
StudyatChanakya Admin
Sep 16,2020
10:36am
മോഴ്സിന്‍റെ സന്ദേശവിദ്യ
പ്രകൃതിദൃശ്യങ്ങള്‍ മാത്രം വരച്ചിരുന്നാല്‍ ശരിയാവില്ല. ആളുകളുടെ പടങ്ങള്‍ കൂടുതലായി വരച്ചു കൊടുക്കണം. അതിനാണിപ്പോള്‍ കൂടുതല്‍ ഡിമാന്‍ഡ്..... സാമുവല്‍ മോഴ്സ് എന്ന ചിത്രകാരന്‍ തന്‍റെ ചിത്രമെഴുത്തു ശാലയിലിരുന്ന് ഓര്‍ത്തു.
1800 കാലഘട്ടമാണ്. ഫോട്ടോ എടുക്കുന്ന മൊബൈല്‍ ഫോണൊന്നും അക്കാലത്തില്ല. ക്യാമറയും അത്ര വികസിച്ചിട്ടില്ല. ഒരാളുടെ ചിത്രം വേണമെങ്കില്‍ ചിത്രകാരന് മുന്നില്‍ ചെന്നിരിക്കണം. സാമുവല്‍ മോഴ്സ് എന്ന അമേരിക്കന്‍ ചിത്രകാരന്‍ അങ്ങനെ ആളുകളുടെ പടം വരച്ചുകൊടുക്കുന്നതിലേക്ക് തിരിഞ്ഞു. വര നല്ലതായതിനാല്‍ സാമുവലിന് തരക്കേടില്ലാത്ത വരുമാനവും കിട്ടി.
1791-ല്‍ അമേരിക്കയിലെ ചാള്‍സ് ടൗണിലാണ് സാമുവല്‍ മോഴ്സ് ജനിച്ചത്. ലണ്ടന്‍ , ഫ്രാന്‍സ് , ഇറ്റലി എന്നിവിടങ്ങളില്‍ ചെന്ന് ചിത്രകല നന്നായി പഠിച്ചു. നാല്പ്പതു വയസ്സുവരെ സാമുവല്‍ മോഴ്സ് ജീവിച്ചത് ഒരു ചിത്രകാരനായിട്ടായിരുന്നു. മുപ്പത്തഞ്ചു വയസ്സുകഴിഞ്ഞപ്പോള്‍ ദുരന്തങ്ങള്‍ ഒന്നിനു പിറകെ ഒന്നായി സാമുവല്‍ മോഴ്സിനെ വേട്ടയാടിത്തുടങ്ങി. ഭാര്യ മരിച്ചു. പിന്നാലെ അച്ഛനും അമ്മയും മരിച്ചു. ഇതിനൊക്കെ പുറമേ, ചിത്രകലയില്‍നിന്നുള്ള വരുമാനവും കുറഞ്ഞു. ഇതിനു പുറമേ പലതരം അസുഖങ്ങളും സാമുവല്‍ മോഴ്സിനെ അലട്ടുന്നുണ്ടായിരുന്നു. അദ്ദേഹം യൂറോപ്പിലേക്ക് യാത്ര തിരിച്ചു. തന്‍റെ ആരോഗ്യം വീണ്ടെടുത്ത് മെച്ചപ്പെട്ട ഒരു ജീവിതം കെട്ടിപ്പടുക്കുകയായിരുന്നു ലക്ഷ്യം. മൂന്ന് വര്‍ഷത്തിന് ശേഷം അദ്ദേഹം തിരികെ അമേരിക്കയിലേക്ക് യാത്ര തിരിച്ചു. ആ യാത്രയില്‍ അദ്ദേഹത്തിനൊപ്പം ചാള്‍സ് ജാക്സണ്‍ എന്ന ഒരു ഡോക്ടര്‍ കൂടി ഉണ്ടായിരുന്നു. ഉപകരണങ്ങള്‍ കണ്ടുപിടിക്കുന്നതില്‍ വിരുതനായിരുന്നു ആ ഡോക്ടര്‍. ചാള്‍സ് ജാക്സണ്‍ സാമുവലിനോട് ഇലക്ട്രോമാഗ്നറ്റിസത്തെക്കുറിച്ച് സംസാരിച്ചു. വൈദ്യുതതരംഗം കമ്പികളിലൂടെ ഏറെ ദൂരം സഞ്ചരിക്കുമെന്ന് വിശദീകരിച്ചുകൊടുത്തു.
