
മിഥു സൂസൻ ജോയി
Oct 28,2020
6:31pm
ലോകത്തെ ഏറ്റവും മൂല്യമുള്ള പുരസ്കാരമെന്നു വിശേഷിപ്പിക്കുന്ന നൊബൽ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു . രസതന്ത്രം, സാഹിത്യം, ഭൗതികശാസ്ത്രം, സാമ്പത്തികശാസ്ത്രം, വൈദ്യശാസ്ത്രം, സമാധാനം എന്നീ മേഖലകളിൽ സംഭാവനകൾ നൽകുന്നവർക്കാണ് നൊബേൽ നൽകുന്നത്. എട്ടു കോടിയിൽ പരം രൂപയാണു പുരസ്കാരം നേടിയവരെ കാത്തിരിക്കുന്നത്.
സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം ഐക്യരാഷ്ട്ര സംഘടനയ്ക്കു കീഴിലുള്ള വേൾ ഫുഡ് പ്രോഗ്രാമിന് ( WFP) ലഭിച്ചു. സംഘര്‍ഷ ഭരിതമായ മേഖലകളിലെ ഭക്ഷ്യ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചതിനാണ് ബഹുമതി. 80ൽ പരം രാജ്യങ്ങളിലായി 10 കോടി ആളുകളുടെ പട്ടിണി മാറ്റുന്ന സംഘടനയാണിത്. റോം ആണ് WFP യുടെ ആസ്ഥാനം.
അമേരിക്കന്‍ കവയിത്രി ലൂയിസ് ഗ്ലക്കിനാണ് സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരം. സാഹിത്യ നൊബേലിനു അർഹയാകുന്ന 16ാമത്തെ വനിതയാണ് ഗ്ലിക്ക്.
തമോഗര്‍ത്തങ്ങളുമായി (ബ്ലാക്ക് ഹോൾ) ബന്ധപ്പെട്ട കണ്ടുപിടിത്തങ്ങൾക്ക് റോജര്‍ പെന്റോസ്, റെയ്നാഡ് ഗെന്‍സല്‍, ആന്‍ഡ്രിയ ഗെസ് എന്നിവർക്ക് ഭൗതികശാസ്ത്ര നൊബേല്‍ പുരസ്കാരം ലഭിച്ചു.
ഹെപ്പറ്റൈറ്റിസ് സി വൈറസ് കണ്ടെത്തിയതിന് ഹാർവി ജെ. ആൾട്ടർ, ചാൾസ് എം. റൈസ്, മൈക്കൽ ഹാട്ടൺ എന്നിവർക്കാണ് വൈദ്യശാസ്ത്ര വിഭാഗത്തിൽ പുരസ്കാരം. സിറോസിസിനും കരളിലെ കാൻസറിനും കാരണമായേക്കാവുന്നതാണ് ഈ വൈറസ്.
കമ്പ്യൂട്ടര്‍ ജീന്‍ എഡിറ്റിങ് നടത്താന്‍ പുതിയ വഴി കണ്ടെത്തിയ വനിതാ ഗവേഷകരായ ഇമ്മാനുവല്‍ ഷാപ്പെന്റിയര്, ജെന്നിഫര്‍ ഡോഡ്ന എന്നിവർക്കാണ് രസതന്ത്ര നൊബേല്‍ പുരസ്കാരം. ഡിഎൻഎ നിശ്ചിത സ്ഥാനത്ത് കൃത്യമായി മുറിക്കാവുന്ന ക്രിസ്പർ കാസ് 9 എന്ന ജീൻ എഡിറ്റിങ് സംവിധാനമാണ് ഇവർ വികസിപ്പിച്ചത്.
സാമ്പത്തികശാസ്ത്ര വിഭാഗത്തിൽ ലേലതത്വം പരിഷ്കരിക്കുകയും പുതിയ മാതൃകകൾ അവതരിപ്പിക്കുകയും ചെയ്ത പോൾ ആർ. മിൽഗ്രാം, റോബർട് ബി. വിൽസൻ എന്നിവർ പുരസ്കാരം നേടി.