
Vidya Bibin
May 02,2020
9:19am
പത്താം ക്ലാസിലെ ഗുസ്തി
പത്താം ക്ലാസും ഗുസ്തിയും. വിദ്യാഭ്യാസ യോഗ്യത അല്പം കുറഞ്ഞവരെ അടയാളപ്പെടുത്തുന്ന മലയാളത്തിലെ പഴകിപ്പതിഞ്ഞ ഒരു പ്രയോഗമാണിത്. ഓ, അവനൊക്കെ വെറും പത്താം ക്ലാസും ഗുസ്തിയുമല്ലേ എന്ന പുച്ഛസ്വരത്തില്‍ നാം ഈ പറച്ചില് കേട്ടിട്ടുണ്ട്. വെറും പത്താം ക്ലാസും ഗുസ്തിയുമായി തുടങ്ങി ഞാന്‍ ഉണ്ടാക്കിയതാണ് ഇക്കണ്ട സ്വത്തുക്കളൊക്കെ എന്ന് തെല്ലൊരു അഭിമാനത്തോടെ പറയുന്ന കഥാപാത്രങ്ങളെയും നാം കണ്ടിട്ടുണ്ടാകാം. അത്യാവശ്യത്തിന് വിദ്യാഭ്യാസവും എന്തും ചെയ്യാനുള്ള കൈക്കരുത്തുമായി ലോകത്തെ നേരിടാന്‍ ഇറങ്ങിതിരിച്ചവരെ പൊതുവായി പറയാന്‍ പണ്ടാരോ കണ്ടു പിടിച്ച ഉശിരന്‍ പ്രയോഗം എന്ന് കരുതിയാല്‍ മതി.
പത്താം ക്ലാസ് കഴിഞ്ഞാലും തരക്കേടില്ലാത്ത ജോലി കിട്ടുന്ന ഒരു കാലമുണ്ടായിരുന്നു എന്നതിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ പ്രയോഗം. എന്നാല്‍ ഇന്നിപ്പോള്‍ പത്താം ക്ലാസിലെത്തുമ്പോഴാണ് നാമെല്ലാവരും നമ്മുടെ കരിയറുമായിട്ടുള്ള ഗുസ്തി പിടുത്തം ആരംഭിക്കുന്നത്. ഇവിടെ വച്ചാണ് വിദ്യാര്‍ത്ഥി ജീവിതത്തില്‍ ആദ്യമായി നാം ഒരു സുപ്രധാന തിരഞ്ഞെടുപ്പ് നടത്തുന്നത്. പത്താം ക്ലാസ് കഴിഞ്ഞാല്‍ ഇനിയെന്ത് എന്ന ചോദ്യം വിദ്യാര്‍ത്ഥികളെയും മാതാപിതാക്കളെയും ഒരു പോലെ വേട്ടയാടുന്ന ഒന്നാണ്.
പ്രീഡിഗ്രി പോയി പ്ലസ്ടു വന്ന് സ്കൂള്‍ ജീവിതം രണ്ട് വര്‍ഷം കൂടി ദീര്‍ഘിപ്പിച്ചതില്‍ പിന്നെ പത്താം ക്ലാസിന്റെ പകിട്ട് അല്പം കുറഞ്ഞിട്ടുണ്ട് എന്നത് സത്യമാണ്. എന്നിരുന്നാലും ജീവിതത്തിലെ ഒരു വഴിത്തിരിവ് എന്ന നിലയില്‍ പത്താം ക്ലാസ് പ്രധാനമാണ്.
സയന്‍സ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് എന്നിങ്ങനെ പ്രധാനമായും മൂന്ന് ഓപ്ഷനുകളാണ് പത്താം ക്ലാസ് കഴിഞ്ഞുള്ള ഹയര്‍ സെക്കന്‍ഡറി പഠനത്തിനായി നമ്മുടെ മുന്നിലുള്ളത്. ഇതില്‍ ഏറ്റവുമധികം വിദ്യാര്‍ത്ഥികള്‍ തിരഞ്ഞെടുക്കുന്നതും അഡ്മിഷന് വലിയ ഡിമാന്‍ഡ് ഉള്ളതുമാണ് സയന്‍സ് ഗ്രൂപ്പ്.
ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ബയോളജി, ഹോംസയന്‍സ്, ജിയോളജി, കംപ്യൂട്ടര്‍ സയന്‍സ്, സ്റ്റാറ്റിസ്റ്റിക്സ്, സൈക്കോളജി, ഇലക്ട്രോണിക്സ് എന്നീ വിഷയങ്ങളില്‍ നിന്ന് നാലെണ്ണവും ഇംഗ്ലീഷും മറ്റൊരു ഭാഷ ഇലക്ടീവുമാണ് സയന്‍സ് ഗ്രൂപ്പിലെ വിദ്യാര്‍ത്ഥികള്‍ പഠിക്കേണ്ടത്. ഒന്‍പതോളം സബ്ജക്ട് കോമ്പിനേഷനുകളാണ് കേരള സിലിബസിലെ ഹയര്‍ സെക്കന്‍ഡറിയില്‍ ഉള്ളത്. എല്ലാ സ്കൂളുകളിലും എല്ലാം കോമ്പിനേഷനുകളും ലഭ്യമായെന്ന് വരില്ല.
മെഡിസിന്, എന്‍ജിനീയറിങ്ങ്, നഴ്സിങ്ങ്, ബിഫാം, വെറ്റിനറി സയന്‍സ്, ബയോടെക്നോളജി, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, പോളിടെക്നിക്കിലെ എന്‍ജിനീയറിങ്ങ് ഡിപ്ലോമ എന്നിങ്ങനെ സയന്‍സ് ഗ്രൂപ്പ് എടുത്തവര്‍ക്ക് മുന്നിലെ ഓപ്ഷനുകള്‍ നിരവധിയാണ്. ജേണലിസവും, സോഷ്യോളജിയും, എക്കണോമിക്സും അടക്കമുള്ള ആര്‍ട്സ് വിഷയങ്ങള്‍ ബിരുദതലത്തില്‍ പഠിക്കാനും സയന്‍സ് ഗ്രൂപ്പ് തടസ്സമല്ല.
കൊമേഴ്സ് ഗ്രൂപ്പില്‍ ബിസിനസ്സ് സ്റ്റഡീസ്, അക്കൗണ്ടന്‍സി, ഇക്കണോമിക്സ് എന്നിവയ്ക്ക് പുറമേ മാത്സ്, സ്റ്റാറ്റിസ്റ്റിക്സ്, പൊളിറ്റിക്സ്, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ഇവയില്‍ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാം. ഇവയ്ക്കൊപ്പം രണ്ട് ഭാഷകളും പഠിക്കേണ്ടി വരും. ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി, കോസ്റ്റ് അക്കൗണ്ടിങ്ങ്, കമ്പനി സെക്രട്ടറി, മാനേജ്മെന്റ്, കംപ്യൂട്ടര്‍, സെക്രട്ടറിയല്‍ കോഴ്സുകള്‍, ബാങ്കിങ്ങ്, ഇന്‍ഷുറന്‍സ്, ഐടി, മാനേജ്മെന്റ്, ഫിനാന്‍സ് എന്നിങ്ങനെ കൊമേഴ്സുകാര്‍ക്ക് മുന്നിലും സാധ്യതകള്‍ നിരവധിയാണ്.
