
StudyatChanakya Admin
Jun 03,2020
9:52am
GK Uncle : Issue #6
ആരാണ് ഈ വെട്ടുകിളി?
രാജസ്ഥാനും പഞ്ചാബും ഉത്തർപ്രദേശും പോലുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വൻ കൃഷിനാശം വിതയ്ക്കുന്ന വെട്ടുകിളികളെക്കുറിച്ച് വായിച്ചുകാണുമല്ലോ. പേരിൽ കിളിയുണ്ടെങ്കിലും പുൽചാടിയെ പോലൊരു ചെറുജീവിയാണ് ഇത്. Locusts എന്നാണ് ഇംഗ്ലിഷ് പേര്. Acrididae എന്നാണ് ശാസ്ത്രനാമം. പെട്ടെന്ന് പെരുകുന്ന ഇവ പൂർണവളർച്ചയെത്തിയാൽ കൂട്ടത്തോടെ ഇറങ്ങും. തീറ്റ തേടി എത്ര ദൂരം വരെ പോകാനും ഒരു മടിയുമില്ലാത്ത കൂട്ടരാണിവർ. കൃഷിസ്ഥലങ്ങളിലെത്തിയാൽ സകല ചെടികളും വിളകളും നശിപ്പിച്ചിട്ടേ ഇവർ പോകൂ. പറക്കുന്നതിനിടയ്ക്ക് വീടുകളിലേക്കും ഇവറ്റകൾ കയറിവരാം. എന്നാൽ, മനുഷ്യരെയും മൃഗങ്ങളെയുമൊന്നും ഇവ ആക്രമിക്കാറില്ല. രോഗങ്ങൾ പരത്തുന്നതായും കണ്ടെത്തിയിട്ടില്ല.
കാറ്റിന്റെ ദിശയ്ക്കൊപ്പം ഒരു ദിവസം 150 കിലോമീറ്റർ വരെ ഇവയ്ക്ക് പറക്കാനാവും! പകൽ മാത്രമേ വെട്ടുകിളികൾ സഞ്ചരിക്കാറുള്ളൂ. സന്ധ്യയാകുമ്പോൾ യാത്ര നിർത്തി ഏതെങ്കിലും കൃഷിസ്ഥലത്ത് തമ്പടിച്ച് പണി തുടങ്ങുന്നതാണ് പതിവ്. ഒരു വെട്ടുകിളിക്ക് 300 മുട്ടകൾ വരെ ഇടാനാവും. രണ്ടാഴ്ച കൊണ്ട് ലക്ഷക്കണക്കിന് കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങുകയും ചെയ്യും
ഒരു ദിവസം കൊണ്ട് ഏകദേശം 3.4 കോടി ജനങ്ങൾക്കാവശ്യമായ ഭക്ഷ്യധാന്യങ്ങൾ തിന്നുതീർക്കാൻ ഈ ഭീകരന്മാർക്ക് കഴിയുമെന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ (FAO) കണക്കാക്കിയിട്ടുള്ളത്. ഫറവോകളുടെ കാലം തൊട്ടേ ഈജിപ്തിലും മറ്റും വെട്ടുകിളികൾ വൻ നാശം വിതച്ചിരുന്നതായി ചരിത്രരേഖകളിലുണ്ട്. യുഗാണ്ട, ഇത്യോപ്യ, സൊമാലിയ, കെനിയ, നൈജീരിയ, കോംഗോ, സുഡാൻ, യെമൻ, കെനിയ, ഇറാൻ എന്നിവിടങ്ങളിലെല്ലാം ഇവ കനത്ത നാശം വിതച്ചിട്ടുണ്ട്. പടിഞ്ഞാറൻ രാജസ്ഥാനിലും ഗുജറാത്തിലുമായി ജൂൺ മുതൽ നവംബർ വരെയുള്ള സമയത്താണ് വെട്ടുകിളികൾ സാധാരണ ആക്രമണത്തിനായി എത്താറുള്ളത്. സൈറണും ഹോണും ഡിജെ പാർട്ടി പോലുള്ള ശബ്ദകോലാഹലങ്ങളും കീടനാശിനികളും ഒക്കെയായി ഇവയെ തുരത്താനുള്ള ശ്രമത്തിലാണ് സംസ്ഥാനങ്ങൾ.
