StudyatChanakya Admin
Aug 07,2020
10:31am
ലോകത്തെ മുന്നോട്ടു നയിച്ച പ്രതിഭ
ജോര്‍ജ് റെയ്ബോ എന്ന പുസ്തക്കടമുതലാളി തന്‍റെ ജോലിക്കാരനെ നിരീക്ഷിക്കാന്‍ തുടങ്ങിയിട്ട് കുറച്ചു ദിവസമായി. പുസ്തകങ്ങള്‍ ബൈന്‍ഡ് ചെയ്യുകയും മറ്റുമാണ് റെയ്ബോയുടെ കടയില്‍ ചെയ്യുന്ന ജോലി. അങ്ങനെ ഒരിക്കല്‍ ബൈന്‍ഡ് ചെയ്യാനെത്തിയത് ഒരു എന്‍സൈക്ലോപീഡിയ ആണ്. അത് ജോലിക്കാരനായ പയ്യനെ ഏല്‍പ്പിച്ചിട്ട് പല ദിവസങ്ങളായി. ജോലി നടക്കുന്നുണ്ട്. പക്ഷേ, ഇടയ്ക്കിടെ അവനത് കുത്തിപ്പിടിച്ചിരുന്ന് വായിക്കുന്നു.
റെയ്ബോ ഒരു ദിവസം നേരെ ആ പയ്യന്‍റെ മുന്നിലെത്തി അവന്‍ വായിക്കുന്നതെന്താണെന്ന് അന്വേഷിച്ചു. താന്‍ വായിച്ചുകൊണ്ടിരുന്ന ലേഖനം അവന്‍ മുതലാളിക്ക് കാണിച്ചുകൊടുത്തു. വൈദ്യുതിയെക്കുറിച്ചുള്ള വിശദമായ ഒരു ശാസ്ത്രലേഖനമായിരുന്നു അത്. പയ്യന്‍ ചില്ലറക്കാരനല്ലെന്ന് റെയ്ബോയ്ക്ക് മനസ്സിലായി. അയാള്‍ കുറച്ച് പണമെടുത്ത് പയ്യന് കൊടുത്തിട്ടു പറഞ്ഞു.
സര്‍ ഹംഫ്രി ഡേവി ഒരു ക്ലാസ് നടത്തുന്നുണ്ട്. അത് പോയി കേട്ടിട്ടു വാ....
പയ്യന് സന്തോഷമായി. ആ പണവുംകൊണ്ട് ഹംഫ്രി ഡേവിയുടെ ക്ലാസ് കേള്‍ക്കാനായി അവന്‍ പോയി. അവന്‍റ ജീവിതം മാറ്റി മറിച്ച സംഭവമായിരുന്നു അത്. പ്രശസ്തനായ ബ്രിട്ടീഷ് രസതന്ത്രജ്ഞനാണ് ഹംഫ്രി ഡേവി. ഖനി തൊഴിലാളികള്‍ക്ക് ഖനിയുടെ അകത്ത് ഉപയോഗിക്കാന്‍ കഴിയുന്ന പ്രത്യേകവിളക്ക് കണ്ടെത്തിയതിന് റോയല്‍ സൊസൈറ്റിയുടെ സ്വര്‍ണ്ണമെഡല്‍ അദ്ദേഹം നേടിയിരുന്നു.
ആ പയ്യന്‍റെ പേര് നിങ്ങളറിയും. മൈക്കേല്‍ ഫാരഡേ. വൈദ്യുതിയുടെ പിതാവ് എന്നറിയപ്പെടുന്ന പ്രതിഭ!
