
StudyatChanakya Admin
Aug 19,2020
5:40pm
ലിയോന്‍ഹാഡ് ഓയ്ലര്‍
ജോണ്‍ ബെര്‍ണോലി എന്ന ഗണിതശാസ്ത്രജ്ഞന്‍റെ അടുത്ത് ശ്രദ്ധയോടെ ഇരിക്കുകയാണ് ലിയോന്‍ഹാഡ് ഓയ്ലര്‍ എന്ന കുട്ടി. എല്ലാ ശനിയാഴ്ചകളിലും ഉച്ചതിരിഞ്ഞ് ഓയ്ലര്‍ ബെര്‍ണോലിയുടെ അടുത്തെത്തും. എത്ര പറഞ്ഞുകൊടുത്താലും പിന്നെയും പിന്നെയും സംശയങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കുന്ന സ്വഭാവക്കാരനായിരുന്നു ഓയ്ലര്‍. ബെര്‍ണോലി അതൊക്കെ ക്ഷമയോടെ കേട്ട് ഉത്തരങ്ങള്‍ അവന് മനസ്സിലാകും വിധം വിശദീകരിക്കും. ഓയ്ലറുടെ സംശയങ്ങള്‍ കൂടുതലും ഗണിതശാസ്ത്രത്തില്‍നിന്നുളളവയായിരുന്നു.
1707-ല്‍ സ്വിറ്റ്സര്‍ലന്‍ഡിലെ ബേസല്‍ എന്ന സ്ഥലത്താണ് ലിയോന്‍ഹാഡ് ഓയ്ലര്‍ ജനിച്ചത്. അച്ഛന്‍ ദൈവശാസ്ത്രം പഠിച്ച ഒരു പാസ്റ്ററായിരുന്നു. കൂടാതെ അദ്ദേഹം അധ്യാപകനുമായിരുന്നു. അച്ഛനാണ് കണക്കിന്‍റെ ബാലപാഠങ്ങള്‍ കൊച്ചു ഓയ്ലര്‍ക്ക് പറഞ്ഞുകൊടുത്തത്. ചെറുപ്പത്തില്‍ത്തന്നെ ഓയ്ലര്‍ക്ക് അസാധാരണ ബുദ്ധിശക്തിയും ഓര്‍മ്മശക്തിയുമുണ്ടായിരുന്നു. കണക്കുകള്‍ ചെയ്യാന്‍ അവന് പേനയും കടലാസുമൊന്നും വേണ്ട. വെറുതെ കണ്ണടച്ചിരുന്ന് മനസ്സില്‍ ചെയ്യും. ഉത്തരം കിറുകൃത്യമായിരിക്കും! കവിതകളും മറ്റും ഒരു തവണ മനപാഠമാക്കിയാല്‍ ഏത് ഉറക്കത്തിലും അവന്‍ കാണാതെ ചൊല്ലും! ഓയ്ലറുടെ ഈ കഴിവ് മനസ്സിലാക്കിയ അച്ഛന് ചെറിയൊരു അങ്കലാപ്പാണ് ആദ്യം തോന്നിയത്. കാരണം ആ പ്രദേശത്തെ സ്കൂളില്‍ കാര്യമായ പഠിത്തമൊന്നും നടക്കുന്നില്ലായിരുന്നു. പ്രത്യേകിച്ച് ഗണിതശാസ്ത്രത്തില്‍. അങ്ങനെയാണ് അച്ഛന്‍റെ നിര്‍ദ്ദേശപ്രകാരം ഓയ്ലര്‍ ജോണ്‍ ബെര്‍ണോലിയുടെ അടുത്ത് തടിയന്‍ കണക്കുപുസ്തകങ്ങളുമായി പോയിത്തുടങ്ങിയത്. ഓയ്ലര്‍ ബേസല്‍ യൂണിവേഴ്സിറ്റിയില്‍ ഉപരിപഠനം നടത്തുമ്പോഴും ബെര്‍ണോലിയെ സന്ദര്‍ശിക്കുന്നത് മുടക്കിയില്ല. തത്വചിന്തയില്‍ ഉപരിപഠനം നടത്തിയ ഓയ്ലറുടെ വഴി ഗണിതശാസ്ത്രമാണെന്ന് ബെര്‍ണോലി തിരിച്ചറിഞ്ഞിരുന്നു.