ഏറ്റവും അധികം ഓപ്ഷനുകളുള്ളതെന്നും എന്നാല്‍ പൊതുവേ കുറച്ച് കാലം മുന്‍പ് വരെ ഡിമാന്‍ഡ് കുറവുള്ളതുമായ ഗ്രൂപ്പായിരുന്നു ഹ്യുമാനിറ്റീസ്. എന്നാല്‍ മാറിവരുന്ന തൊഴില്‍സാഹചര്യങ്ങള്‍ ഹ്യുമാനിറ്റീസ് അനുബന്ധ കോഴ്സുകള്‍ക്ക് കൂടുതല്‍ പ്രിയമുണ്ടാക്കിയിട്ടുണ്ട്. ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്സ്, ജിയോഗ്രഫി, സോഷ്യോളജി, ജിയോളജി, ഗാന്ധിയന്‍ സ്റ്റഡീസ്, സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, ഇസ്ലാമിക് ഹിസ്റ്ററി, ഫിലോസഫി, ആന്ത്രപോളജി, സ്റ്റാറ്റിസ്റ്റിക്സ് , അറബി, ഹിന്ദി, ഉര്‍ദു, കന്നഡ, തമിഴ്, സംസ്കൃത സാഹിത്യം, സംസ്കൃത ശാസ്ത്രം, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ജേണലിസം, ഇംഗ്ലീഷ് സാഹിത്യം, മ്യൂസിക്, മലയാളം എന്നിവയില്‍ ഏതെങ്കിലും നാല് വിഷയങ്ങളും രണ്ട് ഭാഷാ വിഷയവുമാണ് ഹ്യുമാനിറ്റീസ് ഗ്രൂപ്പില്‍ ഉള്ളത്.
ഹിസ്റ്ററി, സോഷ്യോളജി, ജിയോഗ്രഫി തുടങ്ങിയ വിഷയങ്ങളൊക്കെ ഇലക്ടീവുകളായതിനാല്‍ പലപ്പോഴും സിവില്‍ സര്‍വീസ് പരീക്ഷ എഴുതാന്‍ ആഗ്രഹിക്കുന്നവര്‍ ഹ്യുമാനിറ്റീസ് ഗ്രൂപ്പില്‍ ചേരാറുണ്ട്. വിഷയങ്ങളുടെ ബാഹുല്യം ഉപരിപഠന സാധ്യതയും കൂട്ടുന്നു.
ഇനി പെട്ടെന്ന് ജോലി വേണമെന്നുള്ളവര്‍ക്ക് ഐടിഐ, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി തുടങ്ങിയ കോഴ്സുകളിലും ചേരാം. എന്ത് പഠിച്ചാലും തൊഴില്‍ സാധ്യതകളുണ്ട്. പക്ഷേ, എവിടെ, എങ്ങനെ പഠിക്കുന്നു എന്നതും പഠിക്കുന്ന വിഷയത്തോടുള്ള ആഭിമുഖ്യവും പ്രധാനമാണ്.
ഇനി ഇത്രയും പ്രധാനപ്പെട്ട വഴിത്തിരിവായ പത്താം ക്ലാസ് പരീക്ഷ തോറ്റ് പോയെന്ന് വിചാരിക്കുക. ഇത് ലോകാവസാനമൊന്നുമല്ല എന്നതും മനസ്സിലാക്കുക. പത്താം ക്ലാസില്‍ പരാജയപ്പെട്ടവരും കഷ്ടിച്ച് കടന്ന് കൂടിയവരുമൊക്കെ പിന്നീട് ജീവിതത്തില്‍ വിജയിച്ച കഥകള്‍ നാം കേട്ടിട്ടുണ്ട്. നല്ല സ്കൂളുകളില്‍ പ്ലസ് ടുവിന് അഡ്മിഷന് കിട്ടാന്‍ പത്താം ക്ലാസിലെ മാര്‍ക്ക് അനിവാര്യമാണെങ്കിലും ബിരുദതലത്തില്‍ നിങ്ങള്‍ തുടങ്ങാന്‍ പോകുന്ന കരിയര്‍ അനുബന്ധ കോഴ്സിന് പത്തിലെ മാര്‍ക്ക് എവിടെയും മാനദണ്ഡമാകാറില്ല. അതു കൊണ്ട് പത്താം ക്ലാസില്‍ അല്പം മാര്‍ക്ക് കുറഞ്ഞു എന്ന് വച്ച് പേടിക്കണ്ട. എല്ലാം ശരിയാക്കാന്‍ ഇനിയും കടമ്പകള്‍ ജീവിതത്തിന് മുന്നില്‍ നീണ്ടു നിവര്‍ന്ന് കിടക്കുന്നു.