
StudyatChanakya Admin
Jul 31,2021
9:36am
പേര് കേട്ടാൽ ഓക്കാനം വന്നേക്കാം. എന്നാൽ വില കേട്ടാൽ ഞെട്ടും. പറഞ്ഞു വരുന്നതു കടലിലെ നിധി, ഒഴുകുന്ന സ്വർണം എന്നൊക്കെ വിശേഷിപ്പിക്കാറുള്ള തിമിംഗല ഛർദ്ദിയെ കുറിച്ചാണ്.
ആംബർഗ്രിസ് (Ambergris )എന്നാണു തിമിംഗല ഛർദ്ദിയെ ഇംഗ്ലിഷിൽ വിളിക്കാറ്. എണ്ണത്തിമിംഗലത്തിൽ (Sperm whale) നിന്നു ലഭിക്കുന്ന ഒരു പ്രകൃതിദത്ത ഉൽപന്നമാണ് ഇത്. പല്ലുള്ള തിമിംഗിലങ്ങളിൽ ഏറ്റവും വലിയ ഇരപിടിയൻ ജീവിയാണ് എണ്ണത്തിമിംഗിലം. ശാസ്ത്ര നാമം Physeter macrocephalus. വലുപ്പത്തിന്റെ കാര്യത്തിൽ ഇവർ രാജാക്കൻമാരാണ്. പ്രായപൂർത്തിയായ ആൺതിമിംഗലങ്ങൾക്കു 50000 കിലോയോളം തൂക്കവും 20 മീറ്ററോളം നീളവും വയ്ക്കും. ഇവയുടെ ശരീരത്തിന്റെ മൂന്നിലൊന്നു ഭാഗം തലയാണ്. ഏറ്റവും ഭാരമുള്ള തലച്ചോറിന് ഉടമകളാണിവർ. ഏകദേശം 8-9 കിലോയോളം ഭാരമുണ്ട് തലച്ചോറിന്.
തന്റെ വലുപ്പം പോലെ തന്നെ ഒന്നൊന്നര വിശപ്പാണു കക്ഷിക്ക്. പ്രായപൂർത്തിയായ എണ്ണത്തിമിംഗലത്തിന് ദിവസം ഒരു ടൺ ആഹാരം അകത്താക്കാൻ സാധിക്കും. മൽസ്യം, കൂന്തൽ, കണവ തുടങ്ങിയവയാണ് മുഖ്യാഹാരം. ഇത്തരം ജീവികളുടെ കട്ടിയുള്ള ഭാഗങ്ങൾ കൊണ്ട് കുടലിനു മുറിവേൽക്കാതിരിക്കാൻ തിമിംഗലത്തിന്റെ പാൻക്രിയാസ് ഗ്രന്ഥി കൊളസ്ട്രോൾ പോലുള്ള സ്രവം ഉൽപാദിപ്പിക്കുന്നു. ഇത് ദഹിക്കാതെ കിടക്കുന്ന വസ്തുക്കളെ ആവരണം ചെയ്യും. ക്രമേണ ഇത് പാറപൊലുള്ള ഒരു വസ്തുവായി മാറുന്നു. അപൂർവമായി ഈ വിസർജ്യ വസ്തു പുറന്തള്ളപ്പെടും. ഇതാണ് ആംബർഗ്രിസ്. അത്യപൂർവമായി മാത്രമേ ഈ പ്രവർത്തനം സംഭവിക്കാറുള്ളൂ. മാത്രമല്ല വെറും ഒരു ശതമാനം എണ്ണത്തിമിംഗലങ്ങളിലാണ് ഈ പ്രക്രിയ നടക്കുന്നത്.
കടലിലൂടെ ഒഴുകി നടക്കുന്ന ഈ വിസർജ്യ വസ്തുവിനു രൂക്ഷഗന്ധമാണ്. എന്നാൽ വർഷങ്ങൾ കൊണ്ട് ഓക്സീകരണത്തിന്റെയും മറ്റും ഫലമായി ഇതിനു പതിയെ സുഗന്ധം വരും. ഇങ്ങനെ രൂപപ്പെടുന്ന ആംബർഗ്രിസിനു വൻ ഡിമാൻഡാണ്. ഗുണനിലവാരമനുസരിച്ച് ഒരു കിലോയ്ക്കു രാജ്യാന്തര വിപണിയിൽ ഒരു കോടി രൂപയ്ക്കു മുകളിൽ വില ലഭിക്കും. അതായത് സ്വർണത്തേക്കാൾ വിലയുണ്ടെന്നു ചുരുക്കം. ഒഴുകുന്ന സ്വർണം എന്നു വിശേഷിപ്പിക്കാനുള്ള കാരണവും ഇതു തന്നെ.
സുഗന്ധ ലേപനങ്ങളിലാണ് ആംബർഗ്രിസ് പ്രധാനമായും ഉപയോഗിക്കുന്നത്. ഇതു ചേർക്കുന്നതോടെ സുഗന്ധദ്രവ്യങ്ങളുടെ സുഗന്ധം ഏറെ നേരം നീണ്ടുനിൽക്കും. സുഗന്ധദ്രവ്യവിപണിയില്‍ ആംബര്‍ഗ്രിസിന് ആവശ്യകത കൂടാനുള്ള കാരണമിതാണ്. പല ആഡംബര പെർഫ്യൂമുകളിലും ആംമ്പര്‍ഗ്രിസ് അടങ്ങിയിട്ടുണ്ട്. ഔഷധ നിർമാണത്തിനും ഇത് ഉപയോഗപ്പെടുത്താറുണ്ട്.
ഇനി അൽപം ആംബർഗ്രിസ് വിറ്റ് കാശുകാരാകാം എന്നൊന്നും വിചാരിക്കല്ലേ. വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ടിന്റെ ഷെഡ്യൂള്‍ രണ്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഈ വസ്തു കൈവശം വയ്ക്കുന്നത് ഇന്ത്യയിൽ ശിക്ഷാര്‍ഹമാണ്. 30 കോടി വിലമതിക്കുന്ന ആംബർഗ്രിസ് വിൽക്കാൻ ശ്രമിച്ചതിനു മൂന്നു പേർ തൃശൂരിൽ അറസ്റ്റിലായത് അടുത്തിടെയാണ്. ഓസ്ട്രേലിയ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലും ഇതിന്റെ വ്യാപാരം നിരോധിച്ചിട്ടുണ്ട്. എന്നാൽ ഇംഗ്ലണ്ട്, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ ഇതിന്റെ വ്യാപാരം ഇപ്പോഴും നിയമവിധേയമാണ്.