മിഥു സൂസൻ ജോയി
Oct 09,2020
4:17pm
ജാമി മിടുക്കനാണ്... അവന് യന്ത്രങ്ങളൊക്കെ ഉണ്ടാക്കാന്‍ നല്ല കഴിവുണ്ട്.. ജെയിംസ് വാട്ട് എന്ന പയ്യനെ നോക്കി അവന്‍റെ അച്ഛന്‍റെ പണിശാലയിലെ പണിക്കാരന്‍ പറഞ്ഞു. കുട്ടിക്കാലം മുതല്‍ പലതരം അസുഖങ്ങള്‍ അലട്ടുന്ന കുട്ടിയായിരുന്നു ജെയിംസ്. അതുകൊണ്ട് പുറത്തേക്കൊന്നും അവനെ അധികം വിട്ടിരുന്നില്ല. കിട്ടുന്ന സമയം മുഴുവന്‍ അവന്‍ അച്ഛന്‍റെ പണിശാലയില്‍ ചെലവഴിക്കും. കപ്പലുകള്‍ക്ക് ദിശ അറിയാനും ദൂരമളക്കാനുമുള്ള ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന ജോലിയായിരുന്നു ജെയിംസിന്‍റെ അച്ഛന്. അന്ന് അച്ഛന്‍റെ പണിശാലയില്‍ ഉപകരണങ്ങള്‍ സസൂക്ഷ്മം ശ്രദ്ധിച്ചിരുന്ന കുട്ടിയാണ് പില്‍ക്കാലത്ത് വ്യവസായലോകത്തെ മുന്നോട്ടുകുതിപ്പിച്ച ഒരു കണ്ടുപിടുത്തം നടത്തിയത്. ആവി എഞ്ചിന്‍!
1736-ല്‍ സ്കോട്ട്ലന്‍ഡിലാണ് ജെയിംസ് വാട്ട് ജനിച്ചത്. അനാരോഗ്യം മൂലം അമ്മയാണ് വീട്ടിലിരുത്തി കൊച്ചു ജെയിംസിനെ പഠിപ്പിച്ചത്. കണക്കില്‍ മിടുക്കനായിരുന്നു അവന്‍. അധികകാലം അതു തുടര്‍ന്നില്ല. ജെയിംസിന്‍റെ അമ്മ മരിച്ചു. ജീവിക്കാനുള്ള വക തേടി ജെയിംസിന് ജോലിക്ക് പോകേണ്ടിയും വന്നു.
ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന ഒരാള്‍ക്കടുത്താണ് ജെയിംസ് ജോലിക്ക് കയറിയത്. അതിവേഗം അവന്‍ ഉപകരണങ്ങളുടെ നിര്‍മ്മാണം പഠിച്ചെടുത്തു. ആയിടെയാണ് ഒരു യന്ത്രം ജെയിംസിനടുത്ത് നന്നാക്കാനായി എത്തുന്നത്. ഖനികളിലെ വെള്ളം നീക്കാനുള്ള ഒരു യന്ത്രമായിരുന്നു അത്. അക്കാലത്ത് അത് പ്രവര്‍ത്തിപ്പിക്കാന്‍ വളരെയധികം ഇന്ധനം ആവശ്യമായിരുന്നു.
അത് നന്നാക്കവേ ജെയിംസ് ആലോചനയില്‍ മുഴുകി. ഇത്രയും ഇന്ധനത്തിന്‍റെ ആവശ്യമില്ലാതെ മെച്ചപ്പെട്ടരീതിയില്‍പ്രവര്‍ത്തിക്കുന്ന ഒരു യന്ത്രം തനിക്ക് നിര്‍മ്മിക്കാനാകും എന്ന് ജെയിംസ് കണക്കുകൂട്ടി. പിന്നീട് അതിനുള്ള ശ്രമമായിരുന്നു. ഊണിലും ഉറക്കത്തിലും ജെയിംസ് തന്‍റെ യന്ത്രത്തെക്കുറിച്ച് മാത്രം ചിന്തിച്ചു. ഒടുവില്‍ ഏറെക്കാലത്തെ ശ്രമഫലമായി അദ്ദേഹം തന്‍റെ സ്വപ്നത്തിലെ യന്ത്രം നിര്‍മ്മിച്ചു. ആവി എഞ്ചിന്‍!
പത്തുവര്‍ഷം എടുത്തു അതിന്‍റെ എല്ലാ കുറവുകളും പരിഹരിച്ച് മെച്ചപ്പെടുത്തിയെടുക്കാന്‍ എന്ന കാര്യമോര്‍ത്താല്‍ മാത്രം മതി ജെയിംസ് എത്രത്തോളം അതിന് വേണ്ടി അധ്വാനിച്ചിരുന്നു എന്ന് മനസ്സിലാക്കാന്‍.
ആവി എഞ്ചിന്‍റെ വരവോടെ വ്യവസായശാലകളില്‍ വ്യാപകമായി ഇത് ഉപയോഗിച്ചു തുടങ്ങി. ആവി എഞ്ചിന്‍ ഘടിപ്പിച്ച തീവണ്ടികള്‍ ഓടിത്തുടങ്ങി. ഭാരവണ്ടി വലിച്ചു കഷ്ടപ്പെട്ടു നീങ്ങുന്ന കാളകളും പോത്തുകളുമൊക്കെ രക്ഷപ്പെട്ടു എന്നു വേണം പറയാന്‍!
എങ്കിലും മൃഗങ്ങള്‍ ഒരു കാര്യത്തില്‍ ജെയിംസിനെ സഹായിച്ചു. എഞ്ചിന്‍റെ ശക്തി അളക്കാനായി കുതിരശക്തി (ഹോഴ്സ് പവര്‍) എന്ന അളവ് അദ്ദേഹം രൂപപ്പെടുത്തി.
കനാലുകളും മറ്റും നിര്‍മ്മിക്കാനുള്ള സര്‍വേയറായും അദ്ദേഹം ജോലി നോക്കിയിട്ടുണ്ട്.
കോപ്പിയിങ് പ്രസ്സ്, സര്‍വേയിങ് ക്വാഡ്രന്‍റ്, ഡ്രായിങ് മെഷീന്‍, ഗ്രഹങ്ങളും നക്ഷത്രങ്ങളും തമ്മിലുള്ള അകലം കണക്കുകൂട്ടുവാനുള്ള ഉപകരണം തുടങ്ങിയവയൊക്കെ അദ്ദേഹം കണ്ടുപിടിച്ചതാണ്. നിരവധി അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. പവര്‍ കണക്കാക്കാനുള്ള യൂണിറ്റ് അദ്ദേഹത്തോടുള്ള ആദരസൂചകമായി വാട്ട് എന്ന യൂണിറ്റിലാണ് കണക്കാക്കുന്നത്. 1819-ല്‍ ജെയിംസ് വാട്ട് അന്തരിച്ചു.