
മിഥു സൂസൻ ജോയി
Oct 28,2020
6:10pm
ബെന്നു എന്ന പേരിൽ ഒരു ഈജിപ്ഷ്യൻ ദേവനുണ്ട്. ഐതിഹ്യം അനുസരിച്ച് ലോകത്തിന്റെ സൃഷ്ടിയിൽ ഇദ്ദേഹത്തിന് പങ്കുണ്ടായിരുന്നത്രെ. ബഹിരാകാശത്തുമുണ്ട് ഇതു പോലൊരു ബെന്നു. സൌരയൂഥത്തിന്റെ ഉദ്ഭവകാലം മുതലുള്ള ഛിന്നഗ്രഹമാണിത്. അതിനാൽ സൌരയൂഥമുണ്ടായ കഥ പറയാൻ ഏറ്റവും അർഹൻ ബെന്നു തന്നെ. ആ കഥ കേൾക്കാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണു ശാസ്ത്രലോകം.
ഗ്രഹങ്ങളെ പോലെ തന്നെ സുര്യനെ വലംവയ്ക്കുന്ന ആകാശവസ്തുക്കളാണ് ഛിന്നഗ്രഹങ്ങൾ (Asteroids). എന്നാൽ വലുപ്പത്തിൽ ഇവർ ഗ്രഹങ്ങളെക്കാൾ ചെറുതാണ്. ചൊവ്വയുടെയും വ്യാഴത്തിന്റെയും ഭ്രമണപദങ്ങൾക്കിടയിലാണു ഛിന്നഗ്രഹങ്ങൾ സ്ഥിതി ചെയ്യുന്നു. വിവിധ രൂപത്തിലും വലുപ്പത്തിലുമുള്ള ആയിരക്കണക്കിന് ഛിന്നഗ്രഹങ്ങളുണ്ട് ബഹിരാകാശത്ത്. ഭൂമിയോട് അടുത്തു സ്ഥിതി ചെയ്യുന്നവയാണ് ഇതിൽ പലതും. Near-Earth Asteroids എന്നാണ് ഇത്തരക്കാർ അറിയപ്പെടുന്നത്. ഭൂമിയുമായി വന്നിടിക്കാൻ ഏറെ സാധ്യത ഉള്ളവരാണിവർ. ഈ ഗണത്തിൽ ഉൾപ്പെടുന്ന ഛിന്നഗ്രഹമാണ് ബെന്നു. 32 കോടി കിലോമീറ്ററാണ് ഭൂമിയിൽ നിന്നു ബെന്നുവിലേക്കുള്ള ദൂരം. 1999ലാണ് ശാസ്തജ്ഞൻമാർ ഈ ഛിന്നഗ്രഹത്തെ കണ്ടെത്തിയത്. നോർത്ത് കരോലിന സ്വദേശിയായ ഒരു ഒമ്പതു വയസുകാരനാണു ബെന്നുവിന് പേരിട്ടത്. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ “നെയിം ദാറ്റ് ആസ്ട്രോയിഡ്” മത്സരത്തിൽ വിജയിയായിരുന്നു ആ മിടുക്കൻ.
450 കോടി വർഷമാണ് ബെന്നുവിന്റെ പ്രായം. അതായത് സൌരയൂഥത്തിന്റെ ഉദ്ഭവകാലം മുതൽ ബെന്നു ഉണ്ടെന്നർഥം. കാർബൺ കൊണ്ടു നിർമിതമായ ഛിന്നഗ്രഹമാണിത്. അതിനാൽ തന്നെ ജീവൻ ഉൾപ്പെടെയുള്ള സൌരയൂഥത്തിലെ രഹസ്യങ്ങൾ മനസിലാകാൻ ബെന്നുവിലേക്കുള്ള പര്യവേക്ഷണം സഹായകരമാകുമെന്നു ഗവേഷകർ പറയുന്നു. ഇതിന്റെ ഭാഗമായാണ് നാസ ഒസിരിസ്-റെക്സ് എന്ന പേടകം വിക്ഷേപിച്ചത്. ബെന്നുവിനെ കുറിച്ചു കൂടുതൽ പഠിക്കുകയും സാമ്പിളുകൾ ശേഖരിക്കുമായിരുന്നു നാസയുടെ ലക്ഷ്യം. 5878 കോടി രൂപയാണ് നാസ ഈ ദൌത്യത്തിനു ചെലവിട്ടത്.