സാമുവലിന്‍റെ മനസ്സില്‍ ഒരു ബള്‍ബ് തെളിഞ്ഞു. എന്തുകൊണ്ട് വൈദ്യുതിയുടെ ഈ ഗുണം സന്ദേശങ്ങള്‍ കൈമാറുന്ന കാര്യത്തില്‍ ഉപയോഗിച്ചുകൂടാ... വൈകിയില്ല. ആ കപ്പല്‍ത്തട്ടിലിരുന്നുകൊണ്ട് സാമുവല്‍ മോഴ്സ് ഒരു ഉപകരണത്തിന്‍റെ രൂപരേഖ വരച്ചുണ്ടാക്കി. ഒരറ്റത്തുനിന്ന് പ്രത്യേകരീതിയില്‍ സര്‍ക്യൂട്ട് ഓണ്‍ ചെയ്യുകയും ഓഫ് ചെയ്യുകയും ചെയ്യും. മറ്റേ അറ്റത്തുള്ളയാള്‍ ഒരു വൈദ്യുതകാന്തത്തിന്‍റെ ചലനം നോക്കി ആ സന്ദേശം വായിച്ചെടുക്കും.ഇതായിരുന്നു മോഴ്സ് രൂപപ്പെടുത്തിയ യന്ത്രമെന്ന് ലളിതമായി പറയാം. ഇതിനായി അദ്ദേഹം രൂപപ്പെടുത്തിയതാണ് മോഴ്സ് കോഡ്. ഏറെ നീണ്ടു നില്‍ക്കുന്നതും ചെറിയ സമയത്തേക്ക് മാത്രമുള്ളതുമായ വൈദ്യുതതരംഗങ്ങള്‍ കൊണ്ടാണ് ഈ കോഡ് രൂപപ്പെടുത്തിയത്. ഇതുവഴി അക്ഷരങ്ങളും സംഖ്യകളും ഒരിടത്തുനിന്ന മറ്റൊരിടത്തേക്ക് അയക്കാന്‍ കഴിയുമായിരുന്നു. കൂടുതല്‍ മെച്ചപ്പെടുത്തിയ ശേഷം തന്‍റെ ഉപകരണത്തിന് സാമുവല്‍ മോഴ്സ് പേറ്റന്‍റ് എടുത്തു. 1843-ല്‍ വാഷിങ്ടണ്‍ ഡി സിയില്‍നിന്ന് ബാള്‍ട്ടിമോറിലേക്ക് ഒരു ലൈന്‍ നിര്‍മ്മിക്കാന്‍ സാമുവല്‍ മോഴ്സിന് അനുമതി കിട്ടി. അതുവഴി അദ്ദേഹം സന്ദേശമയച്ചു. അങ്ങനെ ടെലഗ്രാഫ് സന്ദേശങ്ങള്‍ അയക്കുന്ന രീതി ലോകത്ത് നിലവില്‍ വന്നു. അറ്റ്ലാന്‍റിക്കിന് കുറുകെ കേബിള്‍ സ്ഥാപിക്കുന്ന പദ്ധതിയിലും മോഴ്സ് പിന്നീട് പങ്കാളിയായി. പേറ്റന്‍റ് വഴി അദ്ദേഹം ധാരാളം പണം സമ്പാദിച്ചു. 1872-ല്‍ ആ പ്രതിഭാശാലി അന്തരിച്ചു.