
StudyatChanakya Admin
Jul 13,2020
3:16pm
GK Uncle : Issue #7
നഗരത്തിലെ വനം
ഇന്ത്യയുടെ തലസ്ഥാനനഗരമായ ന്യൂ ഡൽഹിയിൽ ഒരു കാട് ഉണ്ടാക്കിയാലോ? അതെങ്ങനെ സാധിക്കും എന്നാണ് സംശയമെങ്കിൽ നേരേ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലുടെ (CAG) ഓഫിസ് വരെ പോയാൽ മതി. അവിടെ ഈയിടെ കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥാ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കർ ഉദ്ഘാടനം ചെയ്ത Unique Urban Forest ആണ് സംഗതി. ഇന്ത്യയിൽ കാണപ്പെടുന്ന അറുപതോളം ഇനം മരങ്ങളുടെ ഏകദേശം 12,000 തൈകൾ ഇവിടെ നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഏതാണ്ട് ഒരേക്കറിൽ രൂപകൽപന ചെയ്ത ഇവിടെ സന്ദർശകർക്കു വേണ്ടി വിവിധ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. മലിനീകരണത്തിന്റെ കാര്യത്തിൽ ലോകത്തുതന്നെ മുൻപന്തിയിലുള്ള ഡൽഹിക്ക് ഒരു ഓക്സിജൻ ടാങ്ക് ആയിരിക്കും നഗരമധ്യത്തിലെ ഈ കാട്.
കോവാക്സിൻ
ലോകമെങ്ങും ദുരന്തം വിതയ്ക്കുന്ന കോവിഡ് 19 നെ ചെറുക്കാൻ ഇന്ത്യ വികസിപ്പിക്കുന്ന പ്രതിരോധമരുന്നാണ് കോവാക്സിൻ (COVAXIN). ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡും ചേർന്ന് വികസിപ്പിക്കുന്ന ഈ മരുന്ന് ഓഗസ്റ്റ് 15-ന് മുമ്പ് തയാറാവും എന്നാണ് കരുതുന്നത്.
ഇന്ത്യയുടെ സ്വന്തം സോഷ്യൽ മീഡിയ ആപ്പ്
സുരക്ഷാഭീഷണി കാരണം ടിക് ടോക് അടക്കമുള്ള 59 ചൈനീസ് ആപ്പുകൾ ഇന്ത്യയിൽ നിരോധിച്ചതിനെക്കുറിച്ചുള്ള വാർത്തകൾ കണ്ടുകാണുമല്ലോ. അതിനു പിന്നാലെ ഇന്ത്യയുടെ സ്വന്തം സോഷ്യൽ മീഡിയ ആപ്ലിക്കേഷൻ ആയ 'എലിമെന്റ്സ്' (Elyments) രംഗത്തെത്തിയിരിക്കുകയാണ്. ശ്രീ ശ്രീ രവിശങ്കറിന്റെ ദി ആർട്ട് ഓഫ് ലിവിങ്ങിലെ പ്രവർത്തകരായ ഐടി വിദഗ്ധരാണ് ഈ ആപ്പ് നിർമിച്ചത്. പൂർണമായി ഇന്ത്യയിൽ നിർമിച്ച ഈ ആപ്പ് ജൂലൈ 5 ന് ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു അവതരിപ്പിച്ചു. ഫേസ്ബുക്കിനും വാട്സാപ്പിനുമൊക്കെ പകരക്കാരനാകാൻ ഇതിന് കഴിയും എന്നാണ് നിർമാതാക്കൾ പറയുന്നത്.
ദിനോസറുകളുടെ കാലത്തെ തവളകൾ!
തവളകളുടെ കുടുംബത്തിലെ നല്ലൊരു ശതമാനം ഇനങ്ങളും കാണപ്പെടുന്നത് മഴക്കാടുകളിലാണ്. എന്നാൽ, ഈ പ്രദേശങ്ങളിലെ തവളകളുടെ ചരിത്രത്തെ കുറിച്ച് പഠിക്കാൻ സഹായിക്കുന്ന ഫോസിൽ രേഖകൾ വളരെ കുറവാണ്. ഇപ്പോഴിതാ ആ കുറവ് ഭംഗിയായി പരിഹരിച്ചു കൊണ്ട് നല്ലൊന്നാന്തരം ഫോസിലുകൾ ഗവേഷകരെ തേടിയെത്തിയിരിക്കുന്നു. ഏകദേശം പത്തുകോടി വർഷങ്ങൾക്കു മുമ്പ് ഭൂമിയിൽ ചുറ്റിനടന്നിരുന്ന തവളകളുടെ ഫോസിലുകളാണ് ഇവ. മഴക്കാടുകളിൽ കാണുന്ന തവളകളുടെ ഏറ്റവും പഴക്കമുള്ള മുൻഗാമികൾ! അതായത് ദിനോസറുകളുടെ കാലത്ത് ഭൂമിയിൽ കറങ്ങിനടന്നിരുന്ന ചേട്ടായീസ്. കുന്തിരിക്കം പോലുള്ള മരപ്പശയ്ക്കുള്ളിൽ കാണപ്പെട്ട ഈ തവള ഫോസിലുകൾ മ്യാൻമറിൽ നിന്നാണ് കണ്ടെത്തിയത്. Electrorana limoae എന്ന ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത ഇനം തവളയുടെ ഫോസിലും ഇക്കൂട്ടത്തിലുണ്ട്.
ഇന്നോളം കണ്ടിട്ടില്ല ഇങ്ങനൊരു ഗ്രഹം!
ഭൂമിയിൽനിന്ന് ഏകദേശം 730 പ്രകാശവർഷം അകലെ വിചിത്രമായ ഒരു ഗ്രഹം. സൂര്യനെ പോലൊരു നക്ഷത്രത്തെ വലംവയ്ക്കുന്ന ഈ ഗ്രഹം പക്ഷേ, നമ്മുടെ സൗരയൂഥത്തിലെ ഗ്രഹങ്ങളെ പോലൊന്നുമല്ല! ഗവേഷകർ ഇന്നോളം കണ്ടെത്തിയിട്ടുള്ളവയിൽ വച്ച് ഏറ്റവും വലിയ rocky (പാറകളും മറ്റും നിറഞ്ഞ ഖരരൂപത്തിലുള്ള ഉപരിതലം ഉള്ള ഗ്രഹം) ഗ്രഹമാണ് ഇത്. ഏകദേശം 40 ഭൂമികൾ ഉൾക്കൊള്ളാൻ കഴിയുന്നത്ര വമ്പനായ ഈ ഗ്രഹത്തിന് TOI-849b എന്നാണ് പേരിട്ടിരിക്കുന്നത്. വാതകഭീമന്മാരായ (Gas Giants) ഗ്രഹങ്ങൾക്കു മാത്രമേ സാധാരണ ഇത്ര തടിമാടന്മാരാകാൻ കഴിയൂ. അതുകൊണ്ടാണ് ഈ പുത്തൻ ഗ്രഹം ബഹിരാകാശ ഗവേഷകർക്ക് വെല്ലുവിളിയാകുന്നത്.