1791-ല്‍ ലണ്ടനിലെ ഒരു പാവപ്പെട്ട കുടുംബത്തിലാണ് മൈക്കേല്‍ ഫാരഡെ ജനിച്ചത്. പള്ളിവക സ്കൂളിലായിരുന്നു ഫാരഡെയുടെ ആദ്യകാലത്തെ വിദ്യാഭ്യാസം. പക്ഷേ, തുടര്‍ന്ന് പഠിക്കാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും അതിനുള്ള സാമ്പത്തികസ്ഥിതിയൊന്നും ഫാരഡെയുടെ കുടുംബത്തിനില്ലായിരുന്നു. അങ്ങനെയാണ് ഫാരഡെ ജോര്‍ജ് റെയ്ബോയുടെ ബുക്ക് ബൈന്‍ഡിങ് കടയില്‍ ജോലിക്ക് ചേര്‍ന്നത്.
ഹംഫ്രി ഡേവിയുടെ ക്ലാസ് കേട്ട ഫാരഡെ ഡേവി പറഞ്ഞ ഓരോ കാര്യവും അക്ഷരം വിടാതെ എഴുതിയെടുത്തു. ഒപ്പം ഗ്രാഫുകളും ചാര്‍ട്ടുകളുമൊക്കെ വരച്ച് കൂടുതല്‍ വ്യക്തത വരുത്തി. എന്നിട്ട് ഹംഫ്രി ഡേവിക്ക് അയച്ചുകൊടുത്തു. ഒപ്പം അദ്ദേഹത്തിന്‍റെ ലബോറട്ടറിയില്‍ ജോലിക്ക് ചേരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ടുള്ള എഴുത്തുമുണ്ടായിരുന്നു.
ഫാരഡെയില്‍ മതിപ്പ് തോന്നിയ ഡേവി അവനെ ജോലിക്കെടുത്തു. ലോകത്തിന്‍റെ ശാസ്ത്രചരിത്രത്തിലെ നിര്‍ണ്ണായകമായ ഒരു സംഭവമായിരുന്നു അവരുടെ കണ്ടുമുട്ടല്‍.
ഹംഫ്രി ഡേവിയുടെ അസിസ്റ്റന്‍റ് ആയി ജോലി തുടങ്ങിയ മൈക്കല്‍ ഫാരഡെ വളരെ വേഗം കാര്യങ്ങള്‍ പഠിച്ചെടുത്തു.
ശാസ്ത്രാഭിമുഖ്യം വളര്‍ത്തുന്നതിനും പുതിയ പുതിയ അറിവുകള്‍ നേടുന്നതിനുമായി ബ്രിട്ടനില്‍ രൂപീകരിച്ച സംഘടനയാണ് റോയല്‍ സൊസൈറ്റി. നിരവധി ശാസ്ത്രജ്ഞരും തത്വചിന്തകരുമൊക്കെ അതിന്‍റെ ഭാഗമായിരുന്നു. ഡേവിയുടെ പരിശ്രമഫലമായി മൈക്കേല്‍ ഫാരഡെ റോയല്‍ സൊസൈറ്റിയില്‍ സഹായിയായി ജോലിക്ക് കയറി. പതിയെ ഫാരഡെ അവിടെ വച്ച് തന്‍റെതായ രീതിയില്‍ പരീക്ഷണങ്ങളും ഗവേഷണങ്ങളും തുടങ്ങി. പക്ഷേ, പണം ഒരു തടസ്സമായിരുന്നു. അന്നത്തെ ബ്രിട്ടീഷ് അധികാരികളോട് ധനസഹായത്തിന് ഫാരഡെ അഭ്യര്‍ഥിച്ചെങ്കിലും അടിസ്ഥാനവിദ്യാഭ്യാസമില്ലാത്ത ഒരാള്‍ക്ക് പരീക്ഷണങ്ങള്‍ നടത്താന്‍ ധനസഹായം നല്‍കാനാവില്ലെന്ന് പറഞ്ഞ് ആ അപേക്ഷ നിരസിക്കപ്പെട്ടു.
