
Vidya Bibin
Jul 22,2020
3:25pm
ടെക്‌നിക്കൽ ഹയർ സെക്കൻഡറി: പ്രൊഫഷണൽ വിദ്യാഭ്യാസത്തിലേക്ക് ആദ്യ ചുവട്
പത്താം ക്ലാസ് കഴിഞ്ഞവര്‍ക്ക് ഹയര്‍ സെക്കന്‍ഡറിയും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയും പോലെ തിരഞ്ഞെടുക്കാവുന്ന മറ്റൊരു കോഴ്‌സാണ് ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി അഥവാ ടിഎച്ച്എസ് സി. സാങ്കേതിക വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കുന്ന ഈ തൊഴിലധിഷ്ഠിത കോഴ്‌സ് കേരളത്തിൽ IHRD യുടെ കീഴിലുള്ള 15 സ്‌കൂളുകളിൽ മാത്രമാണ് പഠിപ്പിക്കുന്നത്.
ശാസ്ത്ര സാങ്കേതിക വിഷയങ്ങളിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്നവർക്ക് ചിട്ടയായ പരിശീലനം ചെറുപ്പത്തിലേ നൽകുക എന്ന ലക്ഷ്യവുമായി 1987ല്‍ രൂപീകരിച്ചതാണ് സംസ്ഥാന സർക്കാർ സ്ഥാപനമായ IHRD (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോർസ്സസ് ഡെവലപ്പ്മെന്റ്). 'ആഗോള തലത്തില്‍ ചിന്തിക്കുക, പ്രാദേശികമായി പ്രവര്‍ത്തിക്കുക' എന്നതാണ് ഐഎച്ച്ആര്‍ഡിയുടെ ആപ്തവാക്യം.
നമ്മുടെ പല കോഴ്‌സുകളും പഠിച്ചിറങ്ങുന്ന കുട്ടികളെ കുറിച്ച് കമ്പനികള്‍ക്കുമുള്ള പരാതിയാണ് പ്രായോഗിക പരിശീലനത്തിന്റെ അഭാവം. പ്രായോഗിക പരിശീലനം സ്‌കൂള്‍ തലത്തില്‍ തന്നെ ചിട്ടയോടെ തുടങ്ങുന്നു എന്നത് ടിഎച്ച്എസ് സിയെ മറ്റ് കോഴ്‌സുകളില്‍ നിന്നും വേറിട്ടതാക്കി മാറ്റുന്നു.
രണ്ടു ഗ്രൂപ്പുകള്‍, രണ്ടാം ഭാഷയില്ല
ഇലക്ട്രോണിക്സ് അടിസ്ഥാനമാക്കിയ ഫിസിക്കൽ സയൻസ്, ബയോളജി അടിസ്ഥാനമാക്കിയ ഇന്റഗ്രേറ്റഡ് സയൻസ് എന്നീ
രണ്ടു ഗ്രൂപ്പുകൾ ആണ് ടിഎച്ച്എസ് സിയില്‍ ഉള്ളത്. ഇംഗ്ലീഷിന് പുറമെയുള്ള രണ്ടാം ഭാഷ ഒഴിവാക്കിയിരിക്കുന്നു എന്നതാണ് പൊതു ഹയർ സെക്കണ്ടറിയുമായുള്ള പ്രധാന വ്യത്യാസം.
പരീക്ഷ നടത്തുന്നതും സർട്ടിഫിക്കറ്റ് നൽകുന്നതുമെല്ലാം പൊതു വിഭാഗത്തിലേതു പോലെ സംസ്ഥാന ഹയർ സെക്കണ്ടറി വകുപ്പ് തന്നെയാണ്. IHRD യുടെ എൻജിനീയറിംഗ് കോളെജുകൾ ഉൾപ്പെടുന്ന 61 കോളേജുകളുടെ അക്കാദമിക പിന്തുണയും സഹകരണവും ഈ സ്കൂളുകൾക്കുണ്ട്.
ഫിസിക്കല്‍ സയന്‍സ്: എൻജിനിയറിങ്ങിന്റെ അടിസ്ഥാനം
ഇംഗ്ലീഷ്, കമ്പ്യൂട്ടർ സയൻസ് & ഐ.ടി, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഇലക്ട്രോണിക് സിസ്റ്റംസ് എന്നീ വിഷയങ്ങൾ ഉൾക്കൊള്ളുന്ന ഫിസിക്കൽ സയൻസ് ഗ്രൂപ്പ് പ്രധാനമായും എൻജിനിയറിങ് അനുബന്ധ മേഖലകളിൽ തുടർ പഠനം ആഗ്രഹിക്കുന്നവർക്ക് ഒരു മികച്ച അടിത്തറ ലഭിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്.
ഇന്റഗ്രേറ്റഡ് സയൻസ് ഗ്രൂപ്പ്: മെഡിക്കൽ, പാരാമെഡിക്കൽ മേഖലയിലേക്കുള്ള വാതില്‍
ഇംഗ്ലീഷ്, കമ്പ്യൂട്ടർ സയൻസ് & ഐ.ടി, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ബയോളജി എന്നി വിഷയങ്ങളുടെ കോമ്പിനേഷനായ ഇന്റഗ്രേറ്റഡ് സയൻസ് ഗ്രൂപ്പ് മെഡിക്കൽ, പാരാ മെഡിക്കൽ മേഖലകൾ ലക്ഷ്യം വയ്ക്കുന്നവർക്ക് കൂടി ഉള്ളതാണ്.സാങ്കേതിക പഠനം താൽപര്യമില്ലാത്തവർക്ക് മറ്റു വിഷയങ്ങളില്‍ പഠനം തുടരാന്‍ ഈ ഗ്രൂപ്പ് സഹായിക്കുന്നു.
മികച്ച സൗകര്യങ്ങളും അച്ചടക്കവുമുള്ള പഠനാന്തരീക്ഷം, നല്ല രീതിയിൽ പ്രവർത്തിക്കുന്ന അധ്യാപക-രക്ഷാകർതൃ സമിതികൾ,പിന്നാക്ക വിഭാഗത്തിൽ പെടുന്നവർക്ക് നിയമാനുസൃത ഫീസിളവ് എന്നിങ്ങനെ നീളുന്നു ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറിയുടെ പ്രത്യേകതകള്‍.
പ്രവേശനം ഇങ്ങനെ
ഏകജാലക സംവിധാനത്തിൽ ഉൾപ്പെടാത്ത ഈ സ്കൂളുകളിലേക്ക് നേരിട്ടാണ് അപേക്ഷിക്കേണ്ടത്. http://www.ihrd.kerala.gov.in/thss/ എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായോ താത്പര്യമുള്ള സ്‌കൂളുകളില്‍ നേരിട്ടോ അപേക്ഷിക്കാം.
തിരുവനന്തപുരത്ത് മുട്ടട, പത്തനംതിട്ടയില്‍ അടൂര്‍, മല്ലപ്പള്ളി, ആലപ്പുഴയില്‍ ചേര്‍ത്തല, കോട്ടയത്ത് പുതുപ്പള്ളി, ഇടുക്കിയില്‍ പീരുമേട്, മുട്ടം, എറണാകുളത്ത് കലൂര്‍, കപ്രശ്ശേരി, ആലുവ, തൃശൂരില്‍ വരടിയം, മലപ്പുറത്ത് വാഴക്കാട്, വട്ടംകുളം, പെരിന്തല്‍മണ്ണ, കോഴിക്കോട് തിരുത്തിയാട് എന്നിവിടങ്ങളിലാണ് നിലവില്‍ ടെക്‌നിക്കല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളുള്ളത്.