
Sivan
May 11,2020
2:05pm
Science News : Issue #1
ചൊവ്വേ, ദേ, ചൈന വരുന്നുണ്ടേ...
നമ്മുടെ മംഗൾയാൻ പോലെ ചൈനയും അവരുടെ ആദ്യ ചൊവ്വാദൗത്യത്തിന് തയാറെടുക്കുകയാണ്. ടിയാൻവെൻ-1 (Tianwen-1) എന്നാണ് ഈ ചൊവ്വാപര്യവേക്ഷണത്തിന്റെ പേര്. 'സ്വർഗത്തോടുള്ള ചോദ്യങ്ങൾ' എന്നാണ് Tianwen എന്ന പേരിന്റെ അർഥം. ചൈനയിലെ പുരാതന കവികളിൽ പ്രമുഖനായ ക്യു യുവാൻ (Qu Yuan, about 340-278 BC) രചിച്ച ഒരു കവിതയുടെ പേരിൽ നിന്നാണ് ഇത് കടമെടുത്തത്. ചൈനയുടെ ദേശീയ ബഹിരാകാശദിനമായ ഏപ്രിൽ 24-ന് ചൈന നാഷണൽ സ്പേസ് അഡ്മിനിസ്ട്രേഷൻ (CNSA ) ഈ ദൗത്യം പ്രഖ്യാപിച്ചു. 1970 എപ്രിൽ 24-നാണ് ചൈന ആദ്യമായി ഒരു കൃതിമോപഗ്രഹം വിക്ഷേപിച്ചത്. Dong Fang Hong -1 എന്നായിരുന്നു അതിന്റെ പേര്. ആ നേട്ടത്തെ അനുസ്മരിക്കാനാണ് ഏപ്രിൽ 24 അവർ ദേശീയ ബഹിരാകാശദിനമായി തിരഞ്ഞെടുത്തത്.
ഒരു ഓർബിറ്ററും ലാൻഡറും റോവറും അടങ്ങുന്നതാണ് ടിയാൻവെൻ-1 ദൗത്യം. ഈ വർഷം അവസാനത്തോടെ വിക്ഷേപണം നടത്താനാണ് പദ്ധതി. ചൊവ്വാഗ്രഹത്തിൽ എപ്പോഴെങ്കിലും ജീവനുണ്ടായിരുന്നോ എന്നത് സംബന്ധിച്ച തെളിവുകൾ ശേഖരിക്കുക, ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ച് പഠിക്കുക എന്നിവയാണ് ഈ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.
2009-ൽ റഷ്യയുമായി ചേർന്ന് ചൈന അവരുടെ ചൊവ്വാദൗത്യത്തിന് തുടക്കം കുറിച്ചുവെങ്കിലും 2012-ൽ യിങ്ഹുവോ-1 എന്ന ചൈനീസ് ഓർബിറ്ററുമായി കുതിച്ചുയർന്ന റഷ്യൻ ബഹിരാകാശപേടകം തകർന്നതോടെ ആ കൂട്ടുകെട്ട് അവസാനിച്ചു. പിന്നീട് 2016-ൽ ആണ് ഇപ്പോൾ വിക്ഷേപണത്തിനൊരുങ്ങുന്ന ചൊവ്വാദൗത്യത്തിന് ചൈനീസ് സർക്കാർ അനുമതി നൽകിയത്. ചൊവ്വയിൽനിന്ന് കല്ലും മണ്ണും പോലെയുള്ള സാംപിളുകൾ ശേഖരിക്കാൻ ലക്ഷ്യമിടുന്ന 2030-ലെ ദൗത്യത്തിനുള്ള മുന്നൊരുക്കം കൂടിയാണ് ടിയാൻവെൻ-1.
സോവിയറ്റ് യൂണിയൻ, അമേരിക്ക, യൂറോപ്പ്, ഇന്ത്യ എന്നിവിടങ്ങളിലെ ബഹിരാകാശ ഏജൻസികൾ മാത്രമാണ് ഇതുവരെ വിജയകരമായി ചൊവ്വാദൗത്യം നടത്തിയിട്ടുള്ളത്. ടിയാൻവെൻ-1 ദൗത്യത്തിലൂടെ ആ പട്ടികയിൽ ചൈനയുടെ പേരും ചേർക്കപ്പെടും.
2013-ലാണ് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ 'മംഗൾയാൻ' വിക്ഷേപിച്ചത്. ഈ നേട്ടം കൈവരിച്ച ആദ്യ ഏഷ്യൻ രാജ്യമാണ് ഇന്ത്യ. മാത്രമല്ല, ആദ്യ ചൊവ്വാദൗത്യം തന്നെ വിജയിപ്പിച്ച ആദ്യ രാജ്യം എന്ന റെക്കോർഡും ഇന്ത്യയ്ക്ക് സ്വന്തം.
ഹെലികോപ്റ്ററിനെ രക്ഷിക്കും കൊതുക്!
