
Vivek Ramachandran
Apr 13,2020
12:12pm
GK Uncle : Issue #1
ലോകത്ത് ഓരോ ദിവസവും എത്രയെത്ര വാർത്തകളാണ് ഉണ്ടാകുന്നത്? ഇവയിൽ പലതും പുതിയ പുതിയ അറിവുകൾ പങ്കുവയ്ക്കുന്നു. ഇത്തരം ചില രസകരമായ വാർത്തകൾ ജികെ അങ്കിൾ നിങ്ങളുമായി പങ്കുവയ്ക്കുന്നു.
ഇന്ത്യയുടെ ശതകോടീശ്വരൻ
ലോകത്തിലെ ഇപ്പോഴത്തെ ഏറ്റവും സമ്പന്നരായ വ്യക്തികളുടെ പട്ടികയിൽ മുൻനിരയിലുള്ള ഇന്ത്യക്കാരൻ ആരാണെന്നറിയാമോ? റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയർമാനായ മുകേഷ് അംബാനിയാണത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സമ്പന്നനാണ് അദ്ദേഹം. ഫോർബ്സ് മാസികയുടെ 2020-ലെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ ലോകത്ത് പതിനേഴാം സ്ഥാനത്താണ് മുകേഷ് അംബാനി. ആമസോണിന്റെ സ്ഥാപകൻ ജെഫ് ബെയ്സോസ് ആണ് ഒന്നാം സ്ഥാനത്ത്.
കാണ്ടാമൃഗത്തിന്റെ ചങ്ങാതി
വംശനാശഭീഷണി നേരിടുന്ന കൂട്ടരാണ് കാണ്ടാമൃഗങ്ങൾ. മനുഷ്യനാണ് അവയുടെ ഏറ്റവും വലിയ ശത്രു. ഈയടുത്ത് ആഫ്രിക്കയിൽ നടത്തിയ ഒരു പഠനത്തിൽ ഗവേഷകർ കൗതുകകരമായ ഒരു കാര്യം കണ്ടെത്തി. കാണ്ടാമൃഗങ്ങളുടെ ദേഹത്തുനിന്ന് കീടങ്ങളെ ശാപ്പിട്ട് ജീവിക്കുന്ന റെഡ് - ബിൽഡ് ഓക്സ്പെക്കേഴ്സ് എന്ന പക്ഷികൾ ചെയ്യുന്ന ഒരു സേവനത്തെക്കുറിച്ചാണ് ആ കണ്ടെത്തൽ. മനുഷ്യരോ മറ്റോ അടുത്ത പ്രദേശങ്ങളിലുണ്ടെങ്കിൽ ഈ പക്ഷികൾ ശബ്ദമുണ്ടാക്കി ആ വിവരം കാണ്ടാമൃഗങ്ങളെ അറിയിക്കും! അതോടെ അപകടം മനസ്സിലാക്കി കാണ്ടാമൃഗത്തിന് സ്ഥലം വിടാനും കഴിയും. താരതമ്യേന കാഴ്ചശക്തി കുറഞ്ഞ കറുത്ത കാണ്ടാമൃഗങ്ങൾക്കാണ് ഈ പക്ഷികളുടെ സേവനം ഏറെ ഉപകാരപ്പെടുന്നത്.
മുങ്ങുന്ന നഗരം
ലോകത്ത് ഏറ്റവും വേഗത്തിൽ മുങ്ങുന്ന നഗരം എന്ന അപകടകരമായ റെക്കോർഡ് നേടിയ ഒരു നഗരമുണ്ട്; ഇന്തൊനീഷ്യയുടെ തലസ്ഥാനമായ ജക്കാർത്ത! ജാവാ കടൽ കയറി വന്നുവന്ന് നഗരത്തിന്റെ പല ഭാഗങ്ങളും ഇപ്പോൾ കടലിനടിയിലാണ്. ഇത് ചെറുക്കാൻ പണികഴിപ്പിച്ച വലിയ മതിൽ പോലും വൈകാതെ കടലിനടിയിലാകാൻ സാധ്യതയുണ്ട്. അതുകൊണ്ട് രാജ്യത്തിന്റെ തലസ്ഥാനം മാറ്റാനൊരുങ്ങുകയാണ് ഗവൺമെന്റ്. ബോർണിയോ ദ്വീപിൽ പുതിയ തലസ്ഥാനനഗരം പണികഴിപ്പിക്കാനാണ് പദ്ധതി.
