
StudyatChanakya Admin
Apr 20,2020
9:27am
GK Uncle : Issue #3
ടൂർ ദെ ഫ്രാൻസ്
ലോകത്തിലെ ഏറ്റവും പ്രശസ്തമായ സൈക്കിൾ റേസ് ആണ് 'ടൂർ ദെ ഫ്രാൻസ്' (Tour de France). 1903-ൽ ഒരു പത്രത്തിന്റെ പ്രചരണത്തിനു വേണ്ടിയാണ് ഈ റേസ് ആരംഭിച്ചത്. ഫ്രാൻസ് ആണ് ഈ സൈക്കിൾ റേസിന്റെ പ്രധാന വേദി. ചിലപ്പോൾ ചില അയൽരാജ്യങ്ങൾ കൂടി ഇതിൽ ഉൾപ്പെടാറുണ്ട്. ലോകത്തിൽ നടക്കുന്ന സൈക്കിൾ റേസുകളിൽ ഏറ്റവും അധികം പ്രാധാന്യമുള്ളതും കാഠിന്യമേറിയതുമാണ് ടൂർ ദെ ഫ്രാൻസ്. മൂന്നാഴ്ച നീണ്ടുനിൽക്കുന്ന ഈ റേസിൽ വിവിധ ഘട്ടങ്ങളുണ്ട്. ജൂൺ 27-ന് ആരംഭിക്കാനിരുന്ന ഈ വർഷത്തെ റേസ് കോവിഡ് വ്യാപനം മൂലം ഓഗസ്റ്റിലേക്ക് നീട്ടി വച്ചു. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളുടെ സമയത്തു മാത്രമേ ടൂർ ദെ ഫ്രാൻസ് നടക്കാതിരുന്നിട്ടുള്ളൂ.
ആരോഗ്യ സേതു
കോവിഡ് - 19 വ്യാപനം ട്രാക്ക് ചെയ്യാൻ സഹായിക്കുന്ന ഇന്ത്യയുടെ ആദ്യത്തെ സമഗ്ര മൊബൈൽ ആപ്ലിക്കേഷനാണ് 'ആരോഗ്യ സേതു'. ഏപ്രിൽ ആദ്യം കേന്ദ്രഗവൺമെന്റ് ഈ ആപ്പ് പുറത്തിറക്കി. പ്രത്യേകതകളുടെയും പ്രവർത്തനത്തിന്റെയും കാര്യത്തിൽ MyGov, കൊറോണ കവച് എന്നീ ആപ്ലിക്കേഷനുകളേക്കാൾ മികച്ചതാണ് ആരോഗ്യ സേതു. ബ്ലൂടൂത്ത്, ജി.പി.എസ് സാങ്കേതികവിദ്യകളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഈ ആപ്ലിക്കേഷന് കോവിഡ് ബാധിച്ച വ്യക്തികളുമായി നമുക്ക് ഏതെങ്കിലും തരത്തിൽ സമ്പർക്കമുണ്ടായിട്ടുണ്ടോ എന്ന് കണ്ടെത്താനാവും. രോഗബാധയുണ്ടെന്ന് തോന്നിയാൽ ആ വിവരം ആരോഗ്യ വകുപ്പിനെ അറിയിക്കാനും ഇതിൽ സൗകര്യമുണ്ട്. ഈ ആപ്പ് ശേഖരിക്കുന്ന നമ്മുടെ വിവരങ്ങളൊന്നും തന്നെ ഗവൺമെന്റിനല്ലാതെ മറ്റാർക്കും കാണാനാവില്ല. കോവിഡ് - 19 വ്യാപനം തടയാൻ സ്വീകരിക്കേണ്ട മുൻകരുതലുകൾക്കൊപ്പം നമ്മുടെ പ്രദേശത്തെയും രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലെയും രോഗവ്യാപനം സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ഈ ആപ്പിൽ ലഭ്യമാണ്. മലയാളം അടക്കം 11 ഭാഷകളിൽ പ്രവർത്തിക്കുന്ന ഈ ആപ്പിന് ആൻഡ്രോയ്ഡ്, ഐഫോൺ പതിപ്പുകളുണ്ട്. രോഗപ്രതിരോധത്തിന് ജനങ്ങളെ ബോധവൽകരിക്കുന്നതിനൊപ്പം കോവിഡ് വ്യാപനം ഫലപ്രദമായി ട്രാക്ക് ചെയ്യാൻ സഹായിക്കുകയും ചെയ്യുന്ന ആരോഗ്യ സേതു ആപ്ലിക്കേഷൻ ലോകബാങ്കിന്റെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
പുതിയ ആയുധങ്ങൾ
ഇന്ത്യൻ നാവികസേനയ്ക്കു വേണ്ടി അമേരിക്കയിൽനിന്ന് വാങ്ങുന്ന പുതിയ ആയുധങ്ങളാണ് ഹാർപൂൺ മിസൈലും എം കെ 54 ടോർപിഡോയും. 10 ഹാർപൂൺ മിസൈലുകളും 16 ടോർപിഡോകളുമാണ് വാങ്ങുന്നത്. 124 കിലോമീറ്റർ ദൂരെയുള്ള ശത്രുക്കപ്പൽ വരെ തകർക്കാൻ ശക്തിയുള്ള മിസൈലാണ് ഹാർപൂൺ. മണിക്കൂറിൽ 864 കിലോമീറ്ററാണ് ഇതിന്റെ വേഗം. വിമാനത്തിലിരുന്നു കൊണ്ട് ശത്രുസേനയുടെ മുങ്ങിക്കപ്പൽ തകർക്കാൻ സഹായിക്കുന്ന അതിശക്തമായ ആയുധമാണ് എം കെ 54 ടോർപിഡോ. മണിക്കൂറിൽ 74 കിലോമീറ്ററാണ് ഇതിന്റെ വേഗം. 1,188 കോടി രൂപയ്ക്കാണ് ഇന്ത്യ ഈ ആയുധങ്ങൾ വാങ്ങുന്നത്. പി8 ഐ എന്ന സമുദ്ര നിരീക്ഷണ വിമാനങ്ങളിലാണ് ഇവ രണ്ടും സ്ഥാപിക്കുക.