വിദ്യാഭ്യാസം മാത്രമല്ല, കഠിനാധ്വാനം കൂടിയാണ് ഒരു പ്രതിഭയെ രൂപപ്പെടുത്തുന്നത് എന്ന് കാലം പില്‍ക്കാലത്ത് തെളിയിച്ചു. വൈദ്യുത മോട്ടോര്‍, ഇലക്ട്രോ മാഗ്നറ്റിക് ഇന്‍ഡക്ഷന്‍ നിയമങ്ങള്‍ (വൈദ്യുതരംഗത്തെ കുതിച്ചു ചാട്ടത്തിന് കാരണമായത് ഫാരഡെ വൈദ്യുതിയെക്കുറിച്ച് രൂപപ്പെടുത്തിയ നിയമങ്ങളാണ്.) തുടങ്ങിയ കാര്യങ്ങള്‍ ഫാരഡെ കണ്ടെത്തിയതോടെ ലോകം ആ പ്രതിഭാശാലിയെ ശ്രദ്ധിക്കാന്‍ തുടങ്ങി. വൈദ്യുതിരംഗത്ത് മാത്രമല്ല, രസതന്ത്രത്തിലും ഫാരഡെ മികച്ച നേട്ടങ്ങളുണ്ടാക്കി. അതിലൊന്നാണ് ക്ലോറിന്‍ ദ്രവരൂപത്തിലേക്ക് മാറ്റിയത്. ഇലക്ട്രോലൈറ്റ്, ഇലക്ട്രോളിസിസ്, ഇലക്ട്രോഡ്, കാഥോഡ്, ആനോഡ്, അയണ്‍ തുടങ്ങിയ വാക്കുകളെല്ലാം ആദ്യമായി ഉപയോഗിച്ചത് ഫാരഡെ 1834-ല്‍ പ്രസിദ്ധീകരിച്ച പ്രബന്ധത്തിലാണ്.
തന്‍റെ വിശ്വാസമനുസരിച്ച് സ്വത്ത് സമ്പാദിച്ചുകൂട്ടുന്നത് അത്ര നല്ലകാര്യമായി ഫാരഡെ കരുതിയിരുന്നില്ല. അതിനാല്‍ത്തന്നെ തന്‍റെ കണ്ടുപിടുത്തങ്ങള്‍ക്ക് കൃത്യമായി പേറ്റന്‍റ് എടുക്കുന്ന കാര്യത്തിലൊക്കെ അദ്ദേഹം വിമുഖനായിരുന്നു. ഫാരഡെയുടെ സംഭാവനകളെ മാനിച്ച് ബ്രിട്ടീഷ് രാജ്ഞി പ്രഭു പദവി നല്കിയെങ്കിലും ഫാരഡെ അത് വിനയപൂര്‍വം നിരസിച്ചു. റോയല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍റെ പ്രസിഡന്‍റ് പദവിയും അദ്ദേഹം നിരസിച്ചു. വെറുമൊരു സാധാരണക്കാരനായിരിക്കാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നു. ബ്രിട്ടന്‍ 20 പൗണ്ട് നോട്ടില്‍ അദ്ദേഹത്തിന്‍റെ പടം അച്ചടിച്ച് ആദരവ് പ്രകടിപ്പിച്ചു. 1867- ല്‍ ആ പ്രതിഭാശാലി അന്തരിച്ചു.
കഠിനമായ ജീവിതസാഹചര്യങ്ങളെ പഴിക്കാതെ തന്‍റെ ശ്രമം തുടര്‍ന്നതാണ് മൈക്കേല്‍ ഫാരഡെയുടെ വിജയത്തിന് കാരണം. സ്കൂളില്‍ വിടാന്‍ അച്ഛനമ്മമാര്‍ക്ക് കഴിവില്ല. അതുകൊണ്ട് ഞാനിനി പഠിക്കുന്നില്ല എന്ന് മൈക്കേല്‍ ഫാരഡെ തീരുമാനിച്ചിരുന്നെങ്കിലോ.... എങ്കില്‍ ഇന്ന് ലോകത്തെ ചലിപ്പിക്കുന്ന പല കണ്ടുപിടുത്തങ്ങളും ഉണ്ടാകുമായിരുന്നില്ല!