കണക്കു പഠിപ്പിക്കുന്ന ഈച്ച
ഈച്ചയെ കണ്ടാല്‍ എന്തു ചെയ്യും... വല്ല പേപ്പറോ ചൂലോ എടുത്ത് ആട്ടിപ്പായിക്കും അല്ലേ. പക്ഷേ, പേപ്പര്‍ കൊണ്ടുള്ള അടിയൊക്കെ ഈച്ചയ്ക്ക് വല്ലപ്പോഴുമേ കൊള്ളാറുള്ളൂ എന്ന കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ... അതാണ് ഈച്ചയുടെ കണക്കുകൂട്ടലിന്‍റെ ശക്തി. ഈച്ചയുടെ ഈ കണക്കുകൂട്ടല്‍ ബുദ്ധിയെക്കുറിച്ച് ഒരു സംഘം ശാസ്ത്രജ്ഞര്‍ വിശദമായി പഠിച്ചു. ഭൂകമ്പങ്ങളും വെള്ളപ്പൊക്കവും മറ്റുമുണ്ടാകുമ്പോള്‍ സ്ഥലം പരിശോധിച്ച് ആളുകളെ കണ്ടെത്താനും മറ്റും ഉപയോഗിക്കുന്ന ഇത്തിരിക്കുഞ്ഞന്‍ പറക്കും റോബോട്ടുകളെ നിര്‍മ്മിക്കാനാണ് ഈച്ചയുടെ കണക്കുവിദ്യ പ്രയോജനപ്പെടുത്തുന്നത്. ഭാവിയില്‍ നമ്മുടെ റോഡുകളിലൂടെ ഓടുന്ന ഡ്രൈവറില്ലാ വാഹനങ്ങള്‍ക്കും ഈ വിദ്യ ആവശ്യമുണ്ട്. ഒരു സൈക്കിളോ കാറോ ഏതു ദിശയില്‍നിന്ന് ചീറിപ്പാഞ്ഞുവന്നാലും ഇടിയൊഴിവാക്കി സുരക്ഷിതമായി നില്‍ക്കാന്‍ ഈ വിദ്യ ഡ്രൈവറില്ലാവാഹനങ്ങളെ സഹായിക്കും. ഓസ്ട്രേലിയയിലെ അഡെയ്ലെയ്ഡെ സര്‍വകലാശാലയിലെ ഗവേഷകരാണ് ഈച്ചബുദ്ധിയെക്കുറിച്ച് വിശദമായി പഠിച്ചത്. സമീപഭാവിയില്‍ത്തന്നെ ഈച്ച പഠിപ്പിച്ച പാഠങ്ങളുമായി റോബോട്ടിക് വാഹനങ്ങളും ഡ്രോണുകളും പുറത്തിറങ്ങുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
മീന്‍ കിട്ടാറില്ലേ.. സാരമില്ല
പലര്‍ക്കും ചൂണ്ടയിടല്‍ ഹോബിയാണ്. എന്നാല്‍ എല്ലാവര്‍ക്കും ഉദ്ദേശിച്ചതുപോലെ മീന്‍ കിട്ടണമെന്നുമില്ല. ഇതിനൊരു പുത്തന്‍ സൂത്രവുമായി രംഗത്തെത്തിയിരിക്കുകയാണ് പവര്‍ വിഷന്‍ എന്ന റോബോട്ടിക് കമ്പനി. 98 അടി ആഴത്തിലേക്ക് ഊളിയിട്ടിറങ്ങാന്‍ കഴിവുള്ള ഒരു കുഞ്ഞന്‍ റോബോട്ടിനെ കമ്പനി അടുത്തിടെ വികസിപ്പിച്ചു. നാലു മണിക്കൂറിലധികം ഇത് വെള്ളത്തില്‍ മുങ്ങിക്കിടക്കും. നമ്മുടെ മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്ത ആപ്പ് ഉപയോഗിച്ച ഈ മുങ്ങല്‍വിദഗ്ധന്‍ റോബോട്ടിനെ നിയന്ത്രിക്കാനാകും. ഒപ്പം റോബോട്ടിലെ ക്യാമറ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ കാണാനുമാകും. പിന്നെ മീന്‍ എവിടെയുണ്ടെന്ന് കണ്ടെത്താന്‍ എളുപ്പമല്ലേ. മീനുകളെ ആകര്‍ഷിച്ചു വരുത്താനായി ചില ലൈറ്റിങ് വിദ്യകളും ഈ റോബോട്ടിനറിയാം. വെള്ളത്തിനടിയില്‍ പരിശോധനയ്ക്കും മറ്റും റോബോട്ടുകളെ ഉപയോഗിക്കുന്ന പതിവ് നിലവിലുണ്ട്.