ഹബ്ബ്ളിന്റെ പിൻഗാമി
അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ ഹബ്ബ്ൾ സ്പേസ് ടെലിസ്കോപ്പിനെക്കുറിച്ച് കേട്ടിട്ടില്ലേ? ബഹിരാകാശ ഗവേഷണത്തിൽ ഒട്ടേറെ സംഭാവനകൾ നൽകിയ ഈ ടെലിസ്കോപ്പിന്റെ പിൻഗാമിയായി നാസ പുതിയൊരു ടെലിസ്കോപ്പ് നിർമിക്കുന്നുണ്ട്. ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് നിർമിക്കുന്ന ഈ വൈഡ് ഫീൽഡ് ഇൻഫ്രാറെഡ് സർവേ ടെലിസ്കോപ്പിന് (WFIRST) 'നാൻസി ഗ്രേസ് റോമൻ സ്പേസ് ടെലിസ്കോപ്പ്' എന്നാണ് പേര് നൽകിയിരിക്കുന്നത്. നാസയുടെ ആദ്യത്തെ ചീഫ് ജ്യോതിശാസ്ത്രജ്ഞ (Astronomer) ആയിരുന്ന നാൻസി ഗ്രേസ് റോമനോടുള്ള ആദരസൂചകമായാണ് ഈ പേരിട്ടത്. മുപ്പത് വർഷങ്ങൾക്കു മുമ്പ് വിക്ഷേപിച്ച 'ഹബ്ബ്ൾ സ്പേസ് ടെലിസ്കോപ്പിന്റെ അമ്മ' എന്നാണ് നാൻസിയെ വിശേഷിപ്പിക്കുന്നത്. അമേരിക്കയുടെ ബഹിരാകാശ സ്വപ്നങ്ങൾക്ക് കരുത്ത് പകർന്ന നാൻസി 2018-ൽ ആണ് അന്തരിച്ചത്.
പ്രപഞ്ചത്തിന്റെ വികാസത്തിന് കാരണമായ ബലം, സൗരയൂഥത്തിനുമപ്പുറം അങ്ങ് കാണാമറയത്തുള്ള ഗ്രഹങ്ങൾ തുടങ്ങി ബഹിരാകാശ പഠനങ്ങളിൽ ഇനിയും കണ്ടെത്താനായിട്ടില്ലാത്ത ധാരാളം ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ഈ അതിനൂതന ടെലിസ്കോപ്പ് സഹായിക്കും എന്നാണ് നാസ പറയുന്നത്. 2025-ൽ ഇത് വിക്ഷേപണത്തിന് സജ്ജമാകും എന്നു കരുതുന്നു.
ജെ. കെ റോളിങ്ങിന്റെ പുതിയ നോവൽ വായിക്കണോ?
ഹാരി പോട്ടർ നോവലുകളിലൂടെ ലോകപ്രശസ്തയായ ജെ.കെ റോളിങ്ങിന്റെ ഏറ്റവും പുതിയ നോവലാണ് 'ദി ഇക്കബോഗ്' (The Ickabog). 2007-ൽ പ്രസിദ്ധീകരിച്ച ഹാരി പോട്ടർ ആൻഡ് ദ് ഡെത്ത്ലി ഹാലോസ്' എന്ന നോവലിനു ശേഷം ആദ്യമായാണ് കുട്ടികൾക്കു വേണ്ടി റോളിങ് ഒരു പുസ്തകം പ്രസിദ്ധീകരിക്കുന്നത്. 2020 നവംബറിൽ പുറത്തിറങ്ങുന്ന ഈ നോവലിന്റെ അധ്യായങ്ങൾ അതിനു മുമ്പേ വായനക്കാർക്ക് സൗജന്യമായി വായിക്കാൻ അവസരം നൽകിയിരിക്കുകയാണ് റോളിങ്. theickabog.com എന്ന വെബ്സൈറ്റിൽ കയറിയാൽ ആർക്കും ഈ നോവലിന്റെ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടുള്ള അധ്യായങ്ങൾ വായിക്കാം. ഒപ്പം, ഈ നോവലിനു വേണ്ടി ചിത്രങ്ങൾ വരയ്ക്കാനുള്ള മത്സരത്തിൽ പങ്കെടുക്കുകയും ചെയ്യാം.
