
Vidya Bibin
Jul 13,2020
3:32pm
തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി
പത്ത് കഴിഞ്ഞാല്‍ പ്ലസ് ടു. പ്ലസ് ടു കഴിഞ്ഞാല്‍ ബിരുദം. പിന്നെ ബിരുദാന്തരബിരുദം. വിദ്യാഭ്യാസത്തെ കുറിച്ചുള്ള പരമ്പരാഗത കാഴ്ചപ്പാട് ഇങ്ങനെ നീളുന്നു. എന്നാല്‍ വിദ്യാഭ്യാസത്തോടൊപ്പം ഏതെങ്കിലും തൊഴിലില്‍ കൂടി വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്കാന് ആരംഭിച്ചതാണ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി അഥവാ വിഎച്ച്എസ്ഇ കോഴ്സ്. സ്കൂള്‍ തലം മുതല്‍ തന്നെ വിദ്യാര്‍ത്ഥികളുടെ തൊഴില്‍ക്ഷമത ഉയര്‍ത്തുകയാണ് വിഎച്ച്എസ്ഇ കോഴ്സിന്റെ ലക്ഷ്യം.
എസ്.എസ്.എല്‍.സി. പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് ഹയര്‍ സെക്കന്‍ഡറി പോലെ തന്നെ തിരഞ്ഞെടുക്കാവുന്നതാണ് വിഎച്ച്എസ്ഇ. കേരളത്തില്‍ 1983-84 കാലഘട്ടത്തിലാണ് വിഎച്ച്എസ്ഇ ആരംഭിച്ചത്. തിരഞ്ഞെടുത്ത 19 സ്കൂളുകളിലായിരുന്നു അന്ന് വിഎച്ച്എസ്ഇ പഠനം. ഇന്ന് 389 സ്കൂളുകളിലായി 1100 ബാച്ചുകള്‍ വിഎച്ച്എസ്ഇക്ക് ഉണ്ട്. ഇതിലൂടെ 35 തൊഴിലധിഷ്ഠിത കോഴ്സുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിരഞ്ഞെടുക്കാനായി നല്കുന്നു. 389ല്‍ 128 സ്കൂളുകള്‍ സ്വകാര്യ എയിഡഡ് മേഖലയിലും 261 സ്കൂളുകള്‍ ഗവണ്മെന്റ് മേഖലയിലുമാണ്.
ഓട്ടോമൊബൈല്‍ ടെക്നോളജി, ഗ്രാഫിക് ഡിസൈന്‍ ആന്‍ഡ് പ്രിന്റിങ്ങ് ടെക്നോളജി, ഫിസിയോതെറാപ്പി, മറൈന്‍ ഫിഷറീസ് ആന്‍ഡ് സീഫുഡ് പ്രോസസിങ്ങ്, ഡയറി ടെക്നോളജി, അക്കൗണ്ടിങ്ങ് ആന്‍ഡ് ടാക്സേഷന്‍, ബാങ്കിങ്ങ് ആന്‍ഡ് ഇന്‍ഷുറന്‍സ് സര്‍വീസസ്, അക്വാകള്‍ച്ചര്‍,ലാബ് ടെക്നിഷ്യന്‍ കോഴ്സ്, ലൈഫ് സ്റ്റോക് കോഴ്സ് എന്നിങ്ങനെ നീളുന്നു വിഎച്ച്എസ്ഇയിലെ തൊഴിലധിഷ്ഠിത കോഴ്സുകള്‍. നിരവധി തൊഴില്‍ സാധ്യതയുള്ള കോഴ്സുകളാണ് ബഹുഭൂരിപക്ഷവും. എന്നാല്‍ എല്ലാ സ്കൂളുകളിലും എല്ലാ കോഴ്സും ലഭ്യമല്ല. ഓരോ സ്കൂളിലും ലഭ്യമായ കോഴ്സുകള്‍ നോക്കി വേണം പ്രവേശനം തേടാന്‍. വൊക്കേഷണല്‍ കോഴ്സുകള്‍ പലതും പിഎസ് സി അംഗീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ കൃഷി വകുപ്പിലെ ബഹുഭൂരിപക്ഷം കൃഷി അസ്സിസ്റ്റന്‍മാരും വിഎച്ച്എസ്ഇ കോഴ്സ് കഴിഞ്ഞവരാണ്.
ഇംഗ്ലീഷും ജനറല്‍ ഫൗണ്ടേഷന് കോഴ്സും അടങ്ങുന്നതാണ് വിഎച്ച്എസ്ഇ കോഴ്സ് ഘടനയുടെ നിര്‍ബന്ധിത പാര്‍ട്ട് 1. വൊക്കേഷണല്‍ വിഷയങ്ങളുടെ തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടുന്നതാണ് പാര്‍ട്ട് 2. പാര്‍ട്ട് 3 ഓപ്ഷണലാണ്. ഇതില്‍ സാധാരണ ഹയര്‍ സെക്കന്‍ഡറി കോഴ്സിലെ നാലു കോംബിനേഷനുകളില്‍ നിന്ന് ഒരെണ്ണം തിരഞ്ഞെടുക്കാം. ഇതില്‍ ഫിസിക്സ്, കെമിസ്ട്രി, ബയോളജി അടങ്ങിയ ഗ്രൂപ്പ് ബി ഓപ്ഷണലായി തിരഞ്ഞെടുക്കുന്നവര്‍ക്ക് അധിക വിഷയമായി കണക്കും പഠിക്കാന്‍ അവസരമുണ്ട്. ഇത് പഠിക്കുന്നവര്‍ക്ക് മെഡിക്കല്‍, എന്‍ജിനീയറിങ്ങ് പ്രവേശന പരീക്ഷകള്‍ എഴുതാവുന്നതാണ്.
തൊഴിലവസരങ്ങളെ കുറിച്ചും ഉന്നത വിദ്യാഭ്യാസ സാധ്യതകളെ കുറിച്ചുമൊക്കെ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നതിനും വിദ്യാര്‍ത്ഥികളുടെ വ്യക്തിപരമായ പ്രശ്നങ്ങളടക്കം അഭിസംബോധന ചെയ്യുന്നതിനും എല്ലാ വിഎച്ച്എസ്ഇ സ്കൂളുകളിലും കരിയര്‍ കൗണ്‍സിലിങ്ങ് സെന്ററുകള്‍ രൂപീകരിച്ചിട്ടുണ്ട്. ചുരുങ്ങിയ കാലത്തെ പരിശ്രമംകൊണ്ട് ഏതെങ്കിലും തൊഴില്‍ മേഖലയില്‍ എത്തിച്ചേരണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയതാണ് വിഎച്ച്എസ്ഇ.