
StudyatChanakya Admin
Sep 01,2020
2:57pm
ഫിസിക്സിന്റെ ഗതി മാറ്റിയ പ്ലാങ്ക്
നിങ്ങളുടെ മകനെ വധശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നു...
അതുകേട്ടിട്ടും ആ പിതാവിന്‍റെ മുഖത്ത് വലിയ ഭാവമാറ്റമൊന്നുമുണ്ടായില്ല. അദ്ദേഹം അതു പ്രതീക്ഷിച്ചിരുന്നതാണ്. ചെറിയ കുറ്റമല്ല മകന്‍റെ മേല്‍ ചുമത്തപ്പെട്ടിരിക്കുന്നത്. ഹിറ്റ്ലറെ വധിക്കാന്‍ ശ്രമിച്ചിരിക്കുന്നു! ആ കുറ്റത്തിന് വധശിക്ഷയില്‍ കുറഞ്ഞ മറ്റൊരു ശിക്ഷ ഒരുകാലത്ത് ജര്‍മ്മനിയിലില്ലായിരുന്നു.
ആ പിതാവിന്‍റെ പേര്. മാക്സ് പ്ലാങ്ക്. പ്രകാശം എന്നാല്‍ ഊര്‍ജ്ജത്തിന്‍റെ പായ്ക്കറ്റുകളുടെ പ്രവാഹം എന്ന സിദ്ധാന്തം മുന്നോട്ടു വച്ച് അതുവരെയുള്ള ഭൗതികശാസ്ത്രത്തിന്‍റെ ഗതി മാറ്റിയ മഹാപ്രതിഭ!
1858-ല്‍ ജര്‍മ്മനിയിലെ കീല്‍ എന്ന പ്രദേശത്താണ് മാക്സ് പ്ലാങ്ക് ജനിച്ചത്. ചെറുപ്പത്തില്‍ത്തന്നെ അസാധാരണബുദ്ധിശക്തി പ്രദര്‍ശിപ്പിച്ചിരുന്നു മാക്സ്. ഹെര്‍മന്‍ മുള്ളര്‍ എന്ന അധ്യാപകന്‍റെ കീഴില്‍ വാനശാസ്ത്രവും കണക്കും പഠിച്ചു. 17-ാം വയസ്സില്‍ അദ്ദേഹം ബിരുദം നേടി. പഠനത്തിനൊപ്പം അദ്ദേഹത്തിന് പ്രിയപ്പെട്ട മറ്റൊരു വിനോദം കൂടിയുണ്ടായിരുന്നു. സംഗീതം! നല്ലൊരു പിയാനോ വാദകന്‍ കൂടിയായിരുന്നു മാക്സ് പ്ലാങ്ക്.
1874-ല്‍ മാക്സ് പ്ലാങ്ക് തുടര്‍പഠനങ്ങള്‍ക്കായി മ്യൂണിച്ച് സര്‍വകലാശാലയില്‍ ചേര്‍ന്നു. ഫിസിക്സ് പഠിക്കാനാണ് താല്‍പ്പര്യമെന്നു പറഞ്ഞപ്പോള്‍ അധ്യാപകര്‍ മാക്സിനെ നിരുത്സാഹപ്പെടുത്തി. ഇനി പുതിയതായി ഒന്നും ഫിസിക്സില്‍ കണ്ടെത്താനില്ലെന്നായിരുന്നു അവരുടെ വാദം. പക്ഷേ, മാക്സ് പ്ലാങ്ക് അതൊന്നും ചെവിക്കൊള്ളാതെ ഫിസിക്സില്‍ തന്‍റെ പഠനം തുടര്‍ന്നു. ഡോക്ടറേറ്റ് നേടിയ ശേഷം കീല്‍ യൂണിവേഴ്സിറ്റിയില്‍ അധ്യാപകനായി ചേര്‍ന്നു. പിന്നീട് ബെര്‍ലിന്‍ സര്‍വകലാശാലയില്‍ ഫിസിസ്ക് അധ്യാപകനായി.
തെര്‍മോ ഡൈനാമിക്സ്, റേഡിയേഷന്‍ തിയറി, സയന്‍സ് ഫിലോസഫി തുടങ്ങിയ മേഖലകളില്‍ അദ്ദേഹം പഠനം തുടര്‍ന്നു. 1900-ത്തില്‍ അദ്ദേഹം തന്‍റെ പ്രശസ്തമായ ക്വാണ്ടം തിയറി അവതരിപ്പിച്ചു. ക്വാണ്ട എന്ന ഊര്‍്ജ്ജ പായ്ക്കറ്റുകള്‍ നിരന്തരം പ്രസരിക്കുന്നതാണ് പ്രകാശം എന്നായിരുന്നു ഈ സിദ്ധാന്തത്തിന്‍റെ അടിസ്ഥാനം. 1918-ല്‍ മാക്സ് പ്ലാങ്കിന് നൊബേല്‍ സമ്മാനം ലഭിച്ചു. മാക്സ് പ്ലാങ്കിന്‍റെ വീട്ടില്‍ ഐന്‍സ്റ്റീന്‍ അടക്കമുള്ള പ്രതിഭകള്‍ സന്ദര്‍ശകരായിരുന്നു. ശാസ്ത്രവും സമൂഹവും ഭരണകൂടവുമൊക്കെ അവരുടെ ചര്‍ച്ചകളില്‍ വന്നു.
നേട്ടങ്ങള്‍ക്കൊപ്പം ദുരന്തങ്ങളും അദ്ദേഹത്തെ വേട്ടയാടിക്കൊണ്ടിരുന്നു. ഒരു ഭാര്യ ട്യൂബര്‍ക്കുലോസിസ് ബാധിച്ചു മരിച്ചു. ഒരു മകന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടു. 1944-ല്‍ അദ്ദേഹത്തിന്‍റെ വീട് ബോംബാക്രമണത്തില്‍ തകര്‍ന്നു. നിരവധി കയ്യെഴുത്തു പ്രതികളും ഗവേഷണഫലങ്ങളും എരിഞ്ഞു ചാരമായിപ്പോയി. പിറ്റേ വര്‍ഷം ഹിറ്റ്ലറെ കൊല്ലാന്‍ ശ്രമിച്ച കുറ്റം ചുമത്തി മറ്റൊരു മകനെ ജര്‍മ്മന്‍ ഭരണകൂടം വധിച്ചു. 1947- ല്‍ മാക്സ് പ്ലാങ്ക് ഈ ലോകത്തോട് വിടപറഞ്ഞു.