കണ്ണില്‍ക്കുത്തിയാല്‍ അറിയാത്ത ഇരുട്ടിലും കൊതുകിന് വഴി തെറ്റാറില്ല. ചുമരിലോ വാതിലിലോ ഒന്നും ഇടിക്കാതെ കൊതുക് കൃത്യമായി വന്ന് നമ്മളെ കടിക്കും. കൊതുകിന്‍റെ ഈ കഴിവ് ചില ഗവേഷകര്‍ സൂക്ഷ്മമായി നിരീക്ഷിച്ചു. ഏറെ നിരീക്ഷിച്ചപ്പോള്‍ അവരൊരു കാര്യം കണ്ടെത്തി. കൊതുകിന്‍റെ കൊമ്പുപോലെയുള്ള അവയവത്തിനുചുവട്ടിലെ കോശങ്ങളാണ് ഇരുട്ടത്തും എവിടെയും ഇടിക്കാതെ പറക്കാന്‍ കൊതുകിനെ സഹായിക്കുന്നത്. കൊതുക് തുറസ്സായ സ്ഥലങ്ങളിലൂടെ പറക്കുമ്പോള്‍ വീതിയേറിയ ചിറകുകളിലൂടെ ശക്തമായി വായു കടന്നുപോകും. മുന്നില്‍ തടസ്സമുണ്ടെങ്കില്‍ ഈ വായുവിന്‍റെ വേഗത്തിലും വ്യത്യാസം വരും. ഇത് കൊതുകിന്‍റെ കൊമ്പുപോലെയുള്ള അവയവത്തിനടിയിലെ കോശങ്ങള്‍ തിരിച്ചറിയുകയും കൊതുക് ദിശ മാറ്റുകയും ചെയ്യും.
കൊതുക് നിലത്തേക്ക് അടുക്കുകയാണെന്നിരിക്കട്ടെ, കൊതുക് ചിറകിട്ടടിക്കുമ്പോഴുണ്ടാകുന്ന വായുപ്രവാഹത്തിന്‍റെ ശക്തിയില്‍ അപ്പോഴും വ്യത്യാസം വരും. കൊതുകിന്‍റെ ചിറകു തള്ളുന്ന വായു നിലത്തു തട്ടുന്നതിനാലാണിത്. ഇതും കൊതുക് തിരിച്ചറിഞ്ഞ് സുരക്ഷിതമായി പറന്നിറങ്ങുകയോ ദിശമാറ്റുകയോ ചെയ്യും.
ഈ വിദ്യ ഡ്രോണുകളിലും ഹെലികോപ്റ്ററുകളിലും ഉപയോഗപ്പെടുത്താന്‍ പറ്റുമോ എന്ന് നോക്കുകയാണ് ഗവേഷകര്‍. ഇതുവഴി കൂട്ടിയിടിയും മറ്റ് അപകടങ്ങളും കുറയ്ക്കാന്‍ കഴിയും.
അയല്‍പക്കത്തൊരു തമോഗര്‍ത്തം
നമ്മുടെ ഭൂമിയില്‍ നിന്ന് വെറും ആയിരം പ്രകാശ വര്‍ഷം അകലെ ഒരു തമോഗര്‍ത്തം. (പ്രകാശം ഒരു വര്‍ഷം കൊണ്ട് സഞ്ചരിക്കുന്ന ദൂരമാണ് ഒരു പ്രകാശ വര്‍ഷം!) യൂറോപ്യന്‍ സതേണ്‍ ഒബ്സര്‍വേറ്ററിയിലെ ശാസ്ത്രജ്ഞരാണ് ഈ തമോഗര്‍ത്തത്തെ കണ്ടെത്തിയത്. സൗരയൂഥത്തോട് ഏറ്റവും അടുത്തു കിടക്കുന്ന തമോഗര്‍ത്തമാണിത്. ചിലിയിലെ മരുഭൂമിയില്‍ സ്ഥാപിച്ച പടുകൂറ്റന്‍ ടെലിസ്കോപ്പിന്‍റെ സഹായത്തോടെയാണ് എച്ച് ആര്‍ 6819 എന്നു പേരിട്ടിരിക്കുന്ന ഈ തമോഗര്‍ത്തത്തെ കണ്ടെത്തിയത്. ഇത്തരത്തിലുള്ള തമോഗര്‍ത്തങ്ങള്‍ ഇനിയും കാണാന്‍ സാധ്യതയുണ്ടെന്നാണ് ഗവേഷകരുടെ നിഗമനം. സമീപത്തുള്ള രണ്ട് നക്ഷത്രങ്ങളെ നിരീക്ഷിച്ചാണ് തമോഗര്‍ത്തത്തെ കണ്ടെത്തിയത്. നമ്മുടെ സൂര്യനെക്കാള്‍ ആറിരട്ടി വലുപ്പമുണ്ടിതിന്. ഇതിന് മുന്‍പ് സൗരയൂഥത്തോട് ഏറ്റവും അടുത്ത് കണ്ടെത്തിയ തമോഗര്‍ത്തത്തേക്കാള്‍ മൂന്നിരട്ടി അടുത്താണ് ഈ പുതിയ തമോഗര്‍ത്തമുള്ളത്.
അതിശക്തമായ ഗുരുത്വാകര്‍ഷണബലമാണ് തമോഗര്‍ത്തങ്ങള്‍ക്കുണ്ടാകുക. അതുകൊണ്ടു തന്നെ തമോഗര്‍ത്തങ്ങളുടെ കയ്യില്‍നിന്ന് പ്രകാശരശ്മികള്‍ക്ക് പോലും രക്ഷപ്പെട്ടു പുറത്തുവരാന്‍ പറ്റില്ല. നക്ഷത്രങ്ങള്‍ മരിക്കുമ്പോഴാണ് തമോഗര്‍ത്തങ്ങള്‍ രൂപപ്പെടുന്നത്.