
Vivek Ramachandran
May 11,2020
1:19pm
GK Uncle : Issue #4
സ്റ്റൈറിൻ എന്ന അപകടകാരി
1984-ൽ മധ്യപ്രദേശിലെ ഭോപ്പാലിൽ ഉണ്ടായ വിഷവാതകദുരന്തത്തെക്കുറിച്ച് കേട്ടിട്ടില്ലേ? ഭോപ്പാലിലെ യൂണിയൻ കാർബൈഡ് ഫാക്ടറിയിൽനിന്ന് ചോർന്ന മീഥൈൽ ഐസോസയനേറ്റ് എന്ന വിഷവാതകം ശ്വസിച്ച് ആയിരക്കണക്കിന് ആളുകളാണ് ഈ ദുരന്തത്തിൽ മരിച്ചത്. ഇതിനു സമാനമാണ് ഇക്കഴിഞ്ഞ് മേയ് 7 പുലർച്ചെ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുണ്ടായ വിഷബാഷ്പച്ചോർച്ച. പതിനൊന്ന് പേരാണ് ഈ ദുരന്തത്തിൽ മരിച്ചത്. ദക്ഷിണ കൊറിയൻ കമ്പനിയായ എൽജി പോളിമേഴ്സിന്റെ ഫാക്ടറിയിൽനിന്ന് 'സ്റ്റൈറിൻ' എന്ന വിഷവാതകം ചോർന്നതാണ് അപകടത്തിനിടയാക്കിയത്. പ്ലാസ്റ്റിക് പാത്രങ്ങളും മറ്റും നിർമിക്കാൻ ഉപയോഗിക്കുന്ന സ്റ്റൈറിൻ വലിയ അപകടകാരിയാണ്. ബാഷ്പരൂപത്തിലായാലും തീപിടിച്ചാലുമെല്ലാം ഇത് കടുത്തവിഷമാണ്. സിഗററ്റ് പുകയിലും വാഹനങ്ങൾ പുറന്തള്ളുന്ന പുകയിലുമെല്ലാം ചെറിയ അളവിൽ സ്റ്റൈറിൻ ഉണ്ട്.
റിയാലിന് പകരം ടൊമൻ
ഇറാന്റെ നാണയം റിയാൽ ആണെന്നറിയാമല്ലോ? എന്നാൽ, അമേരിക്കൻ ഡോളറിനു മുന്നിൽ മൂക്കുംകുത്തി വീണ റിയാലിനെ രക്ഷിക്കാൻ പുതിയ നാണയം അവതരിപ്പിച്ചിരിക്കുകയാണ് ഇറാൻ. ടൊമൻ (Toman) എന്നാണ് ഇതിന്റെ പേര്. പതിനായിരം റിയാലിന് തുല്യമാണ് ഒരു ടൊമൻ.
ഇറാന് പുതിയ പ്രധാനമന്ത്രി
ഇറാന്റെ പുതിയ പ്രധാനമന്ത്രിയായി മുസ്തഫ അൽ ഖാദിമി സ്ഥാനമേറ്റു. ഭരണത്തിനെതിരെയുള്ള ജനകീയ സമരത്തെ തുടർന്ന് 2019 നവംബറിൽ മുൻ പ്രധാനമന്ത്രി ആദിൽ അബ്ദുൽ മെഹ്ദി രാജിവച്ചിരുന്നു. അതിനു ശേഷം കഴിഞ്ഞ അഞ്ചുമാസമായി ഇറാന്റെ പ്രധാനമന്ത്രി പദം ഒഴിഞ്ഞുകിടക്കുകയായിരുന്നു. രഹസ്യാന്വേഷണവിഭാഗത്തിന്റെ മുൻ മേധാവിയാണ് ഖാദിമി. 2003-നു ശേഷം ഇറാൻ തിരഞ്ഞെടുത്ത ആറാമത്തെ പ്രധാനമന്ത്രിയാണ് ഇദ്ദേഹം.
ഇന്ത്യ മൂന്നാം സ്ഥാനത്ത്
ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ ഏറ്റവും പുതിയ ടെസ്റ്റ് ക്രിക്കറ്റ് റാങ്കിങ്ങിൽ ഇന്ത്യയെ പിന്നിലാക്കി ഓസ്ട്രേലിയ ഒന്നാമതെത്തി. ഇന്ത്യ ഇപ്പോൾ മൂന്നാം സ്ഥാനത്താണ്. ന്യൂസീലൻസ് ആണ് രണ്ടാം സ്ഥാനം സ്വന്തമാക്കിയത്.
രാമായണത്തിന് റെക്കോർഡ്
ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ കണ്ട ടെലിവിഷൻ പരിപാടി എന്ന ലോകറെക്കോർഡ് ഇനി ദൂരദർശന്റെ 'രാമായണം' പരമ്പരയ്ക്ക് സ്വന്തം. ലോക്ഡൗൺ സമയത്ത് ദൂരദർശൻ പ്രശസ്തമായ ചില പഴയ പരമ്പരകളുടെ പുന:സംപ്രേഷണം ആരംഭിച്ചിരുന്നു. അക്കൂട്ടത്തിൽ 1987 - 1988 കാലത്ത് സംപ്രേഷണം ചെയ്ത രാമായണം പരമ്പരയും ഉണ്ട്. ഈ പരമ്പര 7.7 കോടി ആളുകൾ കണ്ടതായി ഏപ്രിൽ 16-ന് ദൂരദർശൻ ട്വീറ്റ് ചെയ്തു. ഇതൊരു ലോകറെക്കോർഡ് ആണ്.
