
StudyatChanakya Admin
Aug 20,2020
10:49am
GK Uncle : Issue #10
ശതകോടീശ്വരന്മാർ
ലോകത്തിലെ ഏറ്റവും വലിയ പണക്കാരനാണ് ആമസോൺ കമ്പനിയുടെ മുതലാളിയായ ജെഫ് ബെസോസ് എന്ന അമേരിക്കക്കാരൻ. 19,500 കോടി ഡോളറാണ് ഇദ്ദേഹത്തിന്റെ ഇപ്പോഴത്തെ സമ്പാദ്യം! മൈക്രോസോഫ്റ്റിന്റെ സ്ഥാപകൻ ബിൽ ഗേറ്റ്സ് ആണ് രണ്ടാം സ്ഥാനത്ത്. ഫേസ്ബുക്കിന്റെ ഉടമ മാർക്ക് സുക്കർബർഗാണ് മൂന്നാമത്. ഈ പട്ടികയിൽ ഇപ്പോൾ നാലാം സ്ഥാനത്തുള്ളത് ഇലോൺ മസ്ക് ആണ്. ടെസ്‌ല, സ്പേസ് എക്സ് എന്നീ കമ്പനികളുടെ ഉടമയായ മസ്ക് ഒരൊറ്റ ദിവസം കൊണ്ടാണ് അതിസമ്പന്നന്മാരുടെ പട്ടികയിൽ നാലാമതെത്തിയത്! ഈ പട്ടികയിലെ ആദ്യത്തെ പത്തുപേരിൽ ഒരാൾ ഇന്ത്യക്കാരനാണ്! റിലയൻസ് ഇൻഡസ്ട്രീസിന്റെ ഉടമയായ മുകേഷ് അംബാനിയാണത്.
ഷോക്കടി വീരൻ
ജീവലോകത്ത് ഏറ്റവും ശക്തിയുള്ള വൈദ്യുതിയുണ്ടാക്കി ഇരകളെയും ശത്രുക്കളെയും തരിപ്പണമാക്കാൻ കഴിയുന്ന ജീവിയാണ് Electrophorus voltai എന്ന ഇലക്ട്രിക് ഈൽ. ആകെ മൂന്ന് ഇനം ഇലക്ട്രിക് ഈലുകളെയാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. അക്കൂട്ടത്തിൽ ഷോക്കടിപ്പിക്കുന്ന കാര്യത്തിൽ ഏറ്റവും ശക്തനാണ് E. voltai. നമ്മൾ ഭിത്തിയിൽ വയ്ക്കുന്ന ഇലക്ട്രിക് സോക്കറ്റിൽ നിന്ന് സാധാരണ 120 വോൾട്ട് വൈദ്യുതിയാണ് ലഭിക്കുക. എന്നാൽ ഈ ഈൽ ഏകദേശം 860 വോൾട്ട് വൈദ്യുതിയാണ് സിസ്സാരമായി ഉണ്ടാക്കി വിടുന്നത്! അതായത് ഏകദേശം 7 ഇരട്ടി! ഇലക്ട്രോസൈറ്റ്സ് എന്ന പ്രത്യേക കോശങ്ങളാണ് ഇലക്ട്രിക് ഈലിന്റെ ശരീരത്ത് വൈദ്യുതിയുണ്ടാക്കുന്നത്. ഇവയുടെ ശരീരത്തിന്റെ ഏകദേശം 80 ശതമാനം ഭാഗത്തും വൈദ്യുതി നിർമിക്കുന്ന അവയവങ്ങളാണുള്ളത്!
ആണവോർജം ഉൽപാദിപ്പിക്കുന്ന ആദ്യത്തെ ഗൾഫ് രാജ്യം
അറബ് രാജ്യങ്ങളുടെ കൂട്ടത്തിൽ സവിശേഷമായൊരു റെക്കോർഡ് നേടിയിരിക്കുകയാണ് യുണൈറ്റഡ് അറബ് എമിറേറ്റ്സ് (UAE). ആണവോർജം ഉൽപാദിപ്പിച്ച ആദ്യ ഗൾഫ് രാജ്യം എന്ന നേട്ടമാണത്. അബുദാബി ആസ്ഥാനമായ ബറാകാ എന്ന ന്യൂക്ലിയർ പവർ പ്ലാന്റിന്റെ യൂണിറ്റ് 1 ആണ് യുഎഇയിലെ ആദ്യ ആണവനിലയം. 2020 അവസാനത്തോടെ ഇവിടെ വലിയ തോതിൽ ആണവോർജം ഉൽപാദിപ്പിക്കാനാവും എന്നാണ് പ്രതീക്ഷിക്കുന്നത്. ഊർജനിർമാണ സമയത്ത് അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്ന കാർബണിന്റെ അളവിൽ വലിയ കുറവ് വരുത്താൻ ഈ ആണവനിലയത്തിന് കഴിയും. ആണവോർജം ഉൽപാദിപ്പിക്കുന്ന ലോകത്തെ 33-ാമത്തെ രാജ്യമാണ് യു എ ഇ.
ലോകത്തിലെ ആദ്യത്തെ കോവിഡ് വാക്സിൻ
ലോകത്താദ്യമായി കോവിഡിന് വാക്സിൻ കണ്ടെത്തി എന്ന അവകാശവാദവുമായി എത്തിയിരിക്കുകയാണ് റഷ്യ. സ്പുട്നിക് 5 (Sputnik V) എന്നാണ് ഈ വാക്സിന് പേര് നൽകിയിരിക്കുന്നത്. ആദ്യത്തെ കൃത്രിമോപഗ്രഹത്തിന്റെ പേരാണ് സ്പുട്നിക്. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ആണ് ലോകത്തെ അതിശയിപ്പിച്ചു കൊണ്ട് ഈ വാക്സിനെക്കുറിച്ചുള്ള വാർത്ത പുറത്തുവിട്ടത്. എന്നാൽ, ഈ വാക്സിൻ സുരക്ഷിതമാണോ എന്ന കാര്യത്തിൽ ശാസ്ത്രലോകത്തിന് സംശയങ്ങളുണ്ട്. ബ്രസീലുമായി ചേർന്ന് ഈ വാക്സിൻ വിപണിയിലെത്തിക്കാനാണ് റഷ്യയുടെ പദ്ധതി.