ബെര്‍ണോലി കുടുംബത്തിന്‍റെ സഹായത്തോടെ റഷ്യയിലെ ഇംപീരിയല്‍ അക്കാദമി ഓഫ് സയന്‍സില്‍ ഓയ്ലര്‍ അധ്യാപകനായി ചേര്‍ന്നു. ഓയ്ലര്‍ക്ക് അവിടെ വലിയ ബഹുമാനമാണ് ലഭിച്ചത്. വൈകാതെ കാതറിന എന്ന യുവതിയെ വിവാഹം ചെയ്ത് ഓയ്ലര്‍ അവിടെ താമസമാക്കി. റഷ്യയില്‍ അക്കാലത്ത് കുഴപ്പങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന കാലമായിരുന്നു. ഓയ്ലര്‍ക്ക് ജര്‍മ്മനിയില്‍ നിന്ന് ഒരു ക്ഷണം കിട്ടി. അദ്ദേഹം നേരെ ചെന്ന് ബെര്‍ലിന്‍ അക്കാദമിയില്‍ ചേര്‍ന്നു. അവിടെ വച്ചാണ് പ്രശസ്തമായ പല ഗണിതശാസ്ത്രപ്രബന്ധങ്ങളും ഓയ്ലര്‍ രചിച്ചത്. 25 വര്‍ഷം അവിടെ ജോലി ചെയ്ത ഓയ്ലര്‍ റഷ്യയിലേക്ക് തന്നെ പിന്നീട് തിരികെ പോയി.
ഇതിനിടയില്‍ അദ്ദേഹത്തെ ഒരു നിര്‍ഭാഗ്യം വേട്ടയാടുന്നുണ്ടായിരുന്നു. കണ്ണിന്റെ കാഴ്ചശക്തി പതുക്കെപ്പതുക്കെ കുറഞ്ഞുവരുന്നു! അക്കാലത്ത് കണ്ണിന് നടത്തിയ ഒരു ശസ്ത്രക്രിയ ഓയ്ലറെ തീര്‍ത്തും അന്ധനാക്കി. പണ്ട് കണ്ണടച്ചിരുന്ന് മനസ്സില്‍ ഗണിതക്രിയ ചെയ്തിരുന്ന വിദ്യ ഓയ്ലറുടെ രക്ഷയ്ക്കെത്തി. കണ്ണുകാണാത്ത ഓയ്ലര്‍ കാഴ്ചശക്തിയുള്ളവരേക്കാള്‍ വേഗത്തില്‍ കണക്കുകൂട്ടല്‍ നടത്തി ലോകത്തെ അമ്പരപ്പിച്ചു! 1783-ല്‍ സെന്‍റ് പീറ്റേഴ്സ് ബര്‍ഗില്‍ വച്ച് ഓയ്ലര്‍ അന്തരിച്ചു.
ഗണിതശാസ്ത്രത്തെ ഇന്നത്തെ നിലയിലേക്ക് ഉയര്‍ത്തുന്നതില്‍ ഓയ്ലര്‍ വഹിച്ച പങ്ക് വളരെ വലുതാണ്. ഗണിതശാസ്ത്രത്തിന് പുറമേ, അസ്ട്രോണമിയിലും ജനസംഖ്യാവിശകലനത്തിലും മാപ്പ് നിര്‍മ്മാണത്തിലും കപ്പലുകളുടെ സഞ്ചാരദിശ നിര്‍ണ്ണയിക്കുന്നതിലുമെല്ലാം ഓയ്ലര്‍ വലിയ സംഭാവനകള്‍ നല്‍കി.