
Vidya Bibin
May 11,2020
1:19pm
ഹ്യുമാനിറ്റീസ് പഠിക്കാം: മനുഷ്യനെയും മാനവികതയെയും അറിയാം
ശാസ്ത്രം നിങ്ങളെ ചന്ദ്രനിലെത്തിക്കും. കോവിഡ് മുതല്‍ കാന്‍സറിന് വരെ മരുന്ന് കണ്ടെത്തി തരും. മെട്രോ റെയില്‍ മുതല്‍ ബുര്‍ജ് ഖലീഫ വരെ പണിഞ്ഞു തരും. എന്നാല്‍ ഹ്യുമാനിറ്റീസ് പഠിച്ചിട്ട് നീ എന്താണ് ലോകത്തിന് സംഭാവന
ചെയ്യാന്‍ പോകുന്നത്? പത്താം ക്ലാസ് കഴിഞ്ഞ് പ്ലസ് ടുവിന് ഹ്യുമാനിറ്റീസ് എടുത്താലോ എന്ന് ചിന്തിക്കുന്ന കൂട്ടുകാരുടെ മുന്നിലേക്ക് ചിലരെങ്കിലും തൊടുത്ത് വിടാന്‍ സാധ്യതയുള്ള ചോദ്യമാണ് ഇത്.
എന്ത് കൊണ്ട് നാം ഹ്യുമാനിറ്റീസ് പഠിക്കണം എന്ന ചോദ്യത്തിനുള്ള ഉത്തരം സിംപിളാണ്. മനുഷ്യരെന്ന നിലയില്‍ നമുക്ക് നമ്മളെ കുറിച്ചും മറ്റുള്ളവരെ കുറിച്ചും കൂടുതല്‍ അറിയേണ്ടതുണ്ട്. നാം മാനവരാകാനുള്ള കാരണങ്ങള്‍ അന്വേഷിക്കേണ്ടതുണ്ട്. കവി കടമ്മനിട്ട രാമകൃഷ്ണന്റെ വാക്കുകള്‍ കടമെടുത്ത് പറഞ്ഞാല്‍ ''നിങ്ങളോര്‍ക്കുക, നിങ്ങളെങ്ങനെ, നിങ്ങളായെന്ന് ''. ഹ്യുമാനിറ്റീസിലൂടെ നാം അറിയാന്‍ ശ്രമിക്കുന്നതും ഈ മാനവികതയെ കുറിച്ചാണ്; അതിന്റെ സങ്കീര്‍ണ്ണതകളെയും വൈവിധ്യങ്ങളെയും കുറിച്ച്.
സംസ്‌കാരം, ചരിത്രം, സാഹിത്യം, ഭാഷാപഠനം, സാമൂഹികശാസ്ത്രം, നരവംശശാസ്ത്രം, തത്വശാസ്ത്രം, പ്രകൃതി, ധനശാസ്ത്രം, നിയമം, രാഷ്ട്രമീമാംസ, സൈക്കോളജി, ഭൗമശാസ്ത്രം, സംഗീതം, മതം, നൃത്തം, ലളിതകല തുടങ്ങിയ നിരവധി തലങ്ങളിലൂടെ ഇന്നോളമുള്ള മനുഷ്യവംശത്തിന്റെ ഇടപെടലുകളും അവയുടെ മഹത്വവും മനസ്സിലാക്കാന്‍ ഹ്യൂമാനിറ്റീസ് പഠനം സഹായിക്കുന്നു.
ഹ്യുമാനിറ്റീസ് വിഷയങ്ങളുടെ പ്രായോഗിക മൂല്യം വളരെ വലുതാണ്. അത് മനുഷ്യരെ കുറച്ച് കൂടി തന്മയീഭാവശേഷിയും സഹാനുഭൂതിയുള്ളവരുമാക്കും. സാമൂഹിക നീതിയെ കുറിച്ചും സമത്വത്തെ കുറിച്ചും നിങ്ങള്‍ക്കത് ധാരണയുണ്ടാക്കി തരും. മറ്റുള്ളവരെ അവരുടെ ഭാഷയിലൂടെയും ചരിത്രത്തിലൂടെയും സംസ്‌കാരത്തിലൂടെയും കൂടുതല്‍ മനസ്സിലാക്കാന്‍ അത് വഴി തുറക്കും. വിമര്‍ശനാത്മകമായി ചിന്തിക്കാനും വായിക്കാനും എഴുതാനും ഹ്യുമാനിറ്റീസ് കളമൊരുക്കും. നന്നായി ആശയവിനിമയം ചെയ്യാനും, മറ്റുള്ളവരെ മനസ്സിലാക്കാനും, അവരുടെ മനസ്സിലിരുപ്പ് അറിയാനും, വിമര്‍ശനാത്മകമായി ചിന്തിക്കാനും ഒക്കെ സാധിക്കുന്നവര്‍ക്ക് ഇന്നത്തെ തൊഴില്‍ വിപണിയിലും ഡിമാന്‍ഡുണ്ട്.
മുന്‍പൊക്കെ സയന്‍സും കൊമേഴ്‌സും കിട്ടാത്തവര്‍ ഒടുവില്‍ മറ്റ് വഴിയില്ലാതെ പഠിച്ചിരുന്ന ഗ്രൂപ്പായിരുന്നു ഹ്യുമാനിറ്റീസ് എങ്കില്‍, ഇപ്പോള്‍ കഥ മാറി. ഹ്യുമാനിറ്റീസ് തേടി വരുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം ഇന്ന് വര്‍ദ്ധിച്ചിട്ടുണ്ട്. ഏറ്റവും അധികം ഓപ്ഷനുള്ള ഗ്രൂപ്പാണ് ഹ്യുമാനിറ്റീസ്.
ഹിസ്റ്ററി, ഇക്കണോമിക്‌സ്, പൊളിറ്റിക്‌സ്, ജിയോഗ്രഫി, സോഷ്യോളജി, ജിയോളജി, ഗാന്ധിയന്‍ സ്റ്റഡീസ്, സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, ഇസ്ലാമിക് ഹിസ്റ്ററി, ഫിലോസഫി, ആന്ത്രപോളജി, സ്റ്റാറ്റിസ്റ്റിക്‌സ് , അറബി, ഹിന്ദി, ഉര്‍ദു, കന്നഡ, തമിഴ്, സംസ്‌കൃത സാഹിത്യം, സംസ്‌കൃത ശാസ്ത്രം, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ജേണലിസം, ഇംഗ്ലീഷ് സാഹിത്യം, മ്യൂസിക്, മലയാളം എന്നിവയില്‍ ഏതെങ്കിലും നാല് വിഷയങ്ങളും രണ്ട് ഭാഷാ വിഷയവുമാണ് ഹ്യുമാനിറ്റീസ് ഗ്രൂപ്പില്‍ ഉള്ളത്.