2016 സെപ്റ്റംബർ എട്ടിന് യുഎസിലെ ഫ്ളോറിഡയിലെ കേപ് കനവറൽ വ്യോമയാന സ്റ്റേഷനിൽനിന്നായിരുന്നു വിക്ഷേപണം. ഒസിരിസ്-റെക്സ് ബെന്നുവിന്റെ ഭ്രമണപദത്തിലെത്തിയത് 2018 ഡിസംബറിൽ ആണ്. ഇതിനു ശേഷം രണ്ടു വർഷമായി ഛിന്നഗ്രഹത്തിനു ചുറ്റും വലംവെച്ച് തയാറെടുക്കുകയായിരുന്നു ഈ പേടകം. എന്നാൽ കഴിഞ്ഞ ദിവസം ശാസ്ത്രലോകത്തെ ഒന്നാകെ ആവേശഭരിതരാക്കി ഒസിരിസ്-റെക്സ് ബെന്നുവിന്റെ ഉപരിതലത്തിനു തൊട്ടടുത്ത് എത്തിയ വാർത്തയാണ് നാസ പുറത്തുവിട്ടത്. തീർന്നില്ല. അവിടെ നിന്നു സാമ്പിളുകൾ ശേഖരിക്കാനും പേടകത്തിനു സാധിച്ചത്രെ.
ബഹിരാകാശ രംഗത്തെ നാസയുടെ വൻ മുന്നേറ്റമായി തന്നെ ഇതിനെ കാണണം. സെക്കൻഡിൽ 28 കിലോമീറ്റർ വേഗത്തിൽ പായുന്ന ഈ ഛിന്നഗ്രഹത്തെ തൊടുക എന്നത് തീർത്തും ശ്രമകരമായ കാര്യമാണ്. മാത്രമല്ല ഗുരുത്വാകർഷണവും തീരെ കുറവാണിവിടെ. മനുഷ്യ നിയന്ത്രിത ലാൻഡിങ് നടക്കില്ല എന്നു സാരം. ഇവിടെയാണ് പേടകത്തിലെ അത്യാധുനിക സാങ്കേതിക വിദ്യ വിജയം കണ്ടത്. സെൻസറുകൾ ഉപയോഗിച്ച് പേടകം ദിശയും വേഗവും ഛിന്നഗ്രഹത്തിനു സമാനമാക്കി. തുടർന്ന് പേടകത്തിന്റെ റോബോട്ടിക് കൈയുപയോഗിച്ച് നൈട്രജൻ വാതകം ബെന്നുവിന്റെ ഭാഗമായ നൈറ്റിങ്ൽ കുഴിയിലേക്കു തെറിപ്പിച്ചു. ഇതോടെ പാറകഷ്ണങ്ങളും പൊടിയും ചിതറി. 2 കിലോഗ്രാം ഭാരമുള്ള പാറകഷ്ണങ്ങളാണ് പേടകം ഇത്തരത്തിൽ ശേഖരിച്ചത്. 16 സെക്കൻഡിനുള്ളിൽ ലക്ഷ്യം പൂർത്തിയാക്കി പേടകം തിരികെ പറക്കുകയും ചെയ്തു. ഇതിന്റെ ചിത്രങ്ങൾ ഒസിരിസ് നാസയുടെ കൺട്രോൾ സ്റ്റേഷനിലേക്ക് അയച്ചിട്ടുണ്ട്. ഈ തൃപ്തികരമല്ലെങ്കിൽ അടുത്തവർഷം പേടകം വീണ്ടും സാമ്പിളുകൾ ശേഖരിക്കും. 2023 സെപ്റ്റംബർ 24നു ഒസിറസ് – റെക്സ് സാമ്പിളുകളുമായി ഭൂമിയിൽ തിരികെ എത്തുന്നത്. എന്തായാലും ബഹിരാകാശത്തെ വലിയ ചുവടു വയ്പ്പാണ് നാസ നടത്തിയിരിക്കുന്നത്.