Vidya Bibin
Dec 28,2020
7:53pm
നിങ്ങളുടെ വീട്ടിലോ അയല്‍വക്കത്തോ പ്രായമായ അപ്പൂപ്പന്മാരോ അമ്മൂമ്മമാരോ ഉണ്ടോ? എപ്പോഴെങ്കിലും അവരോട് കുറച്ച് നേരമിരുന്ന് സംസാരിച്ചിട്ടുണ്ടോ? അവരുടെ ആവശ്യങ്ങള്‍, ആശങ്കകള്‍, ആഗ്രഹങ്ങള്‍,പ്രശ്നങ്ങള്‍, ഒറ്റപ്പെടല്‍ എന്നിവയെ കുറിച്ചൊക്കെ ചിന്തിച്ചു
നോക്കിയിട്ടുണ്ടോ?
ഇങ്ങനെയൊക്കെ ചെയ്താല്‍ നമ്മുടെ ചുറ്റിലുമുള്ള പ്രായമായ വ്യക്തികളുടെ ജീവിതനിലവാരത്തെ കുറിച്ച് ഒരു ഏകദേശ ധാരണ നമുക്ക്ലഭിച്ചേക്കും. അത്തരമൊരു ധാരണ വരുന്ന പക്ഷം, അവരുടെ ജീവിതം ഇങ്ങനെയൊക്കെ മതിയോ എന്ന് നാം ഓരോരുത്തരും ചിന്തിച്ചു തുടങ്ങും. അങ്ങനെയുള്ള ചിന്തയാണ് ജെറന്റോളജി എന്ന പഠനശാഖയുടെ കാതല്‍.
പ്രായമായവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനെ പറ്റിയുള്ള ശാസ്ത്രമാണ് ജെറന്റോളജി. പ്രായമാകുമ്പോള്‍ ഉണ്ടാകുന്ന ജീവശാസ്ത്രപരവും സാമൂഹികവും മാനസികവും ശാരീരികവുമായ മാറ്റങ്ങളെ പറ്റിയുള്ള പഠന, ഗവേഷണങ്ങള്‍ ജെറന്റോളജിയില്‍ ഉള്‍പ്പെടുന്നു.
ഇത്തരത്തിലുള്ള പഠനങ്ങളിലൂടെ ലഭിക്കുന്ന അറിവ് പ്രായമായവരുടെ ജീവിതത്തില്‍ ഗുണപരമായ മാറ്റങ്ങളുണ്ടാക്കുന്ന നയപരിപാടികള്‍ രൂപീകരിക്കാന്‍ ഉപയോഗിക്കുന്നിടത്താണ് ജെറന്റോളജിയുടെ പ്രായോഗികത.
ജെറന്റോളജിയല്ല ജെറിയാട്രിക്സ്
പ്രായമാകുന്ന പ്രക്രിയയെ കുറിച്ചുള്ള പഠനമാണ് ജെറന്റോളജി. അതേ സമയം ജെറിയാട്രിക്സ് പ്രായമായവര്‍ക്ക് വരുന്ന രോഗങ്ങളെ കുറിച്ചുള്ള വൈദ്യശാസ്ത്ര പഠനമാണ്. മുതിര്‍ന്നവരുടെ ആരോഗ്യ സംരക്ഷണത്തിന് മാത്രമാണ് ജെറിയാട്രിക്സ് ഊന്നല്‍ നല്‍കുന്നത്. അതേ സമയം ജെറന്റോളജി ആരോഗ്യസംരക്ഷണത്തില്‍ മാത്രം പരിമിതപ്പെടുത്തിയിട്ടില്ല. മനുഷ്യന്റെ വാര്‍ദ്ധക്യത്തെ ബാധിക്കുന്ന ശാരീരിക, മാനസിക, സാമൂഹിക, സാംസ്കാരിക ഘടങ്ങളെല്ലാം ജെറന്റോളജിയില്‍ വിഷയമാകുന്നു.
വാര്‍ദ്ധക്യത്തിന്റെ ജീവശാസ്ത്രപരമായ പ്രക്രിയയെ സംബന്ധിക്കുന്ന ബയോ ജെറന്റോളജി, അതിന്റെ സാമൂഹിക വശങ്ങള്‍ക്ക് ശ്രദ്ധ നല്കുന്ന സോഷ്യല്‍ ജെറന്റോളജി എന്നിങ്ങനെ ജെറന്റോളജിയില്‍ തന്നെ സ്പെഷ്യലൈസേഷന് സാധ്യതകളുണ്ട്. വിദേശരാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ ജെറന്റോളജിയില്‍ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകള്‍ അപൂര്‍വമാണ്. എന്നാല്‍ മുംബൈയിലെ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് അടക്കം പല സ്ഥാപനങ്ങളും ജെറന്റോളജിയില്‍ ഡിപ്ലോമ, പിജി ഡിപ്ലോമ കോഴ്സുകള്‍ നടത്തുന്നുണ്ട്.
എംഎസ്ഡബ്യു, സോഷ്യോളജി, സൈക്കോളജി പോലുള്ള പരമ്പരാഗത കോഴ്സുകളുടെ ഭാഗമായി ഒരു പ്രത്യേക വിഷയമായും ജെറന്റോളജി പഠിപ്പിക്കുന്നുണ്ട്. ഒരു ബിരുദമാണ് ജെറന്റോളജി കോഴ്സുകള്‍ എടുക്കുന്നതിനുള്ള യോഗ്യത. ചില ഡിപ്ലോമ കോഴ്സുകള്‍ക്ക് പ്ലസ്ടു
മതിയാകും. ബയോളജി, സോഷ്യോളജി, സൈക്കോളജി, തെറാപ്പി, കൗണ്‍സിലിങ്ങ് തുടങ്ങിയ പല വിഷയങ്ങളും കോഴ്സ് ഘടനയില്‍ ഉള്‍പ്പെടുത്തിയിരിക്കും.
പ്രായമായവരുടെ ഒപ്പം ജോലി ചെയ്യാനുള്ള ഇഷ്ടം ഈ കോഴ്സിന് പ്രധാനമാണ്. നല്ല ആശയവിനിമയ ശേഷിയും അഭികാമ്യം. ക്ഷമയോടും സഹാനുഭൂതിയോടും കൂടി പ്രായമായവരോട് പെരുമാറാന്‍ സാധിക്കണം. അവരുടെ ജീവിതം മെച്ചപ്പെടുത്താനുള്ള ആത്മാര്‍ത്ഥമായ ആഗ്രഹം ഉണ്ടാവുകയും വേണം. ആശുപത്രികള്‍, നഴ്സിങ്ങ് ഹോമുകള്‍, ഗവണ്മെന്റ് ഏജന്‍സികള്‍, എന്‍ജിഒകള്‍, റിട്ടയര്‍മെന്റ് ഹോമുകള്‍ എന്നിങ്ങനെ ജെറന്റോളജിസ്റ്റുകളെ ആവശ്യമുള്ള നിരവധി മേഖലകളുണ്ട്. മുതിര്‍ന്നവര്‍ക്കുള്ള
കൗണ്‍സിലര്‍മാരായും സ്വകാര്യ സ്ഥാപനങ്ങളുടെ ഈ വിഷയത്തിലെകണ്സല്ട്ടന്റുമാരായുമെല്ലാം ജെറന്റോളജിസ്റ്റുകള്ക്ക് ജോലി കണ്ടെത്താം.