ഭൂമിക്ക് ഒരു അയൽക്കാരി!
നമ്മുടെ സൗരയൂഥത്തോട് ഏറ്റവും അടുത്തുള്ള നക്ഷത്രമാണ് പ്രോക്സിമ സെഞ്ചൊറി (Proxima Centauri). സൂര്യനിൽനിന്ന് ഏകദേശം 4.2 പ്രകാശവർഷം അകലെയാണ് ഈ ചുവന്ന കുള്ളൻ നക്ഷത്രത്തിന്റെ സ്ഥാനം. ഈ നക്ഷത്രത്തെ വലം വയ്ക്കുന്ന ഒരു ഗ്രഹത്തിന്റെ സാന്നിധ്യം 2016-ൽ ഗവേഷകർ കണ്ടെത്തിയിരുന്നു. ഇപ്പോഴിതാ ഭൂമിയെ പോലൊരു ഗ്രഹം അവിടെയുണ്ട് എന്ന കാര്യം ശാസ്ത്രലോകം ഉറപ്പിച്ചിരിക്കുന്നു. Proxima b എന്നാണ് ഈ ഗ്രഹത്തിന് പേരിട്ടിരിക്കുന്നത്. ഈ ഗ്രഹത്തിൽ ജീവന് നിലനിൽക്കാൻ പറ്റിയ സാഹചര്യം ഉണ്ടാവാം എന്നാണ് ഗവേഷകർ പറയുന്നത്. അവിടത്തെ അന്തരീക്ഷത്തെക്കുറിച്ച് കൂടുതൽ പഠനങ്ങൾ നടത്തിയാൽ മാത്രമേ അത്തരം കാര്യങ്ങളെക്കുറിച്ച് അറിയാനാകൂ.
ഓൺലൈൻ തിയറ്റർ
ലോക്ക്ഡൗൺ കാരണം തിയറ്ററുകളെല്ലാം അടച്ചതുകൊണ്ട് പല നിർമാതാക്കളും സിനിമകൾ ഓൺലൈനായി റിലീസ് ചെയ്യാൻ തീരുമാനിച്ചതിനെക്കുറിച്ച് വായിച്ചു കാണുമല്ലോ. ആമസോൺ പ്രൈം പോലെയുള്ള ഓവർ ദ് ടോപ്പ് (OTT) മീഡിയ സർവീസുകൾ ഉപയോഗിച്ചാണ് ഇങ്ങനെ ഓൺലൈൻ റിലീസ് നടത്തുന്നത്. ഇന്റർനെറ്റിന്റെ സഹായത്തോടെ സിനിമകളും ടെലിവിഷൻ പരിപാടികളുമൊക്കെ കാണാൻ സഹായിക്കുന്ന ആമസോൺ പ്രൈം, നെറ്റ്ഫ്ലിക്സ് തുടങ്ങിയ സ്ട്രീമിങ് സർവീസുകളെയാണ് OTT എന്നു വിളിക്കുന്നത്. ഇത്തരത്തിൽ ആദ്യമായി ഓൺലൈനിൽ റിലീസ് ചെയ്ത ദക്ഷിണേന്ത്യൻ സിനിമയാണ് ജ്യോതിക നായികയായ 'പൊൻമകൾ വന്താൽ'. ആമസോൺ പ്രൈമിൽ മേയ് 29-നാണ് ഈ സിനിമ റിലീസ് ചെയ്തത്. മലയാളവും ഹിന്ദിയും അടക്കമുള്ള ഭാഷകളിലെ ചില സിനിമകൾ കൂടി ഇങ്ങനെ OTT റിലീസിന് തയാറെടുക്കുന്നുണ്ട്.