
Midhu Susan Joy
Jul 29,2020
5:49pm
ബാസ്റ്റിൽ ജയിലിന്റെ ഓർമയ്ക്ക്
ഫ്രഞ്ച് ജനതയ്ക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത മാസമാണ് ജൂലൈ. ബാസ്റ്റിൽ ജയിൽ കത്തിചാമ്പലായത് ഈ മാസത്തിലാണ്. ലോകം മുഴുവൻ ചലനം സൃഷ്ടിച്ച ഫ്രഞ്ച് വിപ്ലവത്തിന് തുടക്കം കുറിച്ചത് ഈ സംഭവത്തോടെയാണ്. ആ ചരിത്രം കേട്ടോളൂ.
ലൂയി രാജാക്കൻമാരുടെ ദുർഭരണത്തിനെതിരെയുള്ള സാധാരണക്കാരുടെ പ്രതിഷേധം. അതായിരുന്നു ബാസ്റ്റിൽ കോട്ടയിൽ കണ്ടത്. അധികാരം ദൈവദത്തമാണെന്നു വിശ്വസിച്ചവരായിരുന്നു ലൂയി രാജാക്കൻമാർ. രാജ്യം ഭരിക്കുന്നതിനേക്കാൾ ആർഭാടത്തിൽ മുഴുകനായിരുന്നു അവർക്കു താൽപര്യം. മൂന്നു എസ്റ്റേറ്റുകളായാണ് അന്നു ഫ്രഞ്ച് ജനതയെ തിരിച്ചിരുന്നത്. ഇതിൽ ആദ്യ വിഭാഗക്കാരായ പുരോഹിതൻമാരും പ്രഭുക്കൻമാരും ആഡംബരത്തിൽ മുഴുകി ജീവിച്ചു. എന്നാൽ തേഡ് എസ്റ്റേറ്റുകാരായ സാധാരണക്കാരാണ് കഷ്ടത മുഴുവൻ അനുഭിച്ചത്.
“ഞാനാണ് രാഷ്ട്രം” എന്നു സ്വയം പ്രഖ്യാപിച്ച ഭരാണാധികാരിയാണ് ലൂയി പതിനാലാമൻ. ഇങ്ങനെ ചിന്തിക്കുന്ന രാജാവിന് എങ്ങനെ പ്രജകളുടെ ക്ഷേമത്തിന് വേണ്ടി നിൽക്കാനാകും? സ്വാഭാവികമായി ദുർഭരണത്തിൽ കയ്പ് ഏറ്റവും അനുഭവിക്കേണ്ടി വന്നത് സാധാരണക്കാരായിരുന്നു. ഇതിനുശേഷം അധികാരത്തിൽ വന്ന ലൂയി 15ാമൻ ഇതിനേക്കാൾ ധൂർത്തൻ. ചുരുക്കത്തിൽ ഒരു വശത്ത് ധൂർത്ത്, മറുവശത്ത് കടുത്ത പട്ടിണി. ഇതായി ഫ്രാൻസിന്റെ അവസ്ഥ.
ഖജനാവ് ഇതിനോടകം ഏതാണ്ട് പൂർണമായി ഒഴിഞ്ഞിരുന്നു. ഇരുപതുകാരനായ ലൂയി പതിനാറമനാണ് പിന്നീട് അധികാരത്തിൽ എത്തിയത്. തീർത്തും കഴിവുകെട്ട രാജാവായിരുന്നു അദ്ദേഹം. ഫലത്തിൽ രാജ്ഞിയായ മേരി അന്റോനിയറ്റ് ആയിരുന്നു ഭരിച്ചിരുന്നത്. രാജ്യം കടക്കെണിയിലായി. ധൂർത്ത് മാത്രമല്ലായിരുന്നു ഇതിനു കാരണം. ബ്രിട്ടനിൽ നിന്നു സ്വാതന്ത്യം നേടാൻ 13 അമേരിക്കൻ കോളനികളെ സഹായിച്ചിരുന്നു ലൂയി പതിനാറാമൻ. കുനിൽമേൽക്കുരു പോലെ മറ്റൊരു സംഭവം നടന്നു. കാലാവസ്ഥ ഒരിക്കലും ഇല്ലാത്തവണ്ണം മോശമായി. കൃഷി പിഴച്ചു. ഭക്ഷ്യക്ഷാമം രൂക്ഷമായി. ഇതിനെ തുടർന്ന് റൊട്ടിക്കും മറ്റും വില വർധിച്ചു. ജനം പട്ടിണി കൊണ്ടു നട്ടം തിരിഞ്ഞു. “നിങ്ങൾക്ക് റൊട്ടിയില്ലെങ്കിലെന്താ കേക്ക് തിന്നു കൂടെ?” എന്നതായിരുന്നു രാജ്ഞിയായ മേരി അന്റോനിയറ്റിന്റെ പ്രതികരണം. നികുതി കൂട്ടുക. കടക്കെണിയിൽ നിന്നു രക്ഷപ്പെടാൻ രാജാവ് കണ്ടെത്തിയ മാർഗം ഇതാണ്. ഇതിനെതെിരെ ശക്തമായി പോരാടാൻ ജനം തീരുമാനിച്ചു.
1789 ജൂലൈ 14. പ്രതിഷേധവുമായി ആയിരങ്ങൾ തെരുവിലിറങ്ങി. ബാസ്റ്റിൽ ജയിൽ അതായിരുന്നു അവരുടെ ലക്ഷ്യം. ഇംഗ്ലിഷുകാരുടെ ആക്രമണം തടയാൻ പതിനാലാം നൂറ്റാണ്ടിൽ പണിത ഒരു കോട്ട ആയിരുന്നു ബാസ്റ്റിൽ. ആയുധങ്ങളും വെടിമരുന്നുകളും വൻതോതിൽ അവിടെ സൂക്ഷിച്ചിരുന്നു. രാജഭരണത്തിന്റെ പ്രതിബിംബമായി ജനം ഈ ജയിലിനെ കണ്ടു. രാജാവിനെതിരെ ശബ്ദമുയർത്തുന്നവരെ ഈ തടവറയിലാണ് പാർപ്പിച്ചിരുന്നത്. തങ്ങളുടെ പ്രതിഷേധം അറിയിക്കാൻ ഇതിലും പറ്റിയൊരിടമില്ല എന്നുള്ളതിൽ അവർക്ക് ഉറപ്പുണ്ടായിരുന്നു. പ്രതിഷേധക്കാർ അവിടെ തടവിലുണ്ടായിരുന്ന ഏഴു പേരെ മോചിപ്പിച്ചു. ബാസ്റ്റിൽ കോട്ടക്കു തീയിട്ടു. ആ തീയിൽ നിന്നാണ് വിപ്ലവങ്ങളുടെ മാതാവ് എന്നറിയപ്പെടുന്ന ഫ്രഞ്ച് വിപ്ലവം തുടക്കം കൊണ്ടത്. “സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം” എന്ന മുദ്രാവാക്യം ലോകമെങ്ങും പടർന്നു.
ഈ സംഭവം നടന്നതിന്റെ പിറ്റേ വർഷം മുതൽ ബാസ്റ്റിൽ ദിനം ആഘോഷിക്കാൻ തുടങ്ങി. ഫ്രാൻസിന്റെ ദേശീയ ദിനമാണ് ബാസ്റ്റിൽ ദിനം. Fête Nationale എന്നാണ് ഫ്രാൻസിൽ ഈ ദിനം അറിയപ്പെടുന്നത്. സമാധാനം, സാഹോദര്യം എന്നിവയാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. ഫ്രാൻസിൽ അന്നു പൊതു അവധിയാണ്. മിലിട്ടറി പരേഡ് അടക്കം വൻ സന്നാഹത്തോടെയാണ് ഈ ദിനം കൊണ്ടാടുന്നത്. പാട്ടും നൃത്തവും കരിമരുന്നു പ്രയോഗവും എല്ലാമായി നാടെങ്ങും ഉത്സവാന്തരീക്ഷമാണ്.
ബാസ്റ്റിൽ ദിനവും ഇന്ത്യയും
ഇന്ത്യയിൽ ബാസ്റ്റിൽ ദിനം ആചരിക്കുന്ന ഒരു സ്ഥലമുണ്ട്. പോണ്ടിച്ചേരി. ഫ്രാൻസിന്റെ മുൻ കോളനി ആയിരുന്നല്ലോ ഇവിടം. പരേഡ് അടക്കമുള്ള പരിപാടികളായാണ് ഈ ദിനം ആഘോഷിക്കുന്നത്. ചടങ്ങിൽ ഇന്ത്യയുടെയും ഫ്രാൻസിന്റെയും ദേശീയ ഗാനം ആലപിക്കും. യുദ്ധത്തിൽ ജീവൻ വെടിഞ്ഞ ഫ്രഞ്ച് സൈനികർക്കുള്ള ആദരവാണിത്. ചടങ്ങിൽ ഉടനീളം ഇരു രാജ്യങ്ങളുടെയും പതാക പാറുന്നുണ്ടാകും. രണ്ടു രാജ്യങ്ങളുളെയും സംസ്കാരവും പാരമ്പര്യവും ഉയർത്തിക്കാട്ടുകയാണ് ലക്ഷ്യം. ഇന്ത്യയിൽ മാത്രമല്ല സൌത്ത് ആഫ്രിക്ക, അമേരിക്ക, യുകെ, ബെൽജിയം, ഹങ്കറി തുടങ്ങിയ രാജ്യങ്ങളിലെല്ലാം ബാസ്റ്റിൽ ദിനം ആഘോഷിക്കുന്നുണ്ട്.