StudyatChanakya Admin
May 26,2021
2:51pm
കേരള രാഷ്ട്രീയത്തിലെ വിപ്ലവനായിക കെ.ആര്.ഗൗരിയമ്മ അന്തരിച്ചു. ഏറ്റവും കൂടുതല്‍കാലം മന്ത്രിയായിരുന്ന വനിതയും, ആദ്യ മന്ത്രിസഭയിലെ ഏകവനിതയുമാണ് ഗൗരിയമ്മ. 13 തവണ നിയസഭാംഗവും ആറു തവണ മന്ത്രിയുമായി.
ചേർത്തലയിലെ പട്ടണക്കാട്ട് അന്ധകാരനഴിയിൽ കളത്തിപ്പറമ്പിൽ കെ. എ. രാമൻ, പാർവതിയമ്മ എന്നിവരുടെ മകളായി 1919 ജൂലൈ 14 നാണ് ഗൗരിയമ്മ ജനിച്ചത്. തുറവൂര്‍ തിരുമല ദേവസ്വം സ്കൂളിലും ചേര്‍ത്തല ഇംഗ്ലിഷ് സ്കൂളിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളജില്‍നിന്ന് ഇന്റര്‍മീഡിയറ്റും സെന്റ് തെരേസാസ് കോളജില്‍ നിന്നു ബിരുദവും തിരുവനന്തപുരം ലോ കോളേജില്‍നിന്നു നിയമബിരുദവും നേടി. ഈഴവ സമുദായത്തിലെ ആദ്യത്തെ വനിതാ വക്കീലായി. വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തിയ ഗൗരിയമ്മ 1946ൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു. 1952 ലും 54 ലും തിരു–കൊച്ചി നിയമസഭയിലേക്ക് വന്‍ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടു. ഐക്യകേരള രൂപീകരണത്തിനുശേഷം 1957 ല്‍ നടന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാർഥിയായി. റവന്യുമന്ത്രിയായിരിക്കെ അതേ മന്ത്രിസഭയിലെ തൊഴില്‍മന്ത്രിയായിരുന്ന ടി.വി തോമസിനെ വിവാഹം ചെയ്തു. എന്നാല്‍ 1964-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രണ്ടായി പിളര്‍ന്നപ്പോള്‍ തോമസ് സിപിഐയിലും ഗൗരിയമ്മ സിപിഎമ്മിനോടും ചേര്‍ന്നു നിന്നു. പിന്നീട് സിപിഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ടതിനെത്തുടര്‍ന്ന് ജനാധിപത്യ സംരക്ഷണ സമിതി (ജെ.എസ്.എസ്) രൂപവത്കരിച്ചു. 1996ലും 2001ലും യു.ഡി.എഫ് മുന്നണിക്കൊപ്പം ചേർന്ന് അരൂരിൽ നിന്ന് നിയമസഭയിലെത്തിയ ഗൗരിയമ്മ ആൻറണി മന്ത്രിസഭയിലും ഉമ്മൻ ചാണ്ടി മന്ത്രിസഭയിലും അംഗമായി. ഗൗരിയമ്മയുടെ ആത്മകഥയ്ക്ക് 2011-ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.