംസകളും.