
വിദ്യ ബിബിൻ
Oct 09,2020
3:31pm
ശരീരത്തിന്റെ ആരോഗ്യം പോലെ തന്നെ പ്രധാനമാണ് മനസ്സിന്റെ ആരോഗ്യം. തിരക്കേറിയ ജീവിതവും മത്സരാധിഷ്ഠിത തൊഴില്‍ മേഖലയും സങ്കീര്‍ണ്ണമായ കുടുംബ ബന്ധങ്ങളുമെല്ലാം മാനസിക ആരോഗ്യത്തെ ഇന്ന് സാരമായി ബാധിക്കുന്നുണ്ട്.
വര്‍ദ്ധിച്ച് വരുന്ന മാനസിക പ്രശ്നങ്ങള്‍ ആത്മഹത്യകളുടെ എണ്ണവും ക്രമാതീതമായി വര്‍ദ്ധിപ്പിക്കുകയാണ്. മുതിര്‍ന്നവര്‍ മാത്രമല്ല കുട്ടികള്‍ പോലും കടുത്ത മാനസിക സമ്മര്‍ദ്ധം അനുഭവിക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. കുട്ടികളിലും കൗമാരക്കാരിലും ആത്മഹത്യ വര്‍ദ്ധിച്ചു വരുന്ന ഗുരുതര സാഹചര്യം പരിഗണിച്ച് പ്രത്യേക പദ്ധതി വരെ കേരള ഗവണ്മെന്റ് ഈയടുത്ത് ആരംഭിക്കുകയുണ്ടായി.
ഇവിടെയാണ് മനശാസ്ത്ര പ്രശ്നങ്ങള്‍ പ്രഫഷണല്‍ മികവോടെ കൈകാര്യം ചെയ്യുന്ന സൈക്കോളജിസ്റ്റുകളുടെ പ്രാധാന്യമേറുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും ഡിമാന്‍ഡേറിയ കോഴ്സുകളിലൊന്നായി സൈക്കോളജിയെ മാറ്റുന്നതും ഈ സാഹചര്യങ്ങളാണ്.
എന്താണ് സൈക്കോളജി ?
മനുഷ്യ മനസ്സിന്റെയും പെരുമാറ്റരീതികളുടെയും ശാസ്ത്രീയ പഠനമാണ് സൈക്കോളജി. മനുഷ്യന്റെ വികാരങ്ങള്‍, പ്രതികരണങ്ങള്‍, സ്വഭാവം, പെരുമാറ്റം എന്നിവ പഠിച്ച് ഇതില്‍ നിന്നുള്ള നിഗമനങ്ങള്‍ അവരുടെ മാനസിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഉപയോഗിക്കുന്നവരാണ് സൈക്കോളജിസ്റ്റുകള്‍.
സൈക്കോളജിയും സൈക്കാട്രിയും തമ്മിലുളള വ്യത്യാസം
സൈക്കോളജിസ്റ്റുകളും സൈക്കാട്രിസ്റ്റുകളും മനുഷ്യന്റെ തലച്ചോര്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് മനസ്സിലാക്കിയവരാണ്. നമ്മുടെ വികാരങ്ങളെയും ചിന്തകളെയും കുറിച്ചൊക്കെ ഇരു കൂട്ടര്‍ക്കും അറിയാം.
മനോരോഗ ചികിത്സയില്‍ പ്രത്യേക പരിശീലനം നേടുന്ന ഡോക്ടര്‍മാരാണ് സൈക്കാട്രിസ്റ്റുകള്‍. രോഗികള്‍ക്ക് മരുന്ന് നല്കി ചികിത്സിക്കാന്‍ സൈക്കാട്രിസ്റ്റുകള്ക്ക് മാത്രമേ സാധിക്കൂ. മരുന്നിന് പുറമേ ഇലക്ട്രോകണ്‍വള്‍സീവ് തെറാപ്പി പോലുള്ള ബ്രെയിന്‍ സ്റ്റിമുലേഷന്‍ തെറാപ്പികള്‍ നടത്താനും സൈക്കാട്രിസ്റ്റിനു മാത്രമേ സാധിക്കൂ. ഇതില്‍ നിന്ന് വ്യത്യസ്തമായി കൗണ്‍സിലിങ്ങില്‍ ഊന്നിയ ചികിത്സ രീതിയാണ് സൈക്കോളജിസ്റ്റുകള്‍ അവലംബിക്കുന്നത്.
സൈക്കോളജി ഒരു കരിയര്‍
പ്ലസ്ടു തലത്തില്‍ തന്നെ കേരളത്തിലുള്‍പ്പെടെ സൈക്കോളജി ഒരു വിഷയമാണെങ്കിലും ഗൗരവമായ പ്രഫഷണല്‍ പഠനം ബിരുദതലത്തില്‍ ആരംഭിക്കുന്നു. സൈക്കോളജിയില്‍ ബിഎ, ബിഎസ് സി കോഴ്സുകള്‍ ലഭ്യമാണ്. ഇതിന് ശേഷം എംഎ, എംഎസ് സി ബിരുദാനന്തരബിരുദ കോഴ്സുകളുമുണ്ട്.
സൈക്കോളജിയില്‍ എംഫില്‍, പിഎച്ച്ഡി ഡിഗ്രികളും ലഭ്യമാണ്. പ്ലസ്ടുവിന് ഏത് സ്ട്രീം പഠിച്ചവര്‍ക്കും ബിരുദതലത്തില്‍ സൈക്കോളജിക്ക് ചേരാം.
ക്ഷമ, നിരീക്ഷണ, അപഗ്രഥന പാടവം, സഹാനുഭൂതി, സഹിഷ്ണുത, ആശയവിനിമയ ശേഷി, മാനസിക പ്രശ്നം നേരിടുന്നവരെ സഹായിക്കാനുള്ള മനസ്ഥിതി എന്നിവയെല്ലാം സൈക്കോളജി കരിയറാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവശ്യം വേണ്ട ഗുണങ്ങളാണ്.
ക്ലിനിക്കല്‍ സൈക്കോളജി, കൗണ്‍സിലിങ്ങ് സൈക്കോളജി, സ്പോര്‍ട്സ് സൈക്കോളജി, ജെറന്റോളജിക്കല്‍ സൈക്കോളജി, ന്യൂറോ സൈക്കോളജി, കോഗ്നിറ്റീവ് സൈക്കോളജി, ഇന്‍ഡസ്ട്രിയല്‍ സൈക്കോളജി, എജ്യുക്കേഷണല്‍ സൈക്കോളജി, സോഷ്യല്‍ സൈക്കോളജി എന്നിങ്ങനെ നിരവധി സ്പെഷ്യലൈസേഷനുകളും ഇന്ന് സൈക്കോളജിയിലുണ്ട്.
എവിടെ പഠിക്കണം
ഇന്ത്യയിലെ ഒരു വിധം സര്‍വകലാശാലകളൊക്കെ ബിഎ, ബിഎസ് സി സൈക്കോളജി കോഴ്സുകള്‍ നല്‍കുന്നുണ്ട്. ഡല്‍ഹിയിലെ ലേഡി ശ്രീറാം കോളജും, ബംഗലൂരുവിലെ ക്രൈസ്റ്റ് യൂണിവേഴ്സിറ്റി, മുംബൈയിലെ സെന്റ് സേവിയേഴ്സ്, പുണെയിലെ ഫെര്ഗൂസന് കോളജ് എന്നിങ്ങനെ പ്രമുഖ കോളജുകളില്‍ സൈക്കോളജി കോഴ്സുകള്‍ ലഭ്യമാണ്. കേരളത്തില്‍ മാന്നാനം കെ.ഇ. കോളജ,് ആലുവ യുസി കോളജ്, കൊല്ലം ഫാത്തിമ മാതാ കോളജ് എന്നിവിടങ്ങളിലെല്ലാം സൈക്കോളജി കോഴ്സുകളുണ്ട്. ഇഗ്നോവിദൂര പഠന കോഴ്സുകളും സൈക്കോളജിയില്‍ നല്‍കുന്നുണ്ട്.
ജോലി സാധ്യത
ആശുപത്രികള്‍, സര്‍വകലാശാലകള്‍, സ്കൂളുകള്‍, ക്ലിനിക്കുകള്‍, ഗവണ്മെന്റ് ഏജന്‍സികള്‍, എന്‍ജിഒകള്‍, വൃദ്ധ സദനങ്ങള്‍, റീഹാബിലിറ്റേഷന്‍ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെല്ലാം കൗണ്‍സിലര്‍മാരായി സൈക്കോളജിസ്റ്റുകള്‍ക്ക് തൊഴില്‍ സാധ്യതയുണ്ട്.