
StudyatChanakya Admin
Jul 29,2020
4:39pm
Science News : Issue #2
ഒരിക്കലും ചാർജ് തീരാത്ത ബാറ്ററി
സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവരുടെ പ്രധാന തലവേദനയാണ് വേഗം ചാർജ് തീർന്നുപോകുന്ന ബാറ്ററി. എത്രമാത്രം ശേഷിയുള്ള ബാറ്ററിയാണെങ്കിലും ആളുകളുടെ വർധിച്ചുവരുന്ന ഫോൺ ഉപയോഗത്തിന് അതൊന്നും മതിയാകാത്ത സ്ഥിതിയാണ്. ഈ സമയത്ത് ആരെങ്കിലും ഒരിക്കലും ചാർജ് തീരാത്ത ഒരു ബാറ്ററി കണ്ടുപിടിച്ചാലോ? കഥയല്ല, സംഗതി സത്യമാകാൻ പോകുകയാണ്! ഇംഗ്ലണ്ടിലെ ബ്രിസ്റ്റോൾ സർവകലാശാലയിലെ ഗവേഷകനായ ടോം സ്കോട്ടും സംഘവുമാണ് ഇത്തരമൊരു അദ്ഭുത ബാറ്ററി നിർമിക്കുന്നത്. റേഡിയോആക്റ്റീവ് കാർബൺ - 14 ഉള്ള മനുഷ്യനിർമിത വജ്രം (Diamond) ഉപയോഗിച്ചാണ് ഈ ബാറ്ററി നിർമിക്കുന്നത്. റേഡിയോ ആക്റ്റീവ് ഐസോടോപ്പിൽ നടക്കുന്ന രാസപ്രവർത്തനം മൂലം വൈദ്യുതി ഉൽപാദിപ്പിക്കുന്ന ഈ ബാറ്ററികൾക്ക് ആയിരക്കണക്കിന് വർഷങ്ങളോളം ചാർജ് തീരാതെ നിൽക്കാനാവും! ഈ ബാറ്ററിയിൽ ഉപയോഗിക്കാൻ ആണവോർജ നിലയങ്ങളിലെ മാലിന്യങ്ങളിൽ നിന്ന് കാർബൺ 14 വേർതിരിച്ചെടുക്കുന്നതിലൂടെ അപകടകാരിയായ ഈ മാലിന്യം നിർമാർജനം ചെയ്യാൻ ഫലപ്രദമായ ഒരു വഴി കൂടി ലഭിക്കും എന്നാണ് ഗവേഷകർ പറയുന്നത്.
കാർബണിനെ കല്ലുകളാക്കി അന്തരീക്ഷം ശുദ്ധമാക്കാം!
അന്തരീക്ഷത്തിലെ കാർബൺ മലിനീകരണം പരിസ്ഥിതിക്കും ജീവജാലങ്ങൾക്കും ഉണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് വായിച്ചിട്ടില്ലേ? വണ്ടികൾ ഓടുമ്പോഴും കാട്ടുതീ ഉണ്ടാകുമ്പോഴും മുതൽ നമ്മൾ ശ്വസിക്കുമ്പോൾ വരെ അന്തരീക്ഷത്തിലെ കാർബണിന്റെ അളവ് വർധിക്കുകയാണ്. പരമ്പരാഗത രീതികൾ അന്തരീക്ഷത്തിലെ കാർബൺ കുറയ്ക്കാൻ ഫലപ്രദമാകാതെ വരുന്ന കാലത്ത് സ്വിസ് കമ്പനിയായ ക്ലൈംവർക്സ് (Climeworks) വികസിപ്പിച്ച വിദ്യയാണ് ശ്രദ്ധേയമാകുന്നത്. അന്തരീക്ഷത്തിലെത്തുന്ന കാർബൺ ഡയോക്സൈഡ് കലർന്ന വായു യന്ത്രസഹായത്തോടെ വലിച്ചെടുത്ത് അതിലെ കാർബൺ മാത്രം നീക്കം ചെയ്ത് മണ്ണിനടിയിലേക്ക് വിടുന്നു. ബാക്കി വരുന്ന ശുദ്ധവായു അന്തരീക്ഷത്തിലേക്ക് തിരിച്ചു നൽകും. മണ്ണിനടിയിൽ വച്ച് ബസാൾട്ട് പാറകളുമായി പ്രവർത്തിച്ച് ഈ കാർബൺ കുറച്ചു വർഷം കൊണ്ട് പാറക്കല്ലുകളായി മാറും! ഐസ് ലൻഡിലെ ഒരു സജീവ അഗ്നിപർവതത്തിന് സമീപം വിജയകരമായി ഈ വിദ്യ പരീക്ഷിച്ചിരുന്നു. ഡയറക്റ്റ് എയർ കാപ്ചർ ടെക്നോളജി (DAC) എന്നാണ് ഇതിന്റെ പേര്. ഈ വിദ്യ ഉപയോഗിച്ച് പല മേഖലകളിലെ കാർബൺ പുറന്തള്ളൽ നിയന്ത്രിക്കാനും മലിനീകരണം കുറയ്ക്കാനുമുള്ള ശ്രമങ്ങളിലാണ് ക്ലൈംവർക്സ്.