ലോക്ക്ഡൗൺ അന്തരീക്ഷത്തിന് അനുഗ്രഹം!
കഴിഞ്ഞ ഒരു മാസത്തോളമായി തുടരുന്ന ലോക്ക്ഡൗൺ ഇന്ത്യയുടെ അന്തരീക്ഷത്തിന് അനുഗ്രഹമായി എന്നാണ് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ പറയുന്നത്. കഴിഞ്ഞ 20 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ അന്തരീക്ഷ മലിനീകരണ നിരക്കാണ് ഇപ്പോൾ വടക്കേ ഇന്ത്യയിലെ നഗരങ്ങളിൽ ഉള്ളത്. ഉപഗ്രഹങ്ങൾ ഉപയോഗിച്ചുള്ള എയ്റോസോൾ ഒപ്റ്റിക്കൽ ഡെപ്ത് (AOD) പഠനങ്ങളിലൂടെയാണ് നാസ ഈ കണ്ടെത്തൽ നടത്തിയത്. മലിനീകരണം മൂലം അന്തരീക്ഷത്തിൽ കാണപ്പെടുന്ന സൂക്ഷ്മമായ ദ്രാവക, ഖര തരികളാണ് എയ്റോസോൾ (Aerosols). ഇത് മനുഷ്യനും ജന്തുക്കൾക്കുമെല്ലാം അപകടകരമാണ്. അന്തരീക്ഷത്തിലെ എയ്റോസോളിന്റെ അളവ് കുറയുന്നതായി കണ്ടാൽ മലിനീകരണ നിരക്ക് കുറയുന്നതായി കണക്കാക്കാം. ലോക്ക്ഡൗൺ കാരണം സ്വകാര്യവാഹനങ്ങൾ കാര്യമായി റോഡിലിറങ്ങാത്തതും പൊതുഗതാഗതം സ്തംഭിച്ചതും ഫാക്ടറികൾ പ്രവർത്തിക്കാതായതും മൂലമാണ് അന്തരീക്ഷത്തിന് ഫ്രഷ് ആവാൻ അവസരം ലഭിച്ചത്.
ജീൻ ഡെയ്ച്ച്
മൺറോ, ടോം ടെറിഫിക് തുടങ്ങിയ അനിമേറ്റഡ് കാർട്ടൂണുകളുടെ സ്രഷ്ടാവായും പോപ്പേയ്, ടോം ആൻഡ് ജെറി കാർട്ടൂൺ സീരീസുകളുടെ സംവിധായകനായും ശ്രദ്ധേയനായ അമേരിക്കൻ അനിമേറ്റർ ജീൻ ഡെയ്ച്ച് (Gene Deitch) ഏപ്രിൽ 16-ന് അന്തരിച്ചു. 1961-ൽ മികച്ച അനിമേറ്റഡ് ഷോർട്ട് ഫിലിമിനുള്ള ഓസ്കർ നേടിയ അദ്ദേഹം സംവിധായകൻ, അനിമേറ്റർ, ചിത്രകാരൻ, കോമിക്സ് ആർട്ടിസ്റ്റ് എന്നീ നിലകളിൽ പ്രശസ്തനാണ്.
അന്റാർട്ടിക്കയിൽനിന്നൊരു സ്പെഷൽ ഫോസിൽ
അന്റാർട്ടിക്ക ഭൂഖണ്ഡത്തിൽനിന്ന് ആദ്യമായി ഒരു തവളയുടെ ഫോസിൽ അവശിഷ്ടങ്ങൾ ഗവേഷകർക്ക് ലഭിച്ചു. ഏകദേശം നാലു കോടി വർഷം പഴക്കമുണ്ട് ഇതിനെന്നാണ് കണക്കാക്കുന്നത്. ഭൂമിയുടെ ചരിത്രത്തിലെ വിവിധ കാലഘട്ടങ്ങളിൽ ഒന്നായ ട്രയാസിക് പീരിയഡിൽ ജീവിച്ചിരുന്ന വമ്പൻ ഉഭയജീവികളുടെ (Amphibians) അവശിഷ്ടങ്ങൾ ഈ പ്രദേശത്തുനിന്ന് മുമ്പ് കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇന്നുള്ള തരം ഉഭയജീവികൾ ഇവിടെയുണ്ടായിരുന്നതിന്റെ തെളിവുകളൊന്നും ഇതുവരെ ലഭിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ അന്റാർട്ടിക്കയുടെ ഭൂതകാലത്തെക്കുറിച്ചുള്ള പഠനങ്ങളിൽ ഈ ഫോസിലിന് വലിയ പ്രാധാന്യമുണ്ട്. ഇന്ന് തെക്കേ അമേരിക്കയിൽ കാണുന്ന ഹെൽമറ്റഡ് ഫ്രോഗ്സ് എന്നയിനം തവളയുടെ പൂർവികന്റേതാണ് ഇപ്പോൾ കണ്ടെത്തിയ അവശിഷ്ടങ്ങൾ എന്നു കരുതുന്നു. ചൂടുള്ള കാലാവസ്ഥയിൽ ജീവിക്കുന്നവരാണ് ഈ തവളകൾ. അതുകൊണ്ടുതന്നെ നാലുകോടി വർഷം മുമ്പ് അന്റാർട്ടിക്കയിലെ കാലാവസ്ഥ ഇന്ന് ഹെൽമറ്റഡ് ഫ്രോഗ്സിനെ കാണുന്ന ചിലെയൻ ആൻഡിസ് (Chilean Andes) പ്രദേശത്തെ പോലെ ആയിരുന്നിരിക്കാം എന്നാണ് ഗവേഷകർ പറയുന്നത്.