വെള്ളം പരിശോധിക്കാൻ സെൻസർ
കുടിവെള്ളത്തിലെ മെർക്കുറി, ഈയം, കാഡ്മിയം തുടങ്ങിയ ലോഹ അയോണുകളുടെ സാന്നിധ്യം ജീവജാലങ്ങൾക്ക് ഭീഷണിയാണ്. അതിനൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ് സെന്റർ ഫോർ നാനോ ആൻഡ് സോഫ്റ്റ് മാറ്റർ സയൻസസ് (CeNS). വെള്ളത്തിലെ ഹെവി മെറ്റൽ അയോണുകളുടെ സാന്നിധ്യം കണ്ടെത്തുന്ന ഒരു സെൻസർ ഇവർ വികസിപ്പിച്ചു. കൊണ്ടുനടക്കാവുന്ന ഈ സെൻസറിന്റെ സഹായത്തോടെ വിദൂര പ്രദേശങ്ങളിലെ കുടിവെള്ള വിതരണ സംവിധാനങ്ങളിൽ പോലും പരിശോധന നടത്തി ശുദ്ധജല വിതരണം ഉറപ്പാക്കാനാവും.
ഡബ്ല്യു.ഡബ്ല്യു.എഫ് ഇന്ത്യയ്ക്ക് പുതിയ ബ്രാൻഡ് അംബാസഡർ
വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചറിന്റെ (WWF) ഇന്ത്യയിലെ പരിസ്ഥിതി വിദ്യാഭ്യാസ പരിപാടിയുടെ ബ്രാൻഡ് അംബാസഡറായി ഇന്ത്യയുടെ ആദ്യ ഗ്രാൻഡ് മാസ്റ്റർ വിശ്വനാഥൻ ആനന്ദ് നിയമിതനായി. ഇന്ത്യയിലെ കുട്ടികൾക്ക് മികച്ച പരിസ്ഥിതി വിദ്യാഭ്യാസം നൽകാനുള്ള പദ്ധതിയാണിത്. 1976-ലാണ് WWF ഇന്ത്യ, രാജ്യത്ത് എൻവയോൺമെന്റ് എജ്യുക്കേഷൻ പ്രോഗ്രാം ആരംഭിച്ചത്. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്ന വ്യക്തികളായി കുട്ടികളെ വാർത്തെടുക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
കോവിഡ് - 19 പരിശോധനയ്ക്കുള്ള ചെലവ് കുറഞ്ഞ കിറ്റ്
തിരുവനന്തപുരത്തെ ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിലെ ഗവേഷകർ വികസിപ്പിച്ച 'ചിത്ര ജീൻ ലാംപ് - എൻ' (Chithra Gene LAMP-N) എന്ന കോവിഡ് - 19 പരിശോധനാ കിറ്റ് ചെലവ് കുറവ് കൊണ്ടും വേഗം കൊണ്ടും ശ്രദ്ധേയമായിരിക്കുകയാണ്. രണ്ടു മണിക്കൂറിൽ പരിശോധനാഫലം ലഭ്യമാക്കാൻ കഴിയുന്ന ഈ സംവിധാനം ഉപയോഗിച്ചാൽ ഒരു ടെസ്റ്റിന് 1000 രൂപയേ ചെലവ് വരൂ. സാധാരണ RT PCR മെഷീനുകൾക്ക് 15 ലക്ഷത്തിനും 40 ലക്ഷത്തിനും ഇടയിലാണ് വില. എന്നാൽ, ചിത്ര ജീൻ ലാംപ് - എൻ കിറ്റ് രണ്ടര ലക്ഷം രൂപയ്ക്ക് ലഭിക്കും. കുറഞ്ഞ സൗകര്യങ്ങളുള്ള ആശുപത്രികളിൽ പോലും ഈ കിറ്റ് ഉപയോഗിച്ച് ഫലപ്രദമായി രോഗനിർണയം നടത്താം.