
മിഥു സൂസൻ ജോയി
Oct 28,2020
6:14pm
അമേരിക്കൻ ബഹിരാകാശ ഏജൻസി നാസയുടെ ബഹിരാകാശ വാഹനം ഒസിരിസ്-റെക്സ് ബെന്നു എന്നഛിന്നഗ്രഹത്തിന്റെ ഉപരിതലത്തെത്തി. അവിടെനിന്ന് വാഹനത്തിന്റെ റോബോട്ടിക് കൈകൾ പാറകഷ്ണങ്ങൾ ശേഖരിച്ചതായി നാസ വ്യക്തമാക്കി. ബഹിരാകാശ ചരിത്രത്തിലെ നിർണായക കാൽവയ്പ്പാണിത്.
ഭൂമിയിൽ നിന്ന് 32 കോടി കിലോമീറ്റർ അകലെയുള്ള ഛിന്നഗ്രഹമാണ് ബെന്നു. 450 കോടി വർഷമാണ് ബെന്നുവിന്റെ പഴക്കം. അതായത് സൌരയൂഥത്തിന്റെ ഉത്ഭവക്കാലം മുതലുള്ള ഛിന്നഗ്രഹമാണ് ബെന്നു എന്നർഥം. അതിനാൽ തന്നെ ജീവൻ ഉൾപ്പെടെയുള്ള സൌരയൂഥത്തിലെ രഹസ്യങ്ങൾ മനസിലാകാൻ പര്യവേക്ഷണം സഹായിക്കുമെന്നു ഗവേഷകർ കണക്കുക്കൂട്ടുന്നു. 2016 സെപ്റ്റംബർ എട്ടിന് യുഎസിലെ ഫ്ളോറിഡയിലെ കേപ് കനവറൽ വ്യോമയാന സ്റ്റേഷനിൽനിന്ന് ഒസിരിസ്-റെക്സ് വിക്ഷേപിച്ചത്. 2023 സെപ്റ്റംബർ 24നു പേടകം ഭൂമിയിൽ തിരികെ എത്തും.