
StudyatChanakya Admin
May 22,2020
5:09pm
കംപ്യൂട്ടറിന് പരീക്ഷയിട്ട പ്രതിഭാശാലി
രണ്ടാം ലോകമഹായുദ്ധകാലം. ബ്രിട്ടനെതിരെ ജര്‍മ്മനി യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു. ജര്‍മ്മന്‍ ആക്രമണത്തില്‍ ബ്രിട്ടീഷ് സേന പിടിച്ചു നില്‍ക്കാന്‍ പാടുപെടുകയാണ്. അറ്റ്ലാന്‍റിക് സമുദ്രത്തിന്‍റെ അടിത്തട്ടില്‍ ഒളിച്ചിരുന്ന് ജര്‍മ്മന്‍ മുങ്ങിക്കപ്പലുകള്‍ അപ്രതീക്ഷിതമായി ബ്രിട്ടീഷ് പടക്കപ്പലുകളെ ആക്രമിക്കും. ബ്രിട്ടന് കനത്ത നഷ്ടം നേരിട്ടുകൊണ്ടിരുന്നു. ജര്‍മ്മന്‍ സേന നടത്തുന്ന ആക്രമണങ്ങളെക്കുറിച്ച് നേരിയ സൂചന പോലും ബ്രിട്ടീഷ് സൈനികര്‍ക്ക് കിട്ടിയിരുന്നില്ല. അതിനൊരു കാരണമുണ്ട്. എനിഗ്മ എന്നൊരു കോഡിങ് മെഷീന്‍. ജര്‍മ്മന്‍ സൈനികര്‍ പരസ്പരം അയക്കുന്ന സന്ദേശങ്ങള്‍ എനിഗ്മ പ്രത്യേകകോഡുകളാക്കി മാറ്റും. ഈ കോഡുകള്‍ മറുവശത്തെ ജര്‍മ്മന്‍ സൈനികര്‍ക്ക് മാത്രമേ മനസ്സിലാകൂ.
സഹികെട്ട ബ്രിട്ടീഷ് സേന ഒരു ഗണിതശാസ്ത്രജ്ഞനെ ജര്‍മ്മന്‍ കോഡിന്‍റെ കുരുക്കഴിക്കാന്‍ നിയോഗിച്ചു. പേര് അലന്‍ ട്യൂറിങ്. അന്ന് മുതല്‍ ഊണും ഉറക്കവും കളഞ്ഞ് അയാള്‍ അതിനായി ശ്രമിച്ചുതുടങ്ങി. എനിഗ്മയുടെ കോഡുകളെന്നല്ല, ലോകത്തിലെ ഏതു കോഡും കുരുക്കഴിക്കുന്ന ഒരു മെഷീന്‍ അതായിരുന്നു ആ യുവാവിന്‍റെ മനസ്സില്‍. ഏറെക്കാലത്തെ പരിശ്രമഫലമായി അയാളത് രൂപപ്പെടുത്തി. ബൊംബെ എന്നായിരുന്നു ആ മെഷീന്‍റെ പേര്. ജര്‍മ്മന്‍ സന്ദേശങ്ങള്‍ കുരുക്കഴിച്ചെടുത്ത് വായിച്ച ബ്രിട്ടീഷ് സൈന്യം ജര്‍മ്മനിക്ക് കനത്ത പ്രഹരമേല്‍പ്പിക്കാന്‍ തുടങ്ങി. അലന്‍ ട്യൂറിങ്ങിന്‍റെ ആ മെഷീന്‍ കാരണം ജര്‍മ്മനിയുടെ പതനം നാലുവര്‍ഷം നേരത്തെയായി.
യുദ്ധത്തിന് ശേഷം അലന്‍ ട്യൂറിങ് ലണ്ടനിലെ നാഷണല്‍ ഫിസിക്കല്‍ ലബോറട്ടറിയില്‍ നിയമിക്കപ്പെട്ടു. അവിടെ വച്ച് അദ്ദേഹം പ്രോഗ്രാം ചെയ്യാന്‍ കഴിയുന്ന ആദ്യത്തെ കംപ്യൂട്ടര്‍ രൂപപ്പെടുത്തി. മനുഷ്യരെപ്പോലെ ചിന്തിക്കാന്‍ കഴിയുന്ന കംപ്യൂട്ടറുകളുടെ കാലം അദ്ദേഹം മുന്‍കൂട്ടിക്കണ്ടു. ആര്‍ട്ടിഫിഷ്യന്‍ ഇന്‍റലിജന്‍സ് എന്ന കൃത്രിമബുദ്ധിയുടെ പിതാവായാണ് അദ്ദേഹം അറിയപ്പെടുന്നത്. കംപ്യൂട്ടറുകളുടെ ബുദ്ധിശക്തി അളക്കാന്‍ അദ്ദേഹം ഒരു പരീക്ഷയും രൂപപ്പെടുത്തി. അതാണ് ട്യൂറിങ് ടെസ്റ്റ്. ഒരു കംപ്യൂട്ടറും ഒരു മനുഷ്യനും തമ്മില്‍ ആശയവിനിമയം നടത്തും. കംപ്യൂട്ടര്‍ ഏത് മനുഷ്യന്‍ ഏത് എന്ന് തിരിച്ചറിയാത്ത ഒരാള്‍ ഈ സന്ദേശകൈമാറ്റങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടാകും. ഇതാണ് ലളിതമായി പറഞ്ഞാല്‍ ട്യൂറിങ് ടെസ്റ്റ്. ശ്രദ്ധിക്കുന്നയാള്‍ക്ക് ഏതാണ് മനുഷ്യന്‍ ഏതാണ് കംപ്യൂട്ടര്‍ എന്ന് തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ കംപ്യൂട്ടര്‍ ട്യൂറിങ് ടെസ്റ്റില്‍ പരാജയപ്പെട്ടു എന്നാണര്‍ഥം. ഗൂഗിള്‍ ലെന്‍സ് പോലെയുള്ള ആപ്ലിക്കേഷനുകള്‍ പൂവിനെയും പ്രത്യേകഫാഷന്‍ ഡ്രസ്സിനെയും കാറുകളെയും ഒക്കെ തിരിച്ചറിയുന്നത് കണ്ടിട്ടില്ലേ. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റ ചെറിയ ഉദാഹരണങ്ങളാണിതൊക്കെ. 1912-ല്‍ ഇംഗ്ലണ്ടില്‍ ജനിച്ച അലന്‍ ട്യൂറിങ് വളരെ ചെറുപ്പത്തില്‍ത്തന്നെ കണക്കിലും സയന്‍സിലും മിടുക്കനായിരുന്നു. 1954- ല്‍ ആ പ്രതിഭ അന്തരിച്ചു. ഓരോ തവണയും കംപ്യൂട്ടറിന് മുന്നിലിരിക്കുമ്പോള്‍ നാം ഓര്‍ക്കേണ്ട പേരുകളിലൊന്നാണ് അലന്‍ ട്